റിയാദ്: സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാര്‍ രാജ്യത്ത് നിയന്ത്രണമുള്ള മരുന്നുകള്‍ കൊണ്ടുവരാന്‍ ഓണ്‍ലൈന്‍ വഴി ക്ലിയറന്‍സ് പെര്‍മിറ്റ് നേടിയെടുക്കണമെന്ന് സൗദി അധികൃതര്‍. നിയന്ത്രിച്ച മരുന്നുകള്‍ കൈവശം വെച്ച് സൗദിയിലേക്ക് വരുന്നവര്‍ https://cds.sfda.gov.sa എന്ന ലിങ്ക് വഴി ക്ലിയറന്‍സ് പെര്‍മിറ്റ് നേടണമെന്നും നവംബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍(ഗാക്ക) മുഴുവന്‍ വിമാന കമ്പനികള്‍ക്കും ട്രാവല്‍സ് അധികൃതര്‍ക്കും മുന്നറിയിപ്പ് നല്കി. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. യാത്ര കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.ഏകീകൃതവും സമഗ്രവുമായ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി അനധികൃത മരുന്ന് കടത്ത് തടയാനും അംഗീകൃത നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കുന്നത് ഉറപ്പാക്കാനുമാണ് പുതിയ നീക്കം.
ഗാക്ക പുറത്തിറക്കിയ സര്‍ക്കുലറില്‍ സൗദിയിലേക്ക് വരുന്ന രോഗികളോ അവര്‍ക്ക് വേണ്ടി മരുന്ന് കൊണ്ടുവരുന്നവരോ ക്ലിയറന്‍സ് പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചു കൊണ്ടുള്ള നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. സിവില്‍ വ്യോമയാന നിയമത്തിലെ ആര്‍ട്ടിക്കിള്‍ 23 മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവക്കെതിരായ പോരാട്ട നിയന്ത്രണം നടപ്പിലാക്കുന്നതിനുള്ള നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11 ലെ ക്ളോസ് ഒന്ന് എന്നിവയുടെ റഫറന്‍സിലാണ് അറിയിപ്പ് നല്‍കിയത്. കണ്ട്രോള് ട്രഗ് സിസ്റ്റം (സി.ഡി.എസ്) ഇലക്ട്രോണിക്സ് പ്ലാറ്റ്ഫോം വഴി സൗദിയിലെ നിയന്ത്രിത മരുന്നുകള്‍ക്ക് ക്ലിയറന്‍സ് നേടിയെടുക്കണമെന്ന് എല്ലാ എയര്‍ലൈനുകളും ഉറപ്പാക്കണമെന്നും ‘ഗാക്ക’ നിര്‍ദേശം നല്കി.നാര്‍ക്കോട്ടിക് വിഭാഗത്തില്‍ പെടുന്നതും സൈക്യാട്രി മരുന്നുകളുമാണ് കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കുക. ഏതൊക്കെ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാം, കൊണ്ടുവരാവുന്ന അളവുകള്‍ എത്രയാണ് എന്നതുള്‍പ്പെടെ അനുവദനീയമായ മരുന്നുകളുടെ അളവുകളുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ വിവരങ്ങളും സി.ഡി.എസ് വെബ്സൈറ്റില്‍ ലഭ്യമാണ്. സൗദിയില്‍ അംഗീകൃതമായ നാര്‍ക്കോട്ടിക്, സൈക്കോട്രോപിക് പദാര്‍ഥങ്ങള്‍ അടങ്ങിയവ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ പൂര്‍ണ വിവരങ്ങള്‍ ഇതിലുണ്ട്. യാത്രക്കാര്‍ക്ക് സി.ഡി.എസ് പ്ലാറ്റ്ഫോം വഴി ഒരു വ്യക്തിഗത അക്കൗണ്ട് ഉണ്ടാക്കി രോഗിയുടെ വിശദാംശങ്ങളും യാത്രാ വിവരങ്ങളും അടങ്ങിയ ഒരു ഇലക്ട്രോണിക് ക്ലിയറന്‍സ് പെര്‍മിറ്റ്ന് അപേക്ഷിക്കാം. ഡോക്ടറുടെ കുറിപ്പടി, മെഡിക്കല്‍ റിപ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയ അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്താണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്.
