കോഴിക്കോട്: 2006ല്‍ പീപ്പിള്‍സ് റിവ്യൂ ദിനപത്രം ഉദ്ഘാടനം ചെയ്തത് ആര്‍ക്കിടെക്ട് ആര്‍.കെ.രമേശ് ആയിരുന്നെന്നും അദ്ദേഹത്തിന്റെ വിയോഗം പീപ്പിള്‍സ് റിവ്യൂവിന് അപരിഹാര്യമായ നഷ്ടമാണെന്നും മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു. 2005ല്‍ കേരള മിഡ് ഡേ ടൈംസില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതലാണ് ആര്‍.കെ.രമേശുമായി ബന്ധപ്പെടുന്നത്. അന്ന് മേയറായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞതനുസരിച്ച് കോഴിക്കോട് ഡ്രീം സിറ്റി പദ്ധതിയെക്കുറിച്ച് അന്വേഷിക്കാനാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. നിരവധി വര്‍ഷങ്ങളായി ഫയലിലുറങ്ങിയിരുന്ന ഈ പദ്ധതിയെക്കുറിച്ച് ആര്‍.കെ രമേശ് പറഞ്ഞതനുസരിച്ച് നിരന്തരം കേരള മിഡ് ഡേ ടൈംസില്‍ വാര്‍ത്തകള്‍ നല്‍കുകയും, പില്‍ക്കാലത്ത് സരോവരം എന്ന നാമധേയത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുകയും ചെയ്തു.
പീപ്പിള്‍സ് റിവ്യൂവിന്റെ തുടക്കം മുതല്‍ പിന്തുണ നല്‍കിയ വ്യക്തിയാണ് ആര്‍.കെ.രമേശ്. പത്ര പ്രവര്‍ത്തനത്തില്‍ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം എപ്പോഴും നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. കോഴിക്കോടിന്റെ നഗര സൗന്ദര്യത്തിന് മിഴിചാര്‍ത്ത് നല്‍കിയ വാസ്തുശില്‍പ്പിയാണ് ആര്‍.കെ.രമേശ്. സംസ്ഥാനത്ത് പല പ്രധാന സ്ഥാപനങ്ങളും രൂപ കല്‍പ്പന ചെയ്തതും അദ്ദേഹമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ പീപ്പിള്‍സ് റിവ്യൂ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പി.ടി.നിസാര്‍ പറഞ്ഞു.
