ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷക്ക് നേരെയുള്ള ആക്രമണമാണ് താമരശ്ശേരിയില്‍ നടന്നത് അസുഖബാധിതയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവാണ് നിരപരാധിയായ ഒരു ഡോക്ടറെ തലയ്ക്ക് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണ്. ഡോ.വന്ദനദാസിന്റെ കൊലപാതകം കേരളത്തെ ഞെട്ടിച്ചതാണ്. ആ സംഭവത്തോട്കൂടിയെങ്കിലും അധികൃതരുടെ കണ്ണ് തിറന്നിരുന്നെങ്കില് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലായിരുന്നു. ആശുപത്രികളില്‍ സുരക്ഷയൊരുക്കുമെന്ന കാര്യത്തിന്റെ മേല്‍ സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണടയ്ക്കരുത്. സര്‍ക്കാരാശുപത്രികളിലെ ഡോക്ടര്‍മാരും, നഴ്സ്മാരും വളരെ വലിയ ഉത്തരവാദിത്തമാണ് നിര്‍വ്വഹിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് തന്നെയാണ് ഇതിന് കാരണം. ഡോക്ടര്‍മാര്‍ക്ക് വളരെ കുറഞ്ഞ സമയം മാത്രമാണ് രോഗികളെ പരിശോധിക്കാനാവുന്നത്. രോഗികളില്‍ തന്നെ പലവിധക്കാരുണ്ട്. രോഗികളുടെ കൂടെ വരുന്നവരും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായിട്ടുള്ളത് ആശുപത്രികളിലെ സുരക്ഷാ സംവിധാനം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി കണ്ണ് തുറക്കണം. ആശുപത്രികളില്‍ സിസിടിവികള്‍ സ്ഥാപിക്കുക, ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെയും, പൊലീസ് സുരക്ഷയും ഉറപ്പാക്കുക, ആശുപത്രികളിലെത്തുന്നവരോട് ആവശ്യമായ വിവരങ്ങള്‍ അന്വേഷിച്ച് ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കുക എന്നിത്യാദി കാര്യങ്ങള്‍ ഇനിമുതലെങ്കിലും കര്‍ശനമാക്കണം.
തദ്ദേശ ഭരണ പ്രതിനിധികള്‍ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, പൊലീസ് ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ കൗണ്‍സിലും ഓരോ ആശുപത്രികള്‍ കേന്ദ്രീകരിച്ചും രൂപീകരിച്ച് പ്രവര്‍ത്തിക്കുകയും കാര്യങ്ങള്‍ യഥാക്രമം വിലയിരുത്തുകയും വേണം. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ അനുദിനം മെച്ചപ്പെടുന്നുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍, നഴ്സ്, മറ്റ് ജീവനക്കാരുടെ ദൗര്‍ലഭ്യം പ്രകടമാണ്. ഇക്കാര്യത്തില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി മൂന്ന് മാസം കൂടുമ്പോഴെങ്കിലും ആശുപത്രികളുടെ സുരക്ഷ വിലയിരുത്തുന്ന സാഹചര്യമുണ്ടാകണം. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അമാന്തിക്കരുത്.
