കല്‍പ്പറ്റ : വയനാട്ടിലെ ഒന്നിലധികം സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് പകരം രക്ഷിതാക്കള്‍ ക്ലാസെടുക്കുന്ന സ്ഥിതിവിശേഷമാണ്. ഒന്നരവര്‍ഷം മുന്‍പ് യുപി അനുവദിച്ച മൂന്ന് സ്‌കൂളുകളിലും ഓരോ താല്‍ക്കാലിക അധ്യാപകരെ മാത്രമാണ് പഠിപ്പിക്കാന്‍ നിയോഗിച്ചിരുന്നത്. അധ്യാപകര്‍ ഇല്ലാത്തതിനാല്‍ രക്ഷിതാക്കള്‍ പണം പിരിച്ച് ഒരു രക്ഷിതാവിനെ പഠിപ്പിക്കാന്‍ നിയോഗിച്ചിരിക്കുകയാണെന്ന് ടി. സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ രക്ഷിതാക്കള്‍ തന്നെ പഠിപ്പിക്കേണ്ട സ്ഥിതി ദയനീയമൊന്ന് അദ്ദേഹം തുറന്നടിച്ചു. പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളാണിത്. സര്‍ക്കാരോ, വിദ്യാഭ്യാസ വകുപ്പോ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും അടിസ്ഥാന വിദ്യാഭ്യാസം ലാഭം നോക്കി നടത്തരുതെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എല്ലാ മേഖലയിലും വയനാടിനെ അരികുവല്‍ക്കരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണണം. ലാഭകരമല്ലാത്ത സ്‌കൂളുകള്‍ എന്ന പേരില്‍ സംസ്ഥാനത്ത് പ്രത്യേകിച്ച് മലബാറില്‍ വ്യാപകമായി സ്‌കൂളുകള്‍ അടച്ച് പൂട്ടുകയാണ്. ഒരു വിദ്യാര്‍ത്ഥി ആണെങ്കില്‍ പോലും സ്‌കൂള്‍ നില നിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അടിസ്ഥാന വിദ്യാഭ്യാസം ലാഭം നോക്കി നടത്തേണ്ട ഒന്നല്ല. വിദ്യാഭ്യാസം അവകാശമാണ്.
വയനാടിന്റെ പിന്നോക്കാവസ്ഥയ്ക്ക് വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ വലിയ കാരണമാണ്. അത് പരിഹരിച്ചേ മതിയാവൂ വയനാടിന്റെ സമഗ്ര വികസനത്തിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം അനിവാര്യമാണെന്നും ടി.സിദ്ദീഖ് പ്രസ്താവിച്ചു.
സര്‍ക്കാര്‍ സ്‌കൂളില്‍അധ്യാപനത്തിന് രക്ഷിതാക്കളോ?
