കോഴിക്കോട്: കള്ളാടി-നിലമ്പൂര്‍ ബദല്‍ പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് 1997ലാണ് നജീബ് ചന്തക്കുന്നിലിന്റെ നേതൃത്വത്തില്‍ മേപ്പാടിയിലെ നൂറോളം യുവാക്കള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. വയനാട്ടിലേക്ക് ബദല്‍ പാതകള്‍ വേണമെന്ന നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്ന ആരംഭകാലമായിരുന്നു അത്. അക്കാലം മുതലേ ഏതാണ്ട് അഞ്ചോളം ബദല്‍ പാത നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇന്നലെ മുഖ്യമന്ത്രി കള്ളാടി – ആനക്കാംപൊയില്‍ തുരങ്ക പാതയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തപ്പോള്‍ 1997-ല്‍ ബദല്‍ പാതക്ക് വേണ്ടി നടത്തിയ സമരം യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു നജീബും അന്ന് സമരത്തില്‍ പങ്കെടുത്തിരുന്ന അല്‍മുബാറക് ബീരാന്‍ ഹാജിയും, മുഹമ്മദ്കുട്ടി ചെമ്പോത്തറയും മറ്റും. ഇന്നലെ ഉദ്ഘാടന ചടങ്ങിനെത്തിയ അഞ്ഞൂറോളം മേപ്പാടിക്കാരില്‍ ഈ മൂവരും ഉണ്ടായിരുന്നു. മാറി, മാറി വന്ന സര്‍ക്കാരുകളെല്ലാം ബദല്‍ പാത പ്രഖ്യാപിച്ചപ്പോള്‍ അത് യാഥാര്‍തഥ്യമാക്കാനായത് മുഖ്യമന്ത്രി പിണറായിയുടെ ഇച്ഛാശക്തികൊണ്ടാണെന്ന് നാഷണല്‍ ലീഗ് ജില്ലാ പ്രസിഡണ്ട് കൂടിയായ നജീബ് ചന്തക്കുന്ന് പറഞ്ഞു. മുന്‍കാലങ്ങളില്‍ ബദല്‍ പാത സങ്കല്‍പ്പങ്ങളെല്ലാം ഫോറസ്റ്റ് ഭൂമി വിട്ടുകൊടുക്കുന്നതില്‍ ഉണ്ടാവുന്ന സാങ്കേതിക തടസ്സത്തില്‍പ്പെട്ട് തകരുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ പാത മലയോര മേഖലയുടെയും, വയനാടിന്റെയും വികസനത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വയനാടിന്റെ ടൂറിസം, കാര്‍ഷിക സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടണമെങ്കില്‍ മുന്‍ കാലങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട മറ്റ് പാതകള്‍ കൂടി യാഥാര്‍ത്ഥ്യമാവണമെന്നും, ചുരം വീതി കൂട്ടി കൂടുതല്‍ സഞ്ചാര യോഗ്യമാക്കണമെന്നും നജീബ് ചന്തക്കുന്ന് പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു.
