കോഴിക്കോട്: നൂറ്റാണ്ടുകളുടെ മഹത്തായ വാണിജ്യ പാരമ്പര്യം അലയടിക്കുന്ന തെക്കേപ്പുറം, ഇന്‍ഡോ-അറബ് ചരിത്രത്തിന്റെ വിളനിലമാണ്. മത സൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃക കൂടിയാണീപ്രദേശം. കേരളത്തെ മാറ്റിമറിച്ച പ്രവാസ ലോകത്തേക്കുള്ള ആദ്യ കുടിയേറ്റം നടന്ന പ്രദേശങ്ങളില്‍ ഒന്നുമാണിത്. 1965ലാണ് തെക്കേപ്പുറത്തുകാരനായ പി.വി.മുഹിയുദ്ദീന് കോയ പത്തേമാരിയിലൂടെ ഗള്‍ഫിലെത്തുന്നത്. നീണ്ട ആറ് പതിറ്റാണ്ട്കൊണ്ട് ഇവിടെ നിന്നും ആയിരങ്ങളാണ് പ്രവാസ ലോകത്തേക്ക് എത്തിയത്. അവരുടെയൊക്കെ സംഭാവനകളാണ് തെക്കെപ്പുറത്തും, കുറ്റിച്ചിറയിലും, കോഴിക്കോട് നഗരത്തിലും തല ഉയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന വ്യാപാര സൗധങ്ങളില്‍ പലതും. പ്രവാസ ലോകത്തേക്കുള്ള തെക്കേപ്പുറത്തുകാരുടെ പ്രയാണം തലമുറകളായി തുടരുമ്പോഴും പിറന്ന നാടിനും, സംസ്ഥാനത്തിനും, രാജ്യത്തിനും ഇവര്‍ നല്കുന്ന സംഭാവന അഭംഗുരം തുടരുകയാണ്. തെക്കെപ്പുറത്തിന്റെ പ്രവാസ ചരിത്രം അനാവരണം ചെയ്യാനാണ് ഖാസി ഫൗണ്ടേഷന് ആഗസ്റ്റ് 1, 2 ദിവസങ്ങളിലായി ബീച്ചിലുള്ള ആസ്പിന്‍ കോര്‍ട്ടിയാര്‍ഡില്‍ (ഇ വി നഗര്‍) തെക്കേപ്പുറം എന്‍ ആര് ഐ ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് ഫൗണ്ടേഷന് ചെയര്മാന് ഡോ.കെ.കുഞ്ഞാലിയും, ജന.സെക്രട്ടറി റംസി ഇസ്മായിലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മീറ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള പ്രവാസികള്‍ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി രണ്ട് ദിവസം ഖസാന പ്രദര്‍ശന വിപണന മേളയും ഒരുക്കിയിട്ടുണ്ട്. തെക്കേപ്പുറത്തെ ഹെറിറ്റേജ് ശേഖരങ്ങളുടെ പ്രദര്‍ശനത്തിനു പുറമെ വാണിജ്യ വ്യവസായ ഫുഡ് സ്റ്റാളുകളും ഉണ്ടാകും. നാളെ കാലത്ത് 10.30ന് കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് വാണിജ്യ-ഭക്ഷ്യ മേളയും, ഹെറിറ്റേജ് എക്സിബിഷന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 2ന്(ശനിയാഴ്ച) വൈകുന്നേരം 4.30ന് പ്രവാസി സംഗമം മന്ത്രി വി.ആബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും. ഒമാനില്‍ നിന്നുള്ള ഷെയ്ഖ് ഹമാദ് ബദര്‍ അല്‍ തായ് മുഖ്യാതിഥിയായി സംബന്ധിക്കും. ചടങ്ങില്‍ വെച്ച് കിടപ്പാടം ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം മന്ത്രി എ.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, എം.എല്‍.എ മാരായ അഹമ്മദ് ദേവര്‍ കോവില്‍, കെ.എം.സച്ചിന്‍ദേവ്, എ.കെ.എം.അഷ്റഫ്, കെ.മുരളീധരന് എക്സ് എം.പി എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. രാഷ്ട്രീയ സാമൂഹിക, വ്യവസായ രംഗത്തെ പ്രമുഖര്‍ ആശംസകള്‍ നേരും. ചടങ്ങിന്റെ ഭാഗമായി തെക്കേപ്പുറത്തു നിന്ന് വിദേശ നാടുകളിലെത്തി നാടിനെ ശാക്തീകരിച്ച പ്രമുഖ വ്യക്തിത്വങ്ങളായ പി.വി.മുഹിയുദ്ദീന് കോയ, കെ.വി.ഹസ്സന്‍കോയ(സൗദി അറേബ്യ), ഡോ.സി.എം.നജീബ് (ഒമാന്‍), പി.കെ.അബ്ദുള്ളക്കോയ(യുഎഇ), ആദം ഒജി(യുഎഇ), നിയാസ് അബ്ദുല്‍ നാസര്‍ (യുകെ) എന്നിവരെ ചടങ്ങില്‍ ആദരിക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന കലാ സായാഹ്നം കൈതപ്പുറം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഗായിക സരിത റഹ്മാന് നയിക്കുന്ന ഗസല്‍ മാപ്പിള കലാ വിരുന്നും അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ.കെ.കുഞ്ഞാലി, എം.വി.റംസി ഇസ്മായില്‍, സ്വാഗത സംഘം ചെയര്മാന് സി.എം.ഉമ്മര്‍കോയ, ഫൗണ്ടേഷന് ട്രഷറര്‍ കെ.വി.ഇസ്ഹാഖ്, സ്വാഗത സംഘം കണ്‍വീനര്‍മാരായ എം.വി.മുഹമ്മദലി, ആര് ജയന്ത്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
