കോഴിക്കോട്: പ്രണയ ജാലകം മെല്ലെ തുറക്കുമ്പോള്‍ കവിതാ സമാഹാരവുമായി നവാഗത കവി പരപ്പില്‍ അനില്‍ സാഹിത്യ ലോകത്ത് സജീവമാകുകയാണ്.
കവിതാ സമാഹാരത്തിന്റെ പേര് പോലെ ഇതിലെ 48 കവിതകളില്‍ മഹാ ഭൂരിപക്ഷവും നമ്മെ കൊണ്ടെത്തിക്കുന്നത് പ്രണയമെന്ന സുന്ദര ലോകത്തേക്കാണ്. ഈ കാവ്യ സമാഹാരം തുറന്നു വെക്കുന്നത് സൗന്ദര്യാവിഷ്‌ക്കാരമാണെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി അവതാരികയില്‍ കുറിച്ചിട്ടുണ്ട്. പുതിയ കാലത്ത് കവിതയുടെ വഴികള്‍ പലതാണെങ്കിലും, അതവസാനം ചെന്നെത്തുന്നത് സൗന്ദര്യാവിഷ്‌ക്കാരം എന്ന സര്‍ഗ്ഗ ലക്ഷ്യത്തിലേക്കാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സൗന്ദര്യാവിഷ്‌ക്കാരം അതായത് സര്‍ഗ്ഗവാസനയുടെ ഏറ്റവും ഉദാത്തമായ മാതൃകയാണെന്നും കാവ്യാവിഷ്‌ക്കാരം കൃതൃമമാകാതിരുന്നാല്‍ അത്തരം കവിതകള്‍ ഹൃദയത്തില്‍ തൊടുന്നതാകുമെന്നും പരപ്പില്‍ അനിലിന്റെ കവിതകള്‍ ആ ഗണത്തില്‍പ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. റെയില്‍വേ വകുപ്പില്‍ കണ്ണൂരില്‍ ട്രാവലിംങ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ആയി റിട്ടയര്‍ ചെയ്ത പരപ്പില്‍ അനിലിന്റെ പ്രഥമ കവിതാ സമാഹാരമാണ് പ്രണയ ജാലകം മെല്ലെ തുറക്കുമ്പോള്‍. കവിതാ സമാഹാരത്തിന്റെ പ്രകാശനം ആഗസ്റ്റ് 16ന് കോഴിക്കോട് നടക്കും. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. വില 110 രൂപ. പുസ്തകം ആവശ്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
