കോഴിക്കോട്: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്ഫെഡ്) സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ബില്‍ഡ് എക്സ്പോയ്ക്ക് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നാളെ (ശനി) തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 5000 എന്‍ജിനിയര്‍മാര്‍ പങ്കെടുക്കും. കൂടാതെ കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, ആര്‍ക്കിടെക്റ്റുമാര്‍, എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ച്ചര്‍ വിദ്യര്‍ഥികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
ശനി രാവിലെ 8.30ന് ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സിഎസ് വിനോദ്കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ എക്സ്പോയ്ക്ക്് തുടക്കമാവും. രാവിലെ 9ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് എക്സ്പോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സിഎസ് വിനോദ്കുമാര്‍ അധ്യക്ഷത വഹിക്കും. സ്റ്റാളുകളുടെ ഉദ്ഘാടനം മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വ്വഹിക്കും. ലെന്‍സ്ഫെഡ് പവലിയന്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എംകെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 250 സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക. എക്സ്പോയുടെ ഭാഗമായി നടക്കുന്ന ബിസിനസ് സമ്മിറ്റില്‍ രാജ്യത്തിനകത്തും നിന്നും പുറത്തു നിന്നുമായി 150 ബിസിനസുകാര്‍ പങ്കെടുക്കും. സെമിനാറുകള്‍, ചര്‍ച്ചകള്‍, എന്‍ജിനിയര്‍മാരുടെയും കരാറുകാരുടെയും ബില്‍ഡര്‍മാരുടെയും വിദ്യാര്‍ഥികളുടെയും സംഗമങ്ങള്‍, അവാര്‍ഡ് ദാനം, ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവയും നടക്കും. ഫുഡ്കോര്‍ട്ടുമുണ്ടാവും. നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധര്‍, കരാറുകാര്‍, വ്യവസായികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം ഉപകാരപ്രദമായ രീതിയിലാണ് എക്സ്പോ ഒരുക്കിയിരിക്കുന്നതെന്ന് ലെന്‍സ്ഫെഡ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ 10 മുതല്‍ രാത്രി 9 മണി വരെയാണ് പ്രദര്‍ശനം. ലെന്‍സ്ഫെഡ് സംസ്ഥാന കമ്മിറ്റിയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സിഎസ് വിനോദ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, എക്സ്പോ കമ്മിറ്റി ചെയര്‍മാന്‍ കെ ഇ മുഹമ്മദ് ഫസല്‍, ജനറല്‍ കണ്‍വീനര്‍ എ സി മധുസൂദനന്‍, ജില്ലാ പ്രസിഡന്റ് സിഎച്ച് ഹാരിസ്, ജില്ലാ സെക്രട്ടറി മനോജ് വി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ലെന്‍സ്ഫെഡ് ഗ്ലോബല്‍ ബില്‍ഡ് എക്സ്പോ നാളെ (ശനി) മുതല്‍
