കോഴിക്കോട്: കോഴിക്കോട്ടെ പ്രശസ്ത ആര്‍ക്കിടെക്ട് ആര് കെ രമേഷ് വിട പറഞ്ഞു. മാനാഞ്ചിറ ചത്വരം നിലനില്‍ക്കുന്ന കാലത്തോളം രമേശ് എന്ന വാസ്തു ശില്പി ഓര്‍മ്മിക്കപ്പെടും. നഗരമധ്യത്തിലെ വിശാലമായ ചിറ, വടക്കു ഭാഗത്തു അന്‍സാരി പാര്‍ക്ക്, കിഴക്ക് ഭാഗത്ത് ടാഗോര്‍ പാര്‍ക്ക്, തെക്ക് മൈതാനം, മൈതാനത്തിനും പാര്ക്കുകള്ക്കുമിടയിലൂടെ വാഹനങ്ങളോടുന്ന റോഡുകള്‍, ഇതെല്ലാം ചേര്‍ന്നതായിരുന്നു പഴയ മാനാഞ്ചിറ പ്രദേശം. മൈതാനത്ത് ഓണച്ചന്തപോലുള്ള വ്യാപാരമേളകള്‍, പുഷ്പമേള, പുസ്തകോത്സവം, ഇടയ്ക്കിടെ കലോത്സവങ്ങള്‍, സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും പരേഡിനായി പവലിയന്. ഇതിനെല്ലാം കുഴിച്ചു കുഴിച്ചു ഒരു പുല്‍ക്കൊടി പോലും മുളക്കാത്ത മണ്ണ് പാറുന്ന ഗ്രൗണ്ടില്‍ എപ്പോഴെങ്കിലും കുട്ടികളുടെ ഫുട്ബാള്‍ കളിയും.
ലോകനഗരങ്ങളിലുള്ളപോലെ ശുദ്ധവായു ലഭിക്കുന്ന പച്ചപ്പുള്ള തുറന്ന സ്ഥലം നഗരമധ്യത്തില്‍ വേണമെന്ന് അന്നത്തെ കളക്ടര്‍ അമിതാഭ് കാന്തിന്റെ മനസ്സിലുദിച്ച ആശയത്തില്‍ നിന്നാണ് ഇന്നത്തെ മാനാഞ്ചിറ സ്ക്വയറിന്റെ പിറവി. കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍ക്കിടെക്ട് ആര്. കെ രമേശ് മാനാഞ്ചിറ ചത്വരം രൂപകല്പന ചെയ്തു. മനോഹരമായ കവാടങ്ങള്‍, നടപ്പാതകള്‍ ,പുല് മൈതാനത്തിനു ചുറ്റും പച്ചപ്പ് വാരിവിതറിയ തണല്‍ വൃക്ഷങ്ങള്‍, അലങ്കാര വിളക്കുകള്‍, പ്രശസ്ത കലാകാരന്മാരുടെ സുന്ദര ശില്പങ്ങള്.വിവിധ വര്‍ണങ്ങള്‍ വിതറിയ ജലധാര. നല്ല വൈദഗ്ധ്യവും ഭാവനാ സമ്പന്നതയും ഒന്നിച്ചിണങ്ങിയ രമേശിന് എന്തും നടത്തിയെടുക്കുന്നതില്‍ മികവ് തെളിയിച്ച അമിതാഭ് കാന്തിന്റെ ഉറച്ച പിന്തുണ കൂടി ലഭിച്ചതോടെ ഇന്നത്തെ മാനഞ്ചിറ കോഴിക്കോടിന് ലഭിച്ചു എന്ന് പറയുന്നതാവും ശരി. നഗര മധ്യത്തില്‍ ശുദ്ധവായു ലഭിക്കുന്ന മാനാഞ്ചിറയുടെ പച്ചപ്പ് എന്നും നില നില്ക്കട്ടെ. ഒപ്പം രമേശിന്റെ ഓര്‍മകളും.
ആര് കെ രമേഷ് മാനാഞ്ചിറ ചത്വരത്തിന്റെ ശില്പി
