ഇന്ത്യയും, യു.കെയും ഒപ്പുവെച്ച സ്വതന്ത്ര വ്യാപാരക്കരാര്‍ (എഫ് ടി എ) ഇരു രാജ്യങ്ങളുടേയും വ്യാപാര വളര്‍ച്ചക്കുതകുന്നതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കരാര്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയും, യു കെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ ചരിത്ര ദിനമാണിതെന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചപ്പോള്‍, കരാര്‍ ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍ പറഞ്ഞത്. ഈ കരാര്‍ കേരളത്തിന് ഗുണമുണ്ടാകുമെന്നും സുഗന്ധവ്യജ്ഞനങ്ങളുടെ കയറ്റുമതി, മത്സ്യ കയറ്റുമതി എന്നീ മേഖലകളിലും, കേരളത്തിന്റെ കള്ളിനും മാര്‍ക്കറ്റുണ്ടാകുമെന്ന് വ്യക്തമാണ്. ഈ മേഖലയില്‍ സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
ടെലികോം രംഗത്ത് ഇന്ത്യയില്‍ 100% വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങും. ഇന്‍ഷൂറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 74% വരെയാകും. യുകെയിലെ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കും. ഈ കരാറോടെ ഇന്ത്യ ആഗോള വ്യാപാര രംഗത്ത് വലിയ ഒരു നീക്കമാണ് നടത്തിയിട്ടുള്ളത്. അമേരിക്കയാണ് ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി എന്നിരിക്കെ ബ്രിട്ടനുമായി നടത്തിയ കരാര്‍ തന്ത്രപരമായ നീക്കമായും വിലയിരുത്തുന്നു.
അന്താരാഷ്ട്ര തലത്തില്‍ വ്യാപാരക്കരാര്‍ മേഖലയില്‍ പുതിയ കീഴ്വഴക്കത്തിനും ഈ കരാര്‍ വഴിയൊരുക്കിയിട്ടുണ്ട്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായി വന്നതിന് ശേഷം വ്യാപാര പങ്കാളിത്ത രാജ്യങ്ങളോടെടുത്ത നികുതി നയം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ആഗോള മാര്‍ക്കറ്റില്‍ അമേരിക്കയുടെ അധീശത്വം ഉറപ്പിക്കാനും, ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാനും ശ്രമിച്ച ട്രംപിന്റെ നടപടി വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ബ്രിട്ടനുമായി ഇന്ത്യ നടത്തിയ കരാര്‍ പ്രസക്തമാകുന്നത്. കരാര്‍ ഇന്ത്യയിലെ ചെറുകിട സംരംഭങ്ങള്‍ക്ക് ഉത്തേജനം പകരും. ഐ ടി സേവന രംഗത്തും വളര്‍ച്ചയുണ്ടാകും. വിയറ്റ്നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ കയറ്റുമതിയുമായി മത്സരിക്കാന്‍ നമ്മുടെ സംരംഭകര്‍ക്ക് ഇതുവഴി സാധിക്കും. ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്ക് ബ്രിട്ടീഷ് മാര്‍ക്കറ്റില്‍ സാധ്യതകളൊരുക്കും. എന്നാല്‍ ബ്രിട്ടീഷ് കമ്പനികളുടെ കടന്നുവരവ് ഇന്ത്യയിലെ കാര്‍ഷിക മേഖലക്ക് പ്രതികൂലമായി ഭവിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയും, കര്‍ഷകരും പ്രതിസന്ധിയിലാവുന്ന നടപടികള്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ ആഭ്യന്തര വിപണി സംരക്ഷിക്കുകയും കര്‍ഷകരും മറ്റ് ഉല്‍പ്പാദകര്‍ക്കും പ്രതികൂലമാവാതെയും, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ചുമാണ് കരാര്‍ നടപ്പാക്കേണ്ടത്.
