ന്യൂഡല്‍ഹി: ട്രംപ് ഇന്ത്യക്കെതിരെ ഏര്‍പ്പെടുത്തിയ 50 ശതമാനം നികുതി അവസരമാക്കി മാറ്റണമെന്ന് മുന്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണത്തിനുള്ള വലിയ ചുവടുവെപ്പ് നടത്താനുള്ള അവസരമാണ് ട്രംപ് ഇന്ത്യയ്ക്ക് തുറന്നുനല്‍കിയതെന്നും അത് പൂര്‍ണമായും വിനിയോഗിക്കണമെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റില്‍ പറയുന്നു.കയറ്റുമതിയെ അമിതമായി ആശ്രയിക്കാതെ ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തിയാല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ പരമാവധി മറികടക്കാനാകുമെന്ന പല വിദഗ്ധരുടെയും അഭിപ്രായമായിരിക്കാം ഈ ദിശയില്‍ അമിതാഭ് കാന്ത് ഉദ്ദേശിച്ചത്.
ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് ആദ്യം 25 ശതമാനം നികുതി ഏര്‍പ്പെടുത്തിയ യു.എസ റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡോയില്‍ ഇടപാടിന്റെ പേരില്‍ കഴിഞ്ഞ ദിവസം അത് 50 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഈ അധിക തീരുവ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ്സില്‍ വിലവര്‍ധിക്കുന്നതിന് ഇടയാക്കും. യു.എസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ ഗണ്യമായ കുറവിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നുള്ള പ്രധാന കയറ്റുമതികളായ ലെതര്‍, രാസസ്തുക്കള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, രത്‌നങ്ങള്‍ എന്നിവയുടെ വിപണിയേയാണ് കാര്യമായി ബാധിക്കുകയെന്നാണ് വിലയിരുത്തല്‍.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ ഉടന്‍ നിര്‍ത്തില്ല. എന്നാല്‍ അമേരിക്കയുമായുള്ള വ്യപാര കരാറിന്റെ കാര്യത്തില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് ഇളവു നല്‍കുന്നതടക്കം ആലോചിക്കും. ആദ്യം 25 ശതമാനം തീരുവ ഇന്ത്യയ്ക്ക് പ്രഖ്യാപിച്ചപ്പോള്‍ ട്രംപിനെ വിളിച്ച് സംസാരിക്കാന്‍ നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. അമേരിക്കയുടെ പുതിയ തീരുവ പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി ഇന്ന് വിലയിരുത്തും.മൂന്നാഴ്ചയ്ക്ക് ശേഷം പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് ട്രംപിന്റെ ഉത്തരവ്. ട്രംപിന്റേത് അന്യായവും ദൗര്‍ഭാഗ്യകരവുമായ നടപടിയെന്നാണ് ഇന്ത്യയുടെ വിമര്‍ശനം.
