കോഴിക്കോട്: കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഉടന്‍ പുറത്ത് വരുമെന്നുംസിപിഎം അധികം കളിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഇനി അടഞ്ഞ അധ്യായമാണ്. മുഖം നോക്കാതെ, ഹൃദയവേദനയോടെയാണ് പാര്‍ട്ടി സഹപ്രവര്‍ത്തകനെതിരെ നടപടിയെടുത്തത്. സ്ത്രീകളുടെ ആത്മഭിമാനത്തെ ബഹുമാനിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ലൈംഗിക അപവാദക്കേസില്‍ പ്രതികളായ എത്രപേര്‍ മന്ത്രിമാരുണ്ട്. അവരെയൊക്കെ ആദ്യം പുറത്താക്ക്. ബലാത്സംഗക്കേസിലെ പ്രതിയായ എംഎല്‍എയോട് രാജിവെക്കാന്‍ പറയട്ടെ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ഇത്തരം ആക്ഷേപത്തിനിരയായവരെ വെച്ചുകൊണ്ട്, സിപിഎം ഇപ്പോള്‍ നടത്തുന്ന സമരം എംവി ഗോവിന്ദനെയും മന്ത്രി അടക്കമുള്ള നേതാക്കന്മാരെയും ഹവാല ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ വേണ്ടിയിട്ടുള്ളതാണെന്ന് വിഡി സതീശന്‍ ആരോപിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനെതിരെ ഗുരുതരമായ ആരോപണം വന്നിരിക്കുന്നു. ഇതില്‍ സിപിഎമ്മിന് മറുപടിയില്ല. സിപിഎം നേതാക്കന്മാര്‍ക്കും മന്ത്രിക്കും ഉള്‍പ്പെടെ കളങ്കിത വ്യക്തിത്വമായ രാജേഷ് കൃഷ്ണ പണം കൊടുത്തിരിക്കുന്നു എന്ന് ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്. ഹവാലയിലൂടെയും റിവേഴ്സ് ഹവാലയിലൂടെയും പണം നല്‍കിയെന്നാണ് ആരോപണം. അതു മറച്ചു വെക്കാനും ചര്‍ച്ചയാകാതിരിക്കാനുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരു പറഞ്ഞ് സിപിഎം സമരം നടത്തുന്നത്.
തിരഞ്ഞെടുപ്പിനു മുന്‍പ് കാര്യം പുറത്തുവരുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോയെന്നും അത്രയും ദിവസം ഒരു കാര്യം പറയാതെ പോകാന്‍ കഴിയുമോ എന്നായിരുന്നു വി.ഡി.സതീശന്റെ മറുപടി.
കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഉടന്‍ പുറത്ത് വരും; വി ഡി സതീശന്‍
