കോഴിക്കോട്: തൊഴിലുടമകളുടേയും തൊഴിലാളികളുടേയും രജിസ്ട്രേഷന് പ്രോത്സാഹിപ്പിക്കുന്നതിനായി എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് ( ഇഎസ്ഐസി) നടത്തുന്ന ക്യാമ്പയിനായ സ്പ്രീ 2025 ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെ തുടരുമെന്ന് ഇഎസ്ഐ ജോയിന്റ് ഡയറക്ടര്‍ രത്നഗിരി.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രജിസ്ട്രേഷന് പ്രക്രിയ ലളിതമാക്കുന്നതോടൊപ്പം മുന്‍കാല ബാധ്യതകളില്‍ നിന്ന് സംരക്ഷണവും സ്പ്രീ 2025 നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലുടമകള്‍ക്ക് ഇഎസ്ഐ സീ പോര്‍ട്ടല്‍, ശ്രംസുവിധ, എംസിഎ പോര്‍ട്ടല്‍ എന്നിവയിലൂടെ സ്ഥാപനത്തിലെ ജീവനക്കാരെ ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. തൊഴിലുടമകള്‍ക്ക് അവരുടെ തൊഴില്‍ ശക്തിയെ സ്ഥിരപ്പെടുത്താനും, തൊഴിലാളികള്‍ക്ക് ഇഎസ്ഐ നിയമപ്രകാരം ആരോഗ്യ സാമൂഹിക ആനുകൂല്യങ്ങള്‍ ലഭിക്കാനും ഇത് വഴിയൊരുക്കും. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കേന്ദ്ര തൊഴില്‍ യുവജനകാര്യ കായിക മന്ത്രി ഡോ.മന്‍സുക് മാണ്ഡവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 196-ാമത് ഇഎസ്ഐ കോര്പ്പറേഷന് യോഗത്തിലാണ് തൊഴിലുടമകളുടേയും തൊഴിലാളികളുടേയും രജിസ്ട്രേഷന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയായ സ്പ്രീ 2025 പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഗിരീഷ്.സി, സോഷ്യല്‍ സെക്യൂരിറ്റി ഓഫീസര്‍ വിഷ്ണു.കെ എന്നിവരും സംബന്ധിച്ചു.
