കെ.പി.മനോജ് കുമാര്‍ മാസ്റ്റര്‍
1920-ആഗസ്റ്റ് 18 ഉച്ചയ്ക്ക് 2.30- പതിനായിരങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്നു.ആ മഹാനേയും വഹിച്ചുകൊണ്ടുള്ള തീവണ്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് സമീപിക്കുമ്പോള്‍ പുരുഷാരം ആര്‍ത്തിരമ്പി. ആ ശബ്ദത്തില്‍ തീവണ്ടിയുടെ ഹുങ്കാരം പോലും മുങ്ങിപ്പോയി. ഗാന്ധിജിയോടൊപ്പം അലി സഹോദരന്മാരില്‍ ഒരാളായ ഷൗക്കത്ത് അലിയും ഉണ്ടായിരുന്നു. അവരെ മുത്തുക്കോയ തങ്ങള്‍ ഹാരമണിയിച്ചു സ്വികരിച്ചു. പിന്നീട് ഘോഷയാത്രയായി തീവണ്ടി ഓഫീസില്‍ നിന്നും ഗാന്ധിജിയേയും ഷൗക്കത്ത് അലിയേയും യോഗസ്ഥലത്തേക്ക് ആനയിച്ചു.
വൈകീട്ട് കടപ്പുറത്ത് പൊതുയോഗം. വാസ്‌കോ – ഡി-ഗാമയും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധി സര്‍ തോമസ് റോയുമെല്ലാം കടന്നു പോയതും വൈദേശിക മേധാവിത്വത്തിന്റെ ചങ്ങലകള്‍ നീണ്ടുവന്നതും ഈ കടലിലൂടെയാണ്. അവിടെ സാമ്രാജ്യത്തിനെതിരായ യുദ്ധപ്രഖ്യാപനം മുഴങ്ങി.
കടപ്പുറത്തെ തൂവെള്ള മണലില്‍ തടിച്ചുകൂടിയ 20,000 ഓളം ആളുകളെ നോക്കി ഗാന്ധിജി പറഞ്ഞു ”ഇന്ത്യ ഗവണ്‍മെന്റും ബ്രിട്ടീഷ് ഗവണ്‍മെന്റും ഇന്ത്യയോട് ഇരട്ട തെറ്റ് കാണിച്ചിരിക്കുകയാണെന്ന് ഈ സമ്മേളനത്തില്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു. നാം ആത്മാഭിമാനമുള്ള ജനതയാണെങ്കില്‍ നമ്മുടെ അന്തസ്സിനെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും അവകാശ സമരങ്ങളെ കുറിച്ചും നമുക്ക് ബോധമുണ്ടെങ്കില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഈ ഇരട്ട തെറ്റ് സഹിക്കുന്നത് അപമാനമാണ്. നിസ്സഹായനായ തുര്‍ക്കി സുല്‍ത്താന്റെ മേല്‍ കെട്ടിവച്ചിരിക്കുന്ന സമാധാന ഉടമ്പടി രൂപപ്പെടുത്തുകയും അതില്‍ മുഖ്യകക്ഷിയായി തീരുകയും ചെയ്തതിലൂടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് സ്വന്തം സാമ്രാജ്യത്തിലെ മുസ്ലിം പൗരന്മാരുടെ വികാരങ്ങളെ മനപ്പൂര്‍വ്വം വ്രണപ്പെടുത്തിയിരിക്കുന്നു.
പാശ്ചാത്യരുടെ മാര്‍ഗം ഹിംസയാണെന്നും അതില്‍നിന്നും വ്യത്യസ്തമായി ഒറ്റക്കെട്ടായി അഹിംസയുടെ മാര്‍ഗ്ഗത്തിലൂടെ പോരാടിയാല്‍ വിജയം സുനിശ്ചിതമാണെന്നും ഗാന്ധിജി ആത്മവിശ്വാസത്തോടെ പറഞ്ഞു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് പ്രക്ഷോഭത്തിന്റെയും ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാറിനെ സഹായിക്കില്ലെന്ന് തീരുമാനിച്ചിട്ടുള്ളതിനാല്‍ ഇന്നലെവരെ ബഹുമതിയായി കരുതിയിരുന്ന ബിരുദങ്ങള്‍ ഉപേക്ഷിച്ചും ഓണററി ഉദ്യോഗങ്ങളില്‍ നിന്നും രാജിവച്ചും വക്കീലന്‍മാര്‍ കോടതി ഉപേക്ഷിച്ചും ഐക്യം പ്രകടിപ്പിക്കണം എന്ന് ഗാന്ധിജി ആഹ്വാനം ചെയ്തു. ”സ്വദേശിയുടെ ഉദ്ദേശ്യം ഇന്ത്യയിലെ സ്ത്രീപുരുഷന്മാര്‍ക്ക് ത്യാഗം ചെയ്യുന്നതിനുള്ള കഴിവുണ്ടെന്ന് തെളിയിക്കുകയാണ്. അല്ലാതെ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയല്ല. ഇന്ത്യയിലെ ജനതയുടെ നാലിലൊന്ന് വരുന്ന ഒരു വിഭാഗത്തിന്റെ മതം അപകടത്തില്‍ ആവുകയും ഇന്ത്യയുടെ അഭിമാനം തന്നെ ആപത്തിനെ നേരിടുകയും ചെയ്യുമ്പോള്‍ ജപ്പാന്‍ വസ്ത്രങ്ങളും ഫ്രഞ്ച് വസ്ത്രങ്ങളും കൊണ്ട് അണിഞ്ഞൊരുങ്ങുവാന്‍ നമുക്കാവില്ല. നമ്മുടെ സ്വന്തം സഹോദരിമാര്‍ നൂറ്റി ഉണ്ടാക്കുന്ന നൂലുകൊണ്ട് സ്വന്തം കുടിലുകളില്‍ ഇരുന്നു ഇവിടുത്തെ പാവപ്പെട്ട നെയ്ത്തുകാര്‍ നെയ്തുണ്ടാക്കുന്ന വസ്ത്രങ്ങള്‍ മതി നമുക്ക് എന്ന് തീരുമാനിക്കണം. നമ്മുടെ അഭിരുചികള്‍ അധ:പ്പതിക്കാതിരുന്ന കാലത്ത് വിദേശരാജ്യങ്ങളില്‍ ഉള്ള ആഡംബര വസ്തുക്കള്‍ നമ്മെ മോഹിപ്പിക്കാതിരുന്ന കാലത്ത്‌നും സാധിക്കുമെങ്കില്‍ ആ മഹത്തായ ത്യാഗ കര്‍മ്മത്തില്‍ ആഹ്ലാദിക്കാന്‍ ദേവന്മാര്‍ തന്നെ എത്തുമെന്ന് തീര്‍ച്ച – ഗാന്ധിജി പറഞ്ഞു.” ഗാന്ധിജിയുടെ പ്രസംഗം കെ. മാധവന്‍ നായര്‍ പരിഭാഷപ്പെടുത്തി. ഖിലാഫത്ത് നിധിക്കുവേണ്ടി ശേഖരിച്ച 2500 രൂപ രാമന്‍ മേനോന്‍ ഗാന്ധിജിക്ക് നല്‍കി. പിറ്റേദിവസം കാലത്ത് അദ്ദേഹം മംഗലാപുരത്തേക്ക് യാത്ര തിരിച്ചു. വീണ്ടും നാല് തവണ കൂടി മഹാത്മജി കേരളക്കരയിലെത്തി 1925, 1927, 1934 ,1937 വര്‍ഷങ്ങളില്‍.

