കോഴിക്കോട്: ജീവിത ശൈലി എങ്ങനെയായിരിക്കണമെന്ന് ഒരു വ്യക്തി സ്വയം തീരുമാനിച്ചാല്‍, അത് മികച്ചതാണെങ്കില്‍ ഒരു പരിധിവരെ രോഗങ്ങളെ ചെറുത്ത് ആരോഗ്യത്തോടെ ജീവിക്കാനാവുമെന്ന് വിജിലന്‍സ് എസ്.പി. കെ.പി.അബ്ദുല്‍ റസാഖ് പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയും കാലിക്കറ്റ് പ്രസ് ക്ലബും അഷ്ടവൈദ്യന്‍ തൈക്കാട്ട് മൂസ്സ് വൈദ്യരത്‌നം ഔഷധശാലയുടെ കോഴിക്കോട് ട്രീറ്റ്‌മെന്റ് സെന്ററും ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി നടത്തിയ മഴക്കാല, കര്‍ക്കടക മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കല്ല്യാണങ്ങള്‍ക്കൊക്കെ അമിതമായ ഭക്ഷണമാണ് വിളമ്പുന്നത്. ചില കല്ല്യാണങ്ങള്‍ക്കൊരുക്കുന്ന വിഭവങ്ങളുടെ എണ്ണം വളരെ ദീര്‍ഘിച്ചതും ഒരാള്‍ക്ക് എല്ലാ വിഭവങ്ങളും കഴിക്കാന്‍ പോലും സാധ്യമാവാത്തതുമാണ്. അമിതമായ ഭക്ഷണമാണ് രോഗങ്ങള്‍ക്ക് പ്രധാന ഹേതു. എന്തിനാണ് മനുഷ്യന്‍ ഇത്രമാത്രം ഭക്ഷണം കഴിക്കുന്നതെന്നദ്ദേഹം ചോദിച്ചു. കുട്ടിക്കാലത്ത് കോഴിയിറച്ചി കഴിക്കല്‍ വീട്ടില്‍ വിരുന്ന് കാര് വരുമ്പോഴാണ്. വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ ഓടിപ്പിടിച്ചാണ് അറുത്ത് കറിവെക്കുന്നത്. അക്കാലങ്ങളില്‍ കോഴിക്കറിയാണ് മുഖ്യം. അതിഥികള്‍ പോയിക്കഴിഞ്ഞാണ് കുട്ടികളായ തങ്ങള്‍ക്ക് ഇറച്ചി ലഭിക്കാറുള്ളത്. ഇന്നത്തെ സ്ഥിതി വളരെ വ്യത്യസ്തമാണ്. പുതിയ തലമുറയ്ക്ക് ചിക്കനില്ലാതെ ജീവിക്കാനാവാത്ത സ്ഥിതിയാണ്. ഇന്ന് നാടന്‍ ഭക്ഷണം അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. മന്തി, ബിരിയാണി, ചിക്കന്‍ റോളുകള്‍ അങ്ങനെ ചിക്കന്‍ ഐറ്റമാണ് പാര്‍ട്ടികളിലെല്ലാം. പണ്ട് കാലങ്ങളില്‍ ദാരിദ്ര്യമുണ്ടായിരുന്നെങ്കിലും ജനങ്ങള്‍ക്ക് ആരോഗ്യമുണ്ടായിരുന്നു. പഴയ കാല സിനിമകളിലെ ആള്‍കൂട്ടം കണ്ടാല്‍ ഇത് മനസ്സിലാവും. കുടവയര്‍ ഉള്ളവര്‍ ചുരുക്കമായിരുന്നു. ഇന്ന് ദാരിദ്ര്യമില്ല എന്നാല്‍ മിക്കവരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. പൊലീസില്‍ കയറി 5, 10 വര്‍ഷം കഴിയുമ്പോള്‍ പലരും ജീവിക്കുന്നത് ഒരു കൂട്ടം ഗുളികകള്‍ കഴിച്ചാണ്. പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ ഇല്ലാത്തവര്‍ ചുരുക്കമാണ്. മിതമായ ആഹാരം കൃത്യമായ വ്യായാമം, യോഗ എന്നിവയിലൂടെ മികച്ച ജീവിത ശൈലി രൂപപ്പെടുത്തണമെന്നദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇന്ന് രോഗം വന്നാല്‍ ഡോക്ടറുടെ അടുത്തെത്തും. രോഗിയുടെ വേവലാതിയിലൂടെ അവിടെയും വ്യാപാര താല്‍പര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. തന്റെ നാടായ പേരാമ്പ്രയില്‍ ബാലകൃഷ്ണന്‍ ഡോക്ടറുടെ ചികിത്സാ രീതി അദ്ദേഹം സ്മരിച്ചു. ഡോക്ടര്‍ക്ക് ഒരു രൂപയായിരുന്നു ഫീസ്. രണ്ട് രൂപയുടെ മരുന്നും. ഏത് രോഗവും ഡോക്ടര്‍ പരിശോധിച്ച് കണ്ടുപിടിക്കും. ഇന്നാണെങ്കില്‍ ഡോക്ടര്‍മാര്‍ ഉപകരണങ്ങളെ ആശ്രയിച്ചാണ് രോഗ നിര്‍ണ്ണയം നടത്തുന്നത്. ആശുപത്രി വാസം, പൊലീസ് സ്റ്റേഷന്‍ കയറല്‍, കോടതി കയറല്‍ ഒഴിവാക്കി മികച്ച ജീവിതം നയിക്കാന്‍ നമുക്കാവണം. കോഴിക്കോട്, ഹോട്ടല്‍, ഹോസ്പിറ്റല്‍, ബേക്കറി എന്നിവയുടെ കേന്ദ്രമായി മാറുകയാണ്. കുട്ടികള്‍ക്ക് പരസ്യം കണ്ട് അമിതമായി ചോക്ലേറ്റ് വാങ്ങി നല്‍കുമ്പോള്‍ നശിക്കുന്നത് അവരുടെ ദന്ത നിരകളാണ്. കേരളീയര്‍ക്ക് ജീവിത ദൈര്‍ഘ്യമുണ്ടെങ്കിലും, രോഗാതുരത വര്‍ദ്ധിക്കുകയാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ. സജിത്, അസോസിയേഷന്‍ സംസ്ഥാന മാനുഫാക്ചറിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മനോജ് കാളൂര്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. ബി.ജി അഭിലാഷ്, സംസ്ഥാന മീഡിയ കമ്മിറ്റി കണ്‍വീനര്‍ കെ.എസ് വിമല്‍ കുമാര്‍, ജില്ലാ സെക്രട്ടറി ഡോ. കെ. സന്ദീപ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. അഞ്ജു കൃഷ്ണ സംസാരിച്ചു.
ജീവിത ശൈലി നമുക്ക് തീരുമാനിക്കാനായാല്‍
രോഗങ്ങള്‍ പമ്പ കടക്കും; കെ.പി.അബ്ദുല്‍ റസാഖ്
