കോഴിക്കോട്: ‘ഗാന്ധിജിയുടെ രചനാത്മക പ്രവര്‍ത്തനവും ഖാദിയും’ എന്ന വിഷയത്തെ ആസ്പദമാക്കി മിഠായിതെരുവിലെ ഖാദി ഗ്രാമോദ്യോഗ് എംബോറിയത്തില്‍ നടന്ന ഗാന്ധി സ്മരണാഘോഷം വിസിറ്റിംഗ് പ്രൊഫസര്‍ ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് ഡോ.ആര്‍സു ഉദ്ഘാടനം ചെയ്തു. സ്വരാജ് എന്ന ലക്ഷ്യം കൈവരിക്കാന്‍ സ്വദേശി, നാട്ടിലെ ജനങ്ങളുടെ ശീലവും സംസ്‌കാരവുമാകണമെന്ന് ഗാന്ധിജി ഓര്‍മ്മപ്പെടുത്തിയത് ആര്‍സു പറഞ്ഞു. കോഴിക്കോട് സര്‍വ്വോദയ സംഘം പ്രസിഡന്റ് കെ.കെ.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വച്ച് ഏറ്റവും അധികം ഗാന്ധിയന്‍ പുസ്തകങ്ങള്‍ രചിച്ച ഡോ.ആര്‍സുവിനെ ആദരിച്ചു. കേരള സര്‍വ്വോദയ മണ്ഡലം ടി.ബാലകൃഷ്ണന്‍ അനുസ്മരണം നടത്തി. കേരള മദ്യ നിരോധന സമിതി പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ,നേച്ച്വര്‍, ലൈഫ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ജേക്കബ് വടക്കഞ്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോഴിക്കോട് സര്‍വ്വോദയ സംഘം സെക്രട്ടറി എം.കെ.ശ്യാംപ്രസാദ് സ്വാഗതവും ഭവന്‍ മാനേജര്‍ ടി.ഷൈജു നന്ദിയും പറഞ്ഞു.
