കാന്തപുരത്തിന്റെ കാരുണ്യം ഇന്ത്യയുടെ മനുഷ്യത്വം (എഡിറ്റോറിയല്‍)

കാന്തപുരത്തിന്റെ കാരുണ്യം ഇന്ത്യയുടെ മനുഷ്യത്വം (എഡിറ്റോറിയല്‍)

          യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ, കേന്ദ്ര സര്‍ക്കാര്‍പോലും ഈ വിഷയത്തില്‍ പരിമിതിയുണ്ടെന്ന് രാജ്യത്തെ പരമോന്നത നീതിപീഠത്തെ അറിയിച്ചതിന് പിന്നാലെയാണ്, ഭാരതത്തിന് എക്കാലവും യശസ്സുയര്‍ത്തിയ കേരളത്തിലെ ചരിത്രത്തിലെ ധീര നായകന്മാര്‍ക്ക് ജന്മം നല്‍കിയ മലബാറിന്റെ മണ്ണില്‍ നിന്നും ഒരാത്മീയ പണ്ഡിതന്റെ കാരുണ്യത്തിന്റെ സ്പര്‍ശമേറ്റ് ആ വധ ശിക്ഷാ വിധി തല്‍ക്കാലത്തേക്ക് മാറ്റിവെച്ച വാര്‍ത്തയാണ് ഭാരതവും, ഇന്ത്യയും, നമ്മള്‍ മലയാളികളും ഇന്നലെ ശ്രവിച്ചത്. പ്രിയപ്പെട്ട കാന്തപുരം ഉസ്താദ് അങ്ങേക്ക് വാക്കുകള്‍ക്കതീതമായി മനസിന്റെ അടിത്തട്ടില്‍ നിന്നും നന്ദി. ഈ വിഷയത്തിലിടപെട്ടത് മനുഷ്യത്വപരമായതിനാലാണെന്ന അങ്ങയുടെ വാക്കുകള്‍ എന്നും ആദരവോടെ സമൂഹം ചേര്‍ത്ത്പിടിക്കും. ഇതോടുകൂടി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കപ്പെടാന്‍ സാഹചര്യമൊരുങ്ങട്ടെ എന്ന് നമുക്കാശിക്കാം. ഇക്കാര്യത്തില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ തുടര്‍ന്നും ഉണ്ടാവുകയും, യെമനിലെ ഇസ്ലാം മത നേതൃത്വത്തിന്റെ സഹായത്തോടെ ആവശ്യമായ പരിഹാര പ്രക്രിയയോടെ നിമിഷ പ്രിയയുടെ മോചനം സാധ്യമാകട്ടെ.
നിമിഷപ്രിയയുടെ ശിക്ഷയും, അതില്‍ കാന്തപുരം ഉസ്താദ് ഇടപെട്ട സംഭവവും നമ്മുടെയെല്ലാവരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷങ്ങളും, അവരുടെ ആരാധനാലയങ്ങളും, വിശ്വാസങ്ങളും ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍, മതത്തിന്റെ പേരില്‍ സങ്കുചിത വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഇന്ത്യയിലെ വര്‍ത്തമാന കാല രാഷ്ട്രീയത്തില്‍ ജാതി-മത രാഷ്ട്രീയത്തിന്റെ വക്താക്കള്‍ തിരിച്ചറിയേണ്ട മഹത് സന്ദേശമാണ്. നമ്മുടെ ഭരണഘടന ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്ന ഓരോ ഭാരതീയനും എന്റെ സഹോദരീ സഹോദരന്മാരാണെന്ന ആപ്തവാക്യമാണ് ഇവിടെ നെഞ്ചോട് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഈ സന്ദേശം തന്നെയാണ് ഭാരതത്തിന്റെ മുഖമുദ്ര. ഇന്ത്യാ ഗവണ്‍മെന്റ് നിശ്ചലമായ ഒരു ഘട്ടത്തില്‍ ഒരു ഇസ്ലാംമത പുരോഹിതന്‍ നടത്തിയ ഇടപെടല്‍, ഇസ്ലാമെന്ന മതം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയെന്ന മഹത്തായ സന്ദേശം ഉറക്കെ ഉദ്‌ഘോഷിക്കുന്നു.
ഈയൊരു സംഭവത്തിലൂടെ നമ്മള്‍ മനുഷ്യര്‍ക്ക് രണ്ട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഒന്ന് നമ്മുടെ പരസ്പര സാഹോദര്യം തകര്‍ക്കാന്‍ ഒരാളെയും അനുവദിക്കരുത്. പരസ്പരം സ്‌നേഹിച്ചും, കൊണ്ടും കൊടുത്തും സഹായിച്ചും നമ്മള്‍ ജീവിക്കണം. അതാണ് ഇന്ന് കാണുന്ന ഭാരതത്തെ കെട്ടിപ്പടുത്തത്. രണ്ട് മത നേതൃത്വങ്ങള്‍ക്ക് വലിയ സന്ദേശമാണ് കാന്തപുരം ഉസ്താദ് നല്‍കുന്നത്. അധികാരത്തിലിരിക്കുന്നവരോട് നല്ല ബന്ധം സൂക്ഷിക്കുമ്പോഴും, തന്റെ നിലപാടുകള്‍ വെട്ടിത്തുറന്നു പറയാന്‍ ധൈര്യം കാണിച്ച ആത്മീയ നേതാവാണ് കാന്തപുരം. ഇന്ത്യയിലെ ഇസ്ലാം മത വിശ്വാസികളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും, പ്രശ്‌നങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ  ശ്രദ്ധയില്‍പ്പെടുത്താന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കാന്തപുരം ഉസ്താദിന്റെ ശ്രമം തുടരട്ടെ, അത് നിമിഷപ്രിയയുടെ മോചനം യാഥാര്‍ത്ഥ്യമാക്കുകയും, ഭാരതത്തിന്റെ കാരുണ്യത്തിന്റെ സൂര്യതേജസായി ലോകത്ത്് പ്രക്ഷോഭിക്കട്ടെ.

കാന്തപുരത്തിന്റെ കാരുണ്യം ഇന്ത്യയുടെ മനുഷ്യത്വം (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *