പ്രിയ നേതാവിന്റെ അവസാന കാഴ്ചക്കായി ഒഴുകുയെത്തിയത് ജനപ്രവാഹം

പ്രിയ നേതാവിന്റെ അവസാന കാഴ്ചക്കായി ഒഴുകുയെത്തിയത് ജനപ്രവാഹം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അവസാനകാഴ്ച്ചക്കായി ദര്‍ബാര്‍ ഹാളിലേക്ക് ഒഴുകിയെത്തിയത്. ജനപ്രവാഹം.ജനനായകനായി അഞ്ചു വര്‍ഷം നിറഞ്ഞു നിന്ന സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഒരുക്കിയ പുഷ്പമഞ്ചത്തില്‍ ചെങ്കൊടി പുതച്ച് വിഎസ് കിടന്നു. ആ സമയത്ത് ആയിരങ്ങള്‍ കാത്തുനില്‍ക്കുന്നെന്ന തിരിച്ചറിവാലെന്നപോലെ മഴ പിന്‍വാങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെതന്നെ വിഎസിന്റെ വീട്ടിലെത്തിയിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കി. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി, മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സിപിഐ നേതാവ് ആനി രാജ, മന്ത്രിമാര്‍, എംപിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സിനിമാ രംഗത്തെ പ്രമുഖര്‍, സമുദായ നേതാക്കള്‍, പുരോഹിതന്മാര്‍ തുടങ്ങി നിരവധി പേരാണ് വിഎസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്.
കേരളത്തിന്റെ കാവലാള്‍ നഷ്ടപ്പെടുന്നുവെന്നാണ് പലരും പ്രതികരിച്ചത്. അനീതിക്കും അസമത്വത്തിനുമെതിരെ പ്രായം മറന്ന് വിഎസ് നടത്തിയ സമരപോരാട്ടങ്ങളെ അവര്‍ അനുസ്മരിച്ചു. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഇതുപോലൊരു നേതാവ് ഇനിയുണ്ടാവില്ലെന്നും പലരും പറയുന്നുണ്ടായിരുന്നു.

ഉച്ചയ്ക്കു രണ്ടു മണിക്കു ശേഷം പൊതുദര്‍ശനം അവസാനിച്ചതോടെ പ്രത്യേകം തയാറാക്കിയ പുഷ്പാലംകൃതമായ ബസ് ദര്‍ബാര്‍ ഹാളിനു പുറത്തെത്തി. വിപ്ലവനായകന്റെ പിറന്ന മണ്ണായ ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. ദേശീയപാതയിലൂടെ നാടിന്റെ അന്തിമോപാചാരം ഏറ്റുവാങ്ങി രാത്രിയോടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടില്‍ മൃതദേഹം എത്തിക്കും. ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടില്‍ സംസ്‌കരിക്കും.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിന്റെ അന്ത്യം. മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ചൊവ്വാഴ്ച പൊതു അവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

 

പ്രിയ നേതാവിന്റെ അവസാന കാഴ്ചക്കായി ഒഴുകുയെത്തിയത് ജനപ്രവാഹം

Share

Leave a Reply

Your email address will not be published. Required fields are marked *