കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളില്‍ എസ്എസ്എല്‍സിക്കു മികച്ച വിജയം നേടിയ 49-ഉം പ്ലസ് ടുവിനു മികച്ച വിജയം നേടിയ 24ം വിദ്യാര്‍ത്ഥികള്‍ക്കു പുരസ്‌ക്കാരം നല്‍കി. ഓഫീസ് പരിസരത്തു നടന്ന ചടങ്ങ്, സൊസൈറ്റിയുടെ ചെയര്‍മാന്‍ രമേശന്‍ പാലേരി ഉദ്ഘാടനം ചെയ്തു. ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ (എച്ച്ആര്‍) ഇ. കെ. കുട്ടി മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് എന്‍ഐടിയില്‍ എംടെക്ക് ജിയോടെക്‌നിക്കല്‍ എഞ്ചിനീയറിങ്ങില്‍ പ്രവേശനം ലഭിച്ച അതിഥി അജയ്, ജെഇഇ മെയിന്‍സ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ആര്യ സി. പി. എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. 2025-ലെ മികച്ച ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് മാനേജര്‍ക്കുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്‌മെന്റ് പാലക്കാട് ചാപ്റ്ററിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ യുഎല്‍സിസിഎസ് എച്ച്ആര്‍ കോര്‍പ്പറേറ്റ് ഹെഡ് കെ. ഹരീന്ദ്രനെയും യോഗം അനുമോദിച്ചു.
എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ 40 പേര്‍ ഒന്നാം റാങ്കുകാരായി. ആറുപേര്‍ രണ്ടാം റാങ്കിനും മൂന്നുപേര്‍ മൂന്നാം റാങ്കിനും അര്‍ഹരായി. പ്ലസ് ടുവിന് മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ 11 പേര്‍ ഒന്നാംറാങ്കും ആറുപേര്‍ രണ്ടാംറാങ്കും ഏഴുപേര്‍ മൂന്നാംറാങ്കും നേടി. 10,93,500 രൂപയാണ് ആകെ സമ്മാനത്തുക.
എസ്എസ്എല്‍സി, പ്ലസ് ടൂ വിജയികള്‍ക്ക് ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ മൂന്നു റാങ്കുകള്‍ നിശ്ചയിച്ചാണു സമ്മാനം നല്‍കിയത്. മെഡലും സര്‍ട്ടിഫിക്കറ്റും ഉപഹാരവും അടങ്ങിയതാണു സമ്മാനങ്ങള്‍. ഒന്നാം റാങ്കിനു 15,000 രൂപയും രണ്ടാം റാങ്കിന് 10,000 രൂപയും മൂന്നാം റാങ്കിന് 8,000 രൂപയുമാണു സൊസൈറ്റിയുടെ ഉപഹാരം. ഇതിനുപുറമെ, യഥാക്രമം 2000, 1500, 1000 രൂപവീതം സൊസൈറ്റിയംഗങ്ങളുടെ കള്‍ച്ചറല്‍ സെന്ററിന്റെ സമ്മാനവും ഉണ്ടായിരുന്നു. ആകെ 10,93,500 രൂപയാണ് സമ്മാനമായി വിതരണം ചെയ്തത്.
രാജ്യത്തിന്റെ പുരോഗതിക്കായി അഭിരുചിക്കനുസരിച്ചും എഐ യുഗത്തിന് ഉതകുന്നവിധത്തിലും എന്ത് എങ്ങിനെ എവിടെ പഠിക്കണമെന്നു തീരുമാനിച്ചു മുന്നേറണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ രമേശന്‍ പാലേരി വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നതും വ്യവസായത്തിന് ആവശ്യമായുള്ളതുമായ നൈപുണികള്‍ തമ്മില്‍ നിലനില്ക്കുന്ന വലിയ വിടവ് മികച്ച തൊഴിലാളികളെയും പ്രൊഫഷണലുകളെയും ലഭിക്കുന്നതിനു തടസമാകുന്നെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ തൊഴിലാളികളുടെ മക്കളുടെ വിജയം ആഘോഷിച്ച് അവര്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്ന യുഎല്‍സിസിഎസിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമാകാന്‍ സാധിച്ച ഓരോരുത്തരും ഭാഗ്യശാലികളാണെന്ന് ഇ.കെ കുട്ടി അഭിപ്രായപ്പെട്ടു.
സൊസൈറ്റിയുടെ വൈസ് ചെയര്‍മാന്‍ എം. എം. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യുഎല്‍ റിസേര്‍ച്ച് ഡയറക്ടര്‍ സന്ദേശ് ഇ. പ. മുഖ്യപ്രഭാഷണം നടത്തി. യുഎല്‍ സ്‌പേസ് ക്ലബ് മെന്റര്‍ ഷജില്‍ യു. കെ, യുഎല്‍സിസിഎസ് ഡയറക്റ്റര്‍ വി.കെ. അനന്തന്‍, ജിഎം അഡ്മിന്‍ കെ. പി. ഷാബു, ജി.എം ബില്‍ഡിങ്‌സ് ടി. പി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
എസ്എസ്എല്‍സി, പ്ലസ് ടു മികവിന് 73 പേര്‍ക്ക് യുഎല്‍സിസിഎസിന്റെ ഉപഹാരം
