സാഹിത്യ നഗരത്തിന്റെ പരിപോഷണത്തിന് സമൂഹം കൈകോര്‍ക്കണം (എഡിറ്റോറിയല്‍)

സാഹിത്യ നഗരത്തിന്റെ പരിപോഷണത്തിന് സമൂഹം കൈകോര്‍ക്കണം (എഡിറ്റോറിയല്‍)

പി.ടി.നിസാര്‍

       2023 ഒക്ടോബര്‍ 23നാണ് യുനെസ്‌കോ സാഹിത്യ നഗരമായി കോഴിക്കോടിനെ പ്രഖ്യാപിക്കുന്നത്. പൂര്‍വ്വസൂരികളായ മഹാരഥന്മാരായ സാഹിത്യകാരന്മാരുടെ പാദസ്പര്‍ശമേറ്റ പുണ്യ നഗരമാണ് കോഴിക്കോട്. അവര്‍ അടിത്തറയിട്ട സാഹിത്യ പാരമ്പര്യത്തിന്റെ സാക്ഷാത്കാരമാണ് കോഴിക്കോടിന് ലഭിച്ച സാഹിത്യ നഗര പദവി. യുനെസ്‌കോയുടെ മുന്‍പാകെ കോഴിക്കോടിന്റെ സാഹിത്യ പാരമ്പര്യവും, ചരിത്രവും നന്നായി അവതരിപ്പിച്ച സാഹിത്യ നഗര പദവി നേടിയെടുത്ത കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണാധികാരികളേയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കാം.
സാഹിത്യ നഗര പ്രഖ്യാപനത്തിന് ശേഷം രണ്ട് വര്‍ഷത്തിലേക്ക്  നാം എത്തുകയാണ്. യുനെസ്‌കോ സാഹിത്യ നഗര പദവി നല്‍കിയതിന് ശേഷം, നഗരത്തില്‍ സാഹിത്യാദി വിഷയങ്ങളുടെ പരിപോഷണത്തിന് നമുക്കെത്രമാത്രം മുന്നേറാനായി എന്നത് നാമെല്ലാം കൂട്ടായി ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ഭാവി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും വേണം. ഇക്കാര്യത്തില്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഇന്ന് നഗരത്തില്‍ ജീവിച്ചിരിക്കുന്ന, പതിറ്റാണ്ടുകളുടെ സാഹിത്യ പാരമ്പര്യമുള്ള എഴുത്തുകാര്‍, കലാ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികള്‍ഒന്നിച്ചിരുന്ന് തുറന്ന് ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ മികച്ച രീതിയിലാക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്.
സാഹിത്യ നഗരത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന മാധ്യമ സ്ഥാപനമാണ് പീപ്പിള്‍സ് റിവ്യൂ. നവാഗതരായ എഴുത്തുകാരുടെ രചനകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പീപ്പിള്‍സ് റിവ്യൂ ദിനപത്രം, പ്രവാസി റിവ്യൂ മാഗസിന്‍, മഹിളാവീഥി മാഗസിന്‍ പീപ്പിള്‍സ് റിവ്യൂ ഓണ്‍ലൈന്‍, പീപ്പിള്‍സ് റിവ്യൂ യു ട്യൂബ് ചാനല്‍, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് എന്നിവയിലൂടെ പ്രസിദ്ധീകരണത്തിന് പ്രത്യേക പരിഗണന നല്‍കി വരികയാണ്. സാഹിത്യാദി വിഷയങ്ങള്‍, എഴുത്തുകാരുടെ പുസ്തക രചനാ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിലും പീപ്പിള്‍സ് റിവ്യൂ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
സാഹിത്യ നഗരത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാന്‍, സാഹിത്യ നഗരത്തിന്റെ സാംസ്‌കാരിക സാധ്യതകള്‍ എന്തൊക്കെയെന്നതിനെക്കുറിച്ചെല്ലാം പൊതു സമൂഹത്തിലെത്തിക്കാന്‍ നിരവധി പരിപാടികള്‍ പീപ്പിള്‍സ് റിവ്യൂ നടത്തിക്കൊണ്ടിരിക്കുകയാണ്. അതില്‍ ശ്രദ്ധേയമായ ഒന്നാണ്  മെയ് മാസത്തില്‍ സംഘടിപ്പിച്ച പുസ്തക മേള.  അതിന്റെ തുടര്‍ച്ചയാണ് സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ മുന്നോടിയായി ‘സാഹിത്യ നഗരത്തിലെ സാംസ്‌കാരിക സാധ്യതകള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ചാ സമ്മേളനവും സംഘടിപ്പിച്ചിരുന്നു. സാഹിത്യകാരന്മാര്‍, നഗരത്തിലെ കലാ-സാംസ്‌കാരിക സംഘടനാ നേതാക്കളാണ് ഈ പരിപാടിയില്‍ സംബന്ധിച്ചത്. വളരെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളാണ് പങ്കെടുത്തവര്‍ ഉന്നയിച്ചത്. എസ്.കെ.പൊറ്റക്കാടിന്റെയും, വൈക്കം മുഹമ്മദ് ബഷീറിന്റെയും, തിക്കോടിയന്റെയും, എം.ടി.വാസുദേവന്‍ നായര്‍ തുടങ്ങി നിരവധി ചെറുതും വലുതുമായ സാഹിത്യകാരന്മാരുടെ നഗരമായ കോഴിക്കോട് സാഹിത്യ സംബന്ധമായ പരിപാടികള്‍ നടത്താന്‍ കേന്ദ്ര-സംസ്ഥാന-കോര്‍പ്പറേഷന്‍ ഭരണ കൂടങ്ങള്‍ നടപ്പാക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചാ സമ്മേളനത്തില്‍ ഉയര്‍ന്നു വന്നത്.  കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും അവ രുടെ പ്രോഗ്രാമുകള്‍ നടത്താന്‍ മിതമായ വാടകയില്‍ സൗകര്യമൊരുക്കുക, കോഴിക്കോട് നഗരത്തില്‍ സാംസ്‌കാരിക പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുക, നഗരത്തില്‍ സാംസ്‌കാരിക പരിപാടികള്‍ നടത്തുന്നതിനുള്ള ഇടങ്ങള്‍ സൃഷ്ടിക്കുക, മാനാഞ്ചിറയില്‍ സാംസ്‌കാരിക പരിപാടികള്‍ നടത്താനുള്ള ഓപ്പണ്‍സ്റ്റേജ് ഒരുക്കുകയും അതിന്റെ സമയം രാത്രി 10 മണിവരെയങ്കിലുമായി ദീര്‍ഘിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളെല്ലാം ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. ആ യോഗത്തിന്റെ ഏകകണ്ഠമായ തീരുമാന പ്രകാരം ഈ വിഷയം കൂടുതല്‍ സമഗ്രമായി ചര്‍ച്ച ചെയ്യണമെന്നതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 21ന് കൈരളി ശ്രീ വേദി ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഡോ.എം.എന്‍.കാരശ്ശേരിയാണ് മുഖ്യ പ്രഭാഷണം നടത്തുന്നത്.
സാഹിത്യ നഗരത്തിന്റെ പ്രൗഢിയും, പ്രശസ്തിയും അരക്കിട്ടുറപ്പിക്കാന്‍ സമൂഹത്തിലെ എല്ലാ മേഖലയിലും നല്ല ഇടപെടല്‍ നടക്കേണ്ടതുണ്ട്. വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വായനയെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ ഉണ്ടാവണം.  മറ്റ് ലഹരികള്‍ നമ്മുടെ യുവ തലമുറയെ കീഴ്‌പ്പെടുത്താതിരിക്കാന്‍ നാമെല്ലാം ഇക്കാര്യത്തില്‍ നല്ല ജാഗ്രത കാണിക്കണം. വായനക്കും, വിനോദത്തിനും ഉതകുന്ന ഇടങ്ങള്‍ നഗരത്തില്‍ ഒരുക്കാന്‍ അധികാരികള്‍ക്കാവണം. നഗരത്തില്‍ നടക്കുന്ന പ്രോഗ്രാമുകളില്‍ സാഹിത്യ നഗരത്തിന്റെ ഉന്നതിക്കാവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനാവണം. നഗരത്തില്‍ വര്‍ഷത്തിലൊരിക്കല്‍ സാഹിത്യ സര്‍ഗോത്സവവും, ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റും സംഘടിപ്പിക്കാനാവണം. നമ്മുടെ നഗരം സത്യത്തിന്റെ നഗരമാണ്, സ്‌നേഹത്തിന്റെ നഗരമാണ്, മധുരത്തിന്റെ നഗരമാണ്, സംഗീത കുലപതികളുടെ നാടാണ്്, സുഗന്ധ വ്യജ്ഞനങ്ങളുടെ നഗരമാണ്. സാഹിത്യ നഗരത്തിന്റെ പൊന്‍പട്ട് കൂടി ചാര്‍ത്തപ്പെടുമ്പോള്‍ കോഴിക്കോട് മഴവില്ലഴകുള്ള നാടായി മാറുകയാണ്. കാലം നല്‍കിയ ഈ വിശേഷണങ്ങളെല്ലാം സ്ഥായിയായി നിലനിര്‍ത്തുകയെന്നതാണ് നമ്മുടെയെല്ലാം ചരിത്രപരമായ കടമ. അത് നന്നായി നിര്‍വ്വഹിച്ച്, വരുംതലമുറയ്ക്കായി മികവാര്‍ന്ന കോഴിക്കോടിനെ സമര്‍പ്പിക്കുക എന്നതാണ് വ്യക്തികളുടെയും സാംസ്‌കാരിക-സാഹിത്യ-കലാ- മറ്റ് സംഘടനകളുടേയും കര്‍ത്തവ്യം.

സാഹിത്യ നഗരത്തിന്റെ പരിപോഷണത്തിന് സമൂഹം കൈകോര്‍ക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *