കോഴിക്കോട്: മലബാര് മള്ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല് സ്ഥാപകയായ ഡോ. പി.എ ലളിതയുടെ ഓര്മയ്ക്കായി ഏര്പ്പെടുത്തിയ മികച്ച സാന്ത്വന പരിചരണത്തിനുള്ള പുരസ്കാരത്തിന് ഡോ. എം.ആര് രാജഗോപാലിന്റെ സാരഥ്യത്തിലുള്ള പാലിയം ഇന്ത്യയും ഡോ. സുരേഷ്കുമാറും അര്ഹരായി. ഇരുവര്ക്കും അരലക്ഷം രൂപ വീതമാണ് അവാര്ഡ് തുക.
സാന്ത്വനപരിചരണരംഗത്തെ മികച്ച സേവനത്തിനുള്ള സ്പെഷ്യല് ജൂറി അവാര്ഡ് സി.എച്ച് സെന്ററിനു കീഴില് ഡോ. എം. അബ്ദുള്ള അമീറലി നേത്യത്വം നല്കുന്ന പൂക്കോയ തങ്ങള് ഹോസ്പിസിനാണ്.
ഡോ. പി.എ ലളിതയുടെ പേരിലുള്ള നാലാമത്തെ അവാര്ഡാണിത്. മികച്ച വനിതാ സംരംഭക, ഡോക്ടര്മാരിലെ മികച്ച എഴുത്തുകാര്, മനസ്സലിവുള്ള ഡോക്ടര് എന്നീ മേഖലകളിലാണ് നേരത്തേ അവാര്ഡ് നല്കിയിരുന്നത്.
അവാര്ഡ് ദാന തിയതി പിന്നീട് അറിയിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
ഡോ. സുരേഷ്കുമാര്
വൈദ്യശാസ്ത്ര ബിരുദം ധനസമ്പാദനത്തിനല്ല, സാമൂഹ്യസേവനത്തിനായിരിക്കണമെന്ന നിഷ്കര്ഷ ജീവിതത്തിലുടനീളം നിലനിര്ത്തിയ ഭിഷഗ്വരനാണ് ഡോ. സുരേഷ്കുമാര്. കോഴിക്കോട് ഗവ. മെഡിക്കല് കോളജിലെ പി.ജി പഠനകാലത്ത് അദ്ദേഹം മനസ്സാ സ്വീകരിച്ചതാണ് സാന്ത്വനചികിത്സ.
കോഴിക്കോട് മെഡിക്കല് കോളജില് അനസ്തീഷ്യോളജി ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥിയായിരിക്കെ തന്റെ അഭിവന്ദ്യഗുരുനാഥന് ആവിഷ്കരിച്ച സാന്ത്വനചികിത്സാ പദ്ധതിയില് ഡോ. സുരേഷ്കുമാര് ആകൃഷ്ടനാകുകയും ആ നിമിഷം മുതല് അതിന്റെ പ്രധാന പ്രവര്ത്തകനും പ്രചാരകനുമായി പ്രവര്ത്തിക്കുന്നു. ഡോ. രാജഗോപാല് തുടങ്ങിവച്ച തന്റെ മാധ്യമ സാന്ത്വനചികിത്സാ പദ്ധതിക്ക് അക്കാലത്തെ സുഹൃത്തുക്കളുടെ സഹായത്തോടെ ജനമനസ്സുകളില് എത്തിച്ചത് സുരേഷ്കുമാറാണ്. തുടര്ന്ന് അദ്ദേഹത്തിന്റെ ജീവിതം സാന്ത്വനചികിത്സയ്ക്കായി മാറ്റിവച്ചതായിരുന്നു. മൂന്നു
സാന്ത്വനചികിത്സാ പതിറ്റാണ്ടുകാലമായി ഇന്ത്യയ്ക്കകത്തും വിദേശത്തുമായി ഫാക്കല്റ്റിയായും ചികിത്സകനായും രോഗികളുടെ ചങ്ങാതിയായും അദ്ദേഹം അക്ഷീണം പ്രവര്ത്തിക്കുന്നു.
നിലവില് ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണത്തിലുള്ള സാന്ത്വനചികിത്സാ പരിപോഷണ കേന്ദ്രത്തിന്റെ ഡയറക്ടറാണ് ഡോ. സുരേഷ്കുമാര്.
പാലിയം ഇന്ത്യ
ഇന്ത്യയിലെ സാന്ത്വനചികിത്സയുടെ പിതാവ് ഡോ. എം. ആര് രാജഗോപാല് നട്ടുവളര്ത്തി പന്തലിപ്പിച്ച ലോകപ്രശസ്ത സ്ഥാപനമാണ് പാലിയം ഇന്ത്യ. ഏറ്റവും ശാസ്ത്രീയമായ രീതിയില്, ഏറ്റവും ചെലവു കുറഞ്ഞ രീതിയില് സാന്ത്വനചികിത്സ ലഭ്യമാക്കുന്നതിനുള്ള ഗവേഷണം, പരിശീലനം എന്നിവ നല്കുന്നു. സാന്ത്വനചികിത്സ ആശയം എത്തിപ്പെടാത്ത ഇന്ത്യന് പ്രദേശങ്ങളിലെല്ലാം പദ്ധതിയുടെ സേവനമെത്തിക്കാന് പ്രവര്ത്തിക്കുന്നു. ഇതിനകം 16 സംസ്ഥാനങ്ങളില് സാന്ത്വനചികിത്സാ പദ്ധതിയുടെ സേവനമെത്തിക്കാന് പാലിയത്തിന്റെ പ്രവര്ത്തനത്തിനായി. 2016 ല് സംസ്ഥാന സര്ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റേഷന് ലഭിച്ചു. 2016 ല് പാലിയം ഇന്ത്യ ശാസ്ത്രീയമായ സാന്ത്വനചികിത്സ പരിശീലിപ്പിക്കുന്നതിനായി പാലിയേറ്റീവ് സര്വീസ് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 201208 ലോകാരോഗ്യ സംഘടനയുടെ കൊളാബൊറേറ്റീവ് സെന്റര് ആയി അംഗീകരിക്കപ്പെട്ടു.
പൂക്കോയതങ്ങള് ഹോസ്പിസ്
പാണക്കാട് തങ്ങള് കുടുംബത്തിന്റെ മഹനീയ ആശീര്വാദത്തിന് കീഴില് സി.എച്ച് സെന്ററിന്റെ നേതൃത്വത്തില് . അമീറിന്റെ സാരഥ്യത്തില് സാന്ത്വനപരിചരണരംഗത്ത് സ്തുത്യര്ഹമായ പ്രവര്ത്തനം നടത്തുന്ന സ്ഥാപനമാണ് പി.ടി.എച്ച്. അഞ്ചു വര്ഷം മുമ്പു മാത്രം പിറവിയെടുത്ത പി.ടി.എച്ചിന് ഇന്ന് കേരളത്തില് മാത്രം 36 യൂണിറ്റുകളും 4180 ഹെല്ത്ത് കെയര് വളണ്ടിയര്മാരുമുണ്ട്. തമിഴ്നാട്ടില് നീലഗിരി, ഗൂഡല്ലൂര്, പന്തല്ലൂര്, ചെന്നൈ എന്നിവിടങ്ങളിലും
യൂണിറ്റുകളുണ്ട്.
പത്രസമ്മേളനത്തില് മലബാര് മള്ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല് എം.ഡി ഡോ. മിലി മണി, അവാര്ഡ് നിര്ണയ സമിതി അംഗങ്ങളായ എ. സജീവന്, കമാല് വരദൂര് എന്നിവര് പങ്കെടുത്തു.
