കോഴിക്കോട്: സെപ്റ്റംബര്‍ 14 ഗ്രന്ഥശാല ദിനത്തില്‍ കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദിയുടെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്ററുമായ സുഭാഷ് ചന്ദ്രന്‍ ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി’ എന്ന ഗാനം ആലപിച്ചുകൊണ്ട് മത്സരം ഉദ്ഘാടനം ചെയ്തു. ദൈവങ്ങളിലെ ഗായകനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തില്‍ ഇങ്ങനെയൊരു ഗാനമത്സരം അരങ്ങേറുന്നത് യാദൃശ്ചികമായി എന്നും ഗ്രന്ഥശാല ദിനത്തില്‍ വിവിധ വായനശാലകളില്‍ പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ രാവിലെ മുതല്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളായി ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാകയെ സല്യൂട്ട് ചെയ്യുന്നതുപോലെ ഗ്രന്ഥശാലകളില്‍ ഉയര്‍ത്തുന്ന പതാകയെയും നാം ബഹുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രസിഡന്റ് പി.സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എം.ടി. ശിവരാജന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ. ശാലിനി, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ എം.എ. ജോണ്‍സണ്‍, കെ.കുഞ്ഞാലി സഹീര്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധ റെസിഡന്റ്സ് അസോസിയേഷനുകള്‍ തമ്മിലുള്ള കരോക്കെ ഗാനാലാപന മത്സരം നാടിന്റെ കൂട്ടായ്മ വര്‍ദ്ധിക്കുന്നതിന് ഉത്തമമായ മാതൃകയാണെന്ന് പരിപാടിയില്‍ സംബന്ധിച്ച എഴുത്തുകാരി സല്‍മി സത്യാര്‍ത്ഥി അഭിപ്രായപ്പെട്ടു.
അകാലത്തില്‍ പൊലിഞ്ഞ ദര്‍ശനം പ്രവര്‍ത്തക സമിതി അംഗം കാളാണ്ടിയില്‍ മുഹമ്മദ് അഷറഫ് സ്മാരക സ്റ്റാര്‍ സിംഗര്‍ ട്രോഫി വിജയികള്‍ക്ക് സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച സമ്മാനങ്ങള്‍ വിതരണം ചെയ്യും. പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ വി.കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണത്തോടെയുള്ള സാംസ്‌കാരിക പരിപാടിയില്‍ വച്ച് മറ്റു കലാ- കായിക മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.അന്നേദിവസം വിവിധ പ്രായപരിധിയിലുള്ള വിജയികളുടെ കലാവതരണങ്ങളും ശാന്തി യോഗ ദര്‍ശനം വനിത ഗ്രൂപ്പിന്റെ നൃത്തവും മറ്റു കലാപരിപാടികളും ഉണ്ടാവും.
സെപ്റ്റംബര്‍ 20 ശനിയാഴ്ച നടക്കുന്ന മെഗാ പരിപാടിയില്‍ പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും കലാരൂപങ്ങളും ഉണ്ടായിരിക്കുമെന്ന്
ദര്‍ശനം ഗ്രന്ഥശാല പ്രസിഡന്റ് പി. സിദ്ധാര്‍ത്ഥന്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ സതീശന്‍ കൊല്ലറക്കല്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ വി. ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
