പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ ‘കേരള എന്‍വയെണ്മെന്റല്‍ ഫെസ്റ്റിവല്‍’ ഒക്ടോബര്‍ 9, 10 കോഴിക്കോട് ടൗണ്‍ഹാളില്‍
കോഴിക്കോട്: ‘ഗുരുവിനെ പകരാം പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ‘കേരള എന്‍വയെണ്മെന്റല്‍ ഫെസ്റ്റിവല്‍’ നടത്തും. ഒക്ടോബര്‍ 9, 10 തീയതികളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ആണ് പരിപാടി നടക്കുക. വിവിധ പരിസ്ഥിതി വിഷയങ്ങളെ അധികരിച്ച് 10 സെഷനുകളാണ് നടക്കുക.
വൈകുന്നേരം വിനോദ പരിപാടികളും ഉണ്ടാകും. സംസ്ഥാനത്തിനകത്തും പുറത്തും ഉള്ള പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ സെഷനുകള്‍ നയിക്കും. പരിസ്ഥിതി പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടികളില്‍ സംബന്ധിക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കുന്ന തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഫെസ്റ്റിവലില്‍ ഉണ്ടാകും. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും 8848047604, 95627 34732 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
ഗുരുകുലം ആര്‍ട്ട് ഗാലറിയില്‍ വിളിച്ചുചേര്‍ത്ത സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി. ബാലസാഹിത്യകാരി സുമ പള്ളിപ്രം ഫെസ്റ്റിവലിന്റെ കരടും കവി സരസ്വതി ബിജു കമ്മിറ്റിയുടെ പാനലും അവതരിപ്പിച്ചു. മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റര്‍ മണലില്‍ മോഹനന്‍, ദേശീയ കര്‍ഷക പുരസ്‌കാര ജേതാവ് കെബിആര്‍ കണ്ണന്‍ പയ്യന്നൂര്‍, ഫൗണ്ടേഷന്‍ സെക്രട്ടറി സെഡ് എ സല്‍മാന്‍, ട്രഷറര്‍ ഹാഫിസ് പൊന്നേരി, വനമിത്ര പുരസ്‌കാര ജേതാവ് ദേവിക ദീപക് പ്രൊഫ. ശോഭീന്ദ്രന്റെ മകന്‍ ധ്യാന്‍ദേവ്, സാഹിത്യകാരന്‍ വിജയന്‍ ചെറുവറ്റ, ചേളന്നൂര്‍ എസ്.എന്‍ കോളേജ് എന്‍എസ്എസ് പ്രതിനിധി അമീഷ പ്രദീപ്, സിപി അബ്ദുറഹിമാന്‍, ഹംസ കാട്ടുകണ്ടി, കെ പ്രജീഷ്, ബഷീര്‍ കളത്തിങ്കല്‍, അഹമ്മദ് ബറാമി, പി കെ വികാസ്, ബിനീഷ് താമരശ്ശേരി, ഷജീര്‍ഖാന്‍ വയ്യാനം തുടങ്ങിയവര്‍ സംസാരിച്ചു.
അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ (ചെയര്‍മാന്‍), വടയക്കണ്ടി നാരായണന്‍ (ജനറല്‍ കണ്‍വീനര്‍), മണലില്‍ മോഹനന്‍, സെഡ് എ സല്‍മാന്‍ (കോഡിനേറ്റര്‍മാര്‍), ഹാഫിസ് പൊന്നേരി (ട്രഷറര്‍) ആയി സംഘാടക സമിതിയും വിവിധ ഉപസമിതികളും രൂപീകരിച്ചു.
