സാങ്കേതികയുഗത്തിലെ സാഹിത്യം അനുവാചകസമൂഹത്തെ വിസ്തൃതമാക്കുന്നു: പി.കെ ഗോപി

സാങ്കേതികയുഗത്തിലെ സാഹിത്യം അനുവാചകസമൂഹത്തെ വിസ്തൃതമാക്കുന്നു: പി.കെ ഗോപി

സാങ്കേതികയുഗത്തിലെ സാഹിത്യം അനുവാചകസമൂഹത്തെ വിസ്തൃതമാക്കുന്നു: പി.കെ ഗോപി

കോഴിക്കോട്: നിര്‍മ്മിതബുദ്ധിയുടെയും നവമാധ്യമങ്ങളുടെയും പുതിയകാലത്ത് സാഹിത്യത്തിന്റെ ആശയസ്വീകരണത്തിലും ഭാഷാവിനിയോഗത്തിലും ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ വന്നുവെന്നും പുതുമുറ എഴുത്തുകാര്‍ അതിനൊത്ത ഒരു അനുവാചകസമൂഹത്തെ സൃഷ്ടിക്കുന്നുണ്ടെന്നും കവിയും ഗാനരചയിതാവുമായ പി.കെ ഗോപി അഭിപ്രായപ്പെട്ടു. യുവകവി ലാസ് കാലിക്കറ്റിന്റെ മൂന്നാമത് കൃതി, 100 ചെറുകവിതകളുടെ സമാഹാരമായ ‘പീലിക്കുള്ളിലെ പുസ്തകം’ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അളകാപുരി ഹോട്ടല്‍ കാര്‍ത്തിക ഹാളില്‍ നടന്ന പ്രകാശന ചടങ്ങില്‍ കവി വീരാന്‍കുട്ടി ആദ്യപ്രതി ഏറ്റുവാങ്ങി. ആഗോളഗ്രാമത്തിലെ പൗരന്മാരാകുന്ന പുതുതലമുറയുടെ അനുഭവലോകങ്ങള്‍ വ്യത്യസ്തമെങ്കിലും പുതുകവികള്‍ രചനകളില്‍ പുലര്‍ത്തുന്ന വീക്ഷണവിസ്തൃതിയും വ്യാപനസാധ്യതയും ഒപ്പം മിനിമലൈസേഷനും ലാസ് കാലിക്കറ്റ് ഉള്‍പ്പെടെയുള്ളവരുടെ രചനകളില്‍ പ്രകടമാണെന്ന് വീരാന്‍കുട്ടി ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ കെ.എഫ്. ജോര്‍ജ് അധ്യക്ഷത വഹിച്ചു.

 

യോഗത്തില്‍ കഥാകാരി കെ.പി. സുധീര ആശംസകള്‍ നേര്‍ന്നു.  സംസ്ഥാന ഹയര്‍ സെക്കന്ററി സ്‌കൂള്‍ യുവജനോത്സവത്തില്‍ രണ്ടുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട യദു കൃഷ്ണ റാം ‘പീലിക്കുള്ളിലെ പുസ്തകം’ എന്ന പോക്കറ്റ് ബുക്കിന്റെ അകംപുറം ആസ്വാദനം അവതരിപ്പിച്ചു. ഭാഷാപരിശീലനത്തിന് സഹായകരമാവുന്ന നൂതന സാങ്കേതിക സംവിധാങ്ങളേ കുറിച്ചും പുതുയുഗ ആശയങ്ങള്‍ കവിതയില്‍ എങ്ങനെ പ്രതിഫലിക്കാമെന്നും ലാസ് കാലിക്കറ്റ് തന്റെ മറുമൊഴിയില്‍ പരാമര്‍ശിച്ചു. സംഘാടക സമിതി ചെയര്‍ പേഴ്‌സണ്‍ അന്‍വര്‍ കുനിമ്മല്‍ ആമുഖപ്രസംഗം നടത്തി. സുധീര്‍ എ.എല്‍. ആലപ്പുഴയുടെ സോളോ സംഗീതവിരുന്നും ചടങ്ങിന് മാറ്റുകൂട്ടുന്നതായി. ഇന്‍സൈറ്റ് പബ്ലിക്കേഷനാണ് ‘പീലിക്കുള്ളിലെ പുസ്തകം’ പ്രസിദ്ധീകരിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *