യുപിഐ ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കി എന്‍ പി സി ഐ

യുപിഐ ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കി എന്‍ പി സി ഐ

കോഴിക്കോട്: യുപിഐ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ഉള്‍പ്പെടെ മൂന്ന് പുതിയ ഫീച്ചറുകള്‍ നടപ്പാക്കി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. നിലവില്‍ യുപിഐ ഇടപാടുകളില്‍ പിന്‍ സംവിധാനമാണ് ഉള്ളത്. പിന്‍ പ്രക്രിയയോടൊപ്പം ഇടപാട് കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമാക്കാന്‍ ഫേഷ്യല്‍, ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ പരിഷ്‌കാരം. യുപിഐ വെരിഫിക്കേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ പുതിയ ഫീച്ചറായ ബയോമെട്രിക് ഓതന്റിക്കേഷന്‍ കൊണ്ടുവന്നത്. ഇതനുസരിച്ച് ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ അവരുടെ യുപിഐ ആപ്പുകളില്‍ ഇന്നുമുതല്‍ മാറ്റം വരുത്തുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

പേയ്‌മെന്റുകള്‍ ലളിതവും കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതുമാക്കുന്നതിനായി ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം നാഗരാജു മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025ല്‍ ആണ് മൂന്ന് ഫീച്ചറുകളും പ്രഖ്യാപിച്ചത്.രാജ്യത്തെ തിരിച്ചറിയല്‍ സംവിധാനമായ ആധാറിന്റെ അടിസ്ഥാനത്തിലാണ്് ബയോമെട്രിക് ഓതന്റിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. യുപിഐ ഇടപാടുകള്‍ക്കുള്ള ഓണ്‍-ഡിവൈസ് ബയോമെട്രിക് ഓതന്റിക്കേഷന്‍, യുപിഐ പിന്‍ സജ്ജീകരിക്കുന്നതിനോ പുനഃസജ്ജമാക്കുന്നതിനോ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് റെക്കഗിനേഷന്‍, ബിസിനസ് കറസ്‌പോണ്ടന്റ് വഴി യുപിഐ ഉപയോഗിച്ച് മൈക്രോ എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കല്‍ എന്നിവയാണ് ഈ മാറ്റങ്ങള്‍.

യുപിഐ പിന്നിന് പകരം സ്മാര്‍ട്ട്‌ഫോണിന്റെ ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്സ്് അണ്‍ലോക്ക് ഉപയോഗിച്ച് പേയ്‌മെന്റുകള്‍ അന്തിമമാക്കാന്‍ ഓണ്‍-ഡിവൈസ് ബയോമെട്രിക് ഓപ്ഷനിലൂടെ സാധ്യമാകും. സുരക്ഷിതവും വേഗമേറിയതുമായ ഇടപാടുകള്‍ ഉറപ്പാക്കാന്‍ ക്രിപ്‌റ്റോഗ്രാഫിക് പരിശോധന ബാങ്കുകള്‍ ഉറപ്പാക്കുന്നു.

ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങളുടെയോ ഒടിപികളുടെയോ ആവശ്യകത ഇല്ലാതെ തന്നെ യുപിഐ പിന്‍ സജ്ജീകരിക്കാനോ പുനഃസജ്ജമാക്കാനോ ഉപയോക്താക്കളെ സഹായിക്കുന്ന രീതിയിലാണ് രണ്ടാമത്തെ ഫീച്ചര്‍. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് റെക്കഗിനേഷന്‍ വഴിയാണ് ഇത് ചെയ്യാന്‍ സാധിക്കുന്നത്. യുഐഡിഎഐയുടെ ഫെയ്സ്ആര്‍ഡി ആപ്പ് വഴി ഫേഷ്യല്‍ വെരിഫിക്കേഷന്‍ വഴിയാണ് ഇത് ചെയ്യേണ്ടത്. ഉപയോക്താക്കള്‍ക്ക് ആധാര്‍ ഒടിപി സ്ഥിരീകരണ പ്രക്രിയയ്ക്ക് പകരം ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്സ്് ഓതന്റിക്കേഷന്‍ വഴി യുപിഐ പിന്‍ മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യമായി ഉപയോഗിക്കുന്നവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും

ബിസിനസ് കറസ്‌പോണ്ടന്റ് വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ആപ്പ് വഴി പണം പിന്‍വലിക്കുന്നതാണ് മൂന്നാമത്തെ ഫീച്ചര്‍. ഗ്രാമപ്രദേശങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും.
ഉപയോക്താവിന്റെ ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍, യുപിഐയുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളെയും പിന്‍ നമ്പറുമായി ബന്ധപ്പെട്ട വഞ്ചനയെയും ചെറുക്കാന്‍ ഇത് സഹായിക്കുമെന്ന് എന്‍പിസിഐ ഉറപ്പുനല്‍കുന്നു. ഇതിലൂടെ യുപിഐ ഡിജിറ്റല്‍ പേയ്മെന്റ് സിസ്റ്റത്തിലെ ഏറ്റവും വലിയ സുരക്ഷാ അപ്ഡേറ്റാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ചത്.

 

 

യുപിഐ ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കി എന്‍ പി സി ഐ

 

Share

Leave a Reply

Your email address will not be published. Required fields are marked *