ലോക സാക്ഷരത ദിനം – മുന്‍കാല സാക്ഷരത പ്രവര്‍ത്തകരെ ആദരിച്ച് ദര്‍ശനം

ലോക സാക്ഷരത ദിനം – മുന്‍കാല സാക്ഷരത പ്രവര്‍ത്തകരെ ആദരിച്ച് ദര്‍ശനം

 

പൈങ്ങോട്ടുപുറം / സൗത്ത് വിരുപ്പില്‍: കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദിയുടെ 30-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുതിര്‍ന്ന മുന്‍കാല സാക്ഷരത പ്രവര്‍ത്തകരെ ആദരിച്ചു. ദേശീയ അധ്യാപക പുരസ്‌കാര ജേതാവും ജെ.ഡി.ടി. ഇസ്ലാം ഹൈസ്‌കൂള്‍ മുന്‍ മലയാളം ഭാഷാധ്യാപകനും സാക്ഷരതാ പ്രവര്‍ത്തനത്തിന് കാന്‍ഫഡിന്റേതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള കെ. നാരായണന്‍ നമ്പൂതിരി മാസ്റ്ററുടെ പൈങ്ങോട്ടുപുറത്തുള്ള വസതിയിലായിരുന്നു ആദരം സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യയും എഴുത്തുകാരിയും ദര്‍ശനം ഗ്രന്ഥശാല രക്ഷാധികാരിയുമായ സല്‍മി സത്യാര്‍ത്ഥി പൊന്നാട ചാര്‍ത്തി.

മറ്റൊരു ശിഷ്യന്‍ ദര്‍ശനം ഗ്രന്ഥശാല പ്രസിഡന്റ് പി. സിദ്ധാര്‍ത്ഥന്‍ വലിയ വായനക്കാരനും വലിയ ഹോം ലൈബ്രറിയുമുള്ള നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍ക്ക് ഹരിത സാവിത്രിയുടെ കേരള സാഹിത്യ അക്കാദമി നോവല്‍ പുരസ്‌കാരം നേടിയ ‘സിന്‍'( മാതൃഭൂമി ബുക്‌സ്), പ്രൊഫ. തോമസ് മാത്യുവിന്റെ വയലാര്‍ പുരസ്‌കാരകൃതി ‘മാരാര് : ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം (കേരള സാഹിത്യ അക്കാദമി), ടി.ഡി. രാമകൃഷ്ണന്റെ ‘സംഭാഷണങ്ങള്‍’ (ലോഗോസ്), എതിരന്‍ കതിരവന്റെ ‘സിനിമ ബോദ്ധ്യപ്പെടുത്തുന്നത് – മണിച്ചിത്രത്താഴും മറ്റും’
എന്നീ പുസ്തകങ്ങള്‍ കൈമാറി.

ആദ്യഘട്ട സാക്ഷരതാ പ്രവര്‍ത്തനത്തിന് മുന്നില്‍ നില്‍ക്കുകയും സ്വന്തം ഉടമസ്ഥതയിലുള്ള ബഷീര്‍ മെമ്മോറിയല്‍ മദ്രസ പഠിതാക്കള്‍ക്ക് തുറന്നു നല്‍കുകയും പഠിതാക്കള്‍ക്കും സാക്ഷരതാ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്ത ദര്‍ശനം വൈസ് പ്രസിഡന്റ് കൂടിയായ സി.പി. ആയിഷബിയെയും ആദരിച്ചു. ജൈവകര്‍ഷക കൂട്ടായ്മയുടെ പ്രസിഡന്റ് സി.പി. അബ്ദുറഹ്‌മാന്‍ ചടങ്ങില്‍ സംബന്ധിച്ചു.

ദര്‍ശനം ഗ്രന്ഥശാല സ്ഥാപക പ്രസിഡന്റ് എം.എ. ജോണ്‍സണ്‍, 30-ാം വാര്‍ഷിക സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍പേഴ്‌സണും ഒന്നാംഘട്ട സാക്ഷരത കീ റിസോഴ്‌സ് പേഴ്‌സണുമായ കെ. കുഞ്ഞാലി സഹീര്‍, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ദര്‍ശനം വൈസ് പ്രസിഡന്റ് സി.പി. ആയിഷബി, എഴുത്തുകാരി ആബിദ പള്ളിത്താഴം, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സതീശന്‍ കൊല്ലറയ്ക്കല്‍, ദര്‍ശനം നിര്‍വ്വാഹക സമിതി അംഗങ്ങളായ ശശികല മഠത്തില്‍, എം.എന്‍. രാജേശ്വരി, മേരിക്കുട്ടി ശശിധരന്‍, ശ്രീനിവാസന്‍ താഴെ പെരയാട്ടില്‍, കെ.പി. മോഹന്‍ദാസ്, സജീഷ് നാരായണ്‍ (എസ്.എസ്. കെ), ഡോ.റീന എ. എം. എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *