കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം നിര്‍ഭയമായി നടത്താം: മന്ത്രി റിയാസ്

കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം നിര്‍ഭയമായി നടത്താം: മന്ത്രി റിയാസ്

കോഴിക്കോട്: നിര്‍ഭയം മാധ്യമപ്രവര്‍ത്തനം നടത്താനുള്ള അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാധ്യമസ്വാതന്ത്ര്യത്തിന് വലിയ ബഹുമാനവും പ്രധാന്യവും നല്‍കി മുന്നോട്ടുകൊണ്ടുപോകുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എങ്ങനെ വേണമെങ്കിലും പറയാനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ തെരുവത്ത്രാമന്‍ അവാര്‍ഡ് സമര്‍പ്പണവും പ്രസ് ക്ലബ് അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരുകളെ മാധ്യമങ്ങള്‍ വിമര്‍ശിക്കുകയെന്നത് സ്വാഭാവികമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഭരണ സംവിധാനങ്ങളും വിമര്‍ശനത്തിനപ്പുറത്തല്ല. തെറ്റുകള്‍ തിരുത്താന്‍ ഇത്തരം ചൂണ്ടിക്കാട്ടലുകള്‍ ഏറെ സഹായകരമാണ്. മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലമാണിത്. രാജ്യത്ത് വിമര്‍ശനങ്ങളോട് എടുക്കുന്ന സമീപനം ഭീകരമാണ്. മാധ്യമപ്രവര്‍ത്തകര്‍ ശരിയായ നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ്. നേരിന് വേണ്ടി നിലകൊള്ളാന്‍ രാജ്യത്ത് മുന്നോട്ടുവന്നിട്ടുള്ള മാധ്യമസ്ഥാപനങ്ങള്‍ നേരിടേണ്ട പ്രയാസങ്ങളും പ്രതിസന്ധികളും ഒരുപാടുണ്ട്.
സാങ്കേതിക വിദ്യയുടെ വികാസത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തന മേഖല ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അച്ചടി മാധ്യമങ്ങളാണ് ഇവയില്‍ ഏറേയും. പത്രങ്ങള്‍ വായിക്കാനുള്ള സമയം പൊതുവെ കുറയുകയും വായന കുറയുകയുമാണ്. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുതുതലമുറ എല്ലാകാര്യങ്ങളും മനസിലാക്കുന്നുണ്ട്. ഓരോ മനുഷ്യനും സ്വയം മാധ്യമപ്രവര്‍ത്തകനാകാമെന്ന നിലയിലേക്ക് സമൂഹമാധ്യമങ്ങളും വളര്‍ന്നു. ഒരു സംഭവത്തിന്റെ ഫോട്ടോയും വീഡിയോയും എടുത്താല്‍ അത് പിന്നീട് ലോകമാകെ ഏറ്റെടുക്കുന്ന സ്ഥിതയാണ്. തെറ്റായ രീതി മാധ്യമരംഗത്തുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യാനും തുറന്നുകാണിക്കാനുമുള്ള ബാധ്യത സമൂഹമാധ്യമത്തിന്റെ വികാസത്തിന്റെ ഭാഗമായി വരുന്നുണ്ട്. ആരോഗ്യകരമായ രീതിയിലുള്ള അത്തരം കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത് നല്ലതാണ്.
മലയാള പത്രപ്രവര്‍ത്തന രംഗത്ത് സായാഹ്ന പത്രത്തിന് വേരോട്ടമുണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ് തെരുവത്ത് രാമന്‍. അദ്ദേഹം മുന്നോട്ടുവച്ച ധീരമായ പത്രപ്രവര്‍ത്തന രീതി പുതുതലമുറയ്ക്ക് വഴികാട്ടിയായി മാറും. ചരിത്രപരമായ പാരമ്പര്യം കാത്തുസംരക്ഷിക്കുന്നതില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അത് തുടരണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ തെരുവത്ത് രാമന്‍ അവാര്‍ഡ് മാധ്യമം എഡിറ്റര്‍ വി.എം ഇബ്രാഹിമിന് മന്ത്രി സമര്‍പ്പിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പ്രസ്‌ക്ലബ് അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. ട്രഷറര്‍ പി.പ്രജിത് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. വി.എം ഇബ്രാഹിം മറുപടി പ്രസംഗം നടത്തി. സെക്രട്ടറി പി.കെ സജിത് സ്വാഗതവും വൈസ് പ്രസിഡന്റ് രേഷ്മ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

 

കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം നിര്‍ഭയമായി നടത്താം: മന്ത്രി റിയാസ്

Share

Leave a Reply

Your email address will not be published. Required fields are marked *