വാണിമേല്‍: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കര്‍മ്മം മുസ്ലിം ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ ഒന്നിച്ചു നിര്‍വഹിച്ചത് മതസൗഹാര്‍ദത്തിന്റെ വേറിട്ട കാഴ്ചയായി. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ വിലങ്ങാട് സ്വദേശി അഭിലാഷിന് വേണ്ടി മേപ്പയൂര്‍ സലഫിയ അസോസിയേഷന്‍ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ ചടങ്ങാണ് മതസൗഹാര്‍ദ്ദത്തിന്റെ മനോഹര വേദിയായത്. സലഫിയ അസോസിയേഷന്‍ പ്രസിഡണ്ട് ഡോ : ഹുസൈന്‍ മടവൂര്‍ താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍ അബ്രഹാം വാലില്‍ എന്നിവര്‍ ചേര്‍ന്നാണ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും ദുര്‍ബലരെ ചേര്‍ത്തുപിടിക്കുന്ന മാനവികതയാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്നും അവര്‍ പറഞ്ഞു. സലഫിയ്യ സ്ഥാപനങ്ങളുടെ ശില്പിയും മനുഷ്യസ്‌നേഹിയുമായിരുന്ന എവി അബ്ദുറഹ്‌മാന്‍ ഹാജിയുടെ മാതൃകാപരമായ സേവേനങ്ങള്‍ ഹുസൈന്‍ മടവൂര്‍ അനുസ്മരിച്ചു. അഭിലാഷിനും കുടുംബത്തിന്നും വേണ്ടി ഇരുവരും പ്രാര്‍ത്ഥിക്കുകയും ചെയ്തു. സലഫിയ്യ അസോസിയേഷന്റെ സഹായത്തോടെ താമരശ്ശേരി രൂപതയാണ് വീട് നിര്‍മ്മാണത്തിന്ന് മേല്‍ നോട്ടം വഹിക്കുക. നിര്‍മ്മാണം നടക്കുന്ന വാളാംതോട് പ്രദേശത്ത് നടന്ന ചടങ്ങില്‍ വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
സലഫിയ്യ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ വി അബ്ദുല്ല വീട് നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ വിഹിതം കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മ രാജു, വാര്‍ഡ് മെമ്പര്‍ പി ശാരദ, സലഫിയ്യ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല, സെക്രട്ടറി എ പി അബ്ദുല്‍ അസീസ്, ഫാദര്‍ വില്‍സണ്‍ മുട്ടത്തുകുന്നേല്‍, മൊയ്തു വടകര, സലഫിയ അറബി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ :ഫളലുള്ള തുടങ്ങിയവര്‍ സംസാരിച്ചു.അജയ് ആവള സ്വാഗതവും ഫാദര്‍ ബേബി പൂവത്തിങ്കല്‍ നന്ദിയും പറഞ്ഞു.
വിലങ്ങാട് പുനരധിവാസം,വീട് നിര്‍മ്മാണത്തിന്
മുസ്ലിം ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ ഒന്നിച്ച് ശിലയിട്ടു
