കെ.എഫ്.ജോര്‍ജ്
ചില വാര്‍ത്താ പരമ്പരകള്‍ കൊണ്ട് സര്‍ക്കാരിനെ വീണ്ടു വിചാരത്തിനു പ്രേരിപ്പിക്കാന്‍ കഴിയും. 40 വര്‍ഷം മുമ്പ് ഗവണ്‍മെന്റ് വകുപ്പുകളും നാടു ഭരിക്കുന്നവരും പത്ര വാര്‍ത്തകളെ ഗൗരവത്തിലെടുത്തിരുന്നു. അഴിമതികള്‍ സംബന്ധിച്ചും പൊതു ജന പരാതികള്‍ സംബന്ധിച്ചും വരുന്ന വാര്‍ത്തകള്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അതാതു വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന പതിവുണ്ടായിരുന്നു. പലപ്പോഴും വേണ്ട തിരുത്തല്‍ നടപടികളും നീക്കങ്ങളും ഉണ്ടാകുമായിരുന്നു. ഇന്ന് തെറ്റുകളും അഴിമതിയും ചൂണ്ടിക്കാണിച്ചാല്‍ അതു മൂടിവയ്ക്കാനും സമര്‍ത്ഥിക്കാനുമുള്ള കസര്‍ത്തുകളാണ് നടക്കുക.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ പ്രദേശത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച കാക്കടവ് ഡാമിനെതിരെ 1980ല്‍ വലിയ ജനരോഷം ഉണര്‍ന്നു. കാര്യങ്കോട് പുഴയില്‍ അണകെട്ടി നിലേശ്വരം, ചീമേനി, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളമെത്തിച്ച് നെല്‍കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി 1957ലാണ് രൂപം കൊള്ളുന്നത്. അക്കാലത്ത് ഡാം പണിയാന്‍ ഉദ്ദേശിച്ച ചീമേനി വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ പ്രദേശങ്ങളും ചെറുപുഴ മേഖലയും 1980 ആയപ്പോഴേക്കും വലിയ ജനവാസമുള്ള കാര്‍ഷിക കേന്ദ്രങ്ങളായി വളര്‍ന്നിരുന്നു. ഈ ഡാം 1957ല്‍ നിര്‍മ്മിച്ചിരുന്നുവെങ്കില്‍ പ്രശ്‌നമുണ്ടാകുമായിരുന്നില്ല. 23 വര്‍ഷത്തിനു ശേഷം ഡാം നിര്‍മ്മിച്ചാല്‍ ചെറുപുഴ, പാലാവയല്‍, തിരുമേനി, ചിറ്റാരിക്കല്‍ തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാകുന്ന സ്ഥിതിയായി. റിസര്‍വോയറിന്റെ മുകള്‍ ഭാഗം കര്‍ണാടക വനത്തിലേക്കു തള്ളിക്കിടക്കും.
ഡാം നിര്‍മ്മിച്ചാല്‍ ആയിരക്കണക്കിനു കുടുംബങ്ങള്‍ ഒഴിഞ്ഞുപോകേണ്ടി വരും. 1957ലെ സര്‍വേ വെച്ച് ഡാം പണിയരുതെന്നും കൂടുതല്‍ പഠനങ്ങള്‍ നടത്തി പദ്ധതി പുനഃപരിശോധിക്കണമെന്നും കര്‍ഷകരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥരും സര്‍ക്കാരും പദ്ധതി നടപടികളുമായി മുന്നോട്ടുപോയി. ഡാമിനായി നഷ്ടപ്പെടുന്ന ഭൂമിയുടേയും വരുമാനത്തിന്റേയും വ്യക്തമായ കണക്കുകള്‍ അവതരിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടെങ്കിലും ഡാം നിര്‍മ്മാണ നടപടികള്‍ക്കായി നിലേശ്വരത്ത് ഓഫീസ് തുറന്ന് മുന്നോട്ടു പോവുകയാണ് അധികൃതര്‍ ചെയ്തത്.
ഇതോടെ മലയോര കര്‍ഷകര്‍ സംഘടിച്ചു. മലയോര കര്‍ഷക സംരക്ഷണ സമിതിക്ക് രൂപം നല്‍കി. പാലാവയല്‍ പള്ളി വികാരിയും എന്റെ ജ്യേഷ്ഠ സഹോദരനുമായ ഫാ.സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടു കുന്നേലായിരുന്നു പ്രസിഡന്റ്. തോമസ് നെല്ലുവേലിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
പദ്ധതി സമഗ്രമായ പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ചെറുപുഴയില്‍ വന്‍ കര്‍ഷക റാലിയും പൊതു യോഗവും നടന്നു. തലശ്ശേരി ബിഷപ്പ് ഡോ.സെബാസ്റ്റിയന്‍ വള്ളോപ്പിള്ളി, ഫാ.വടക്കന്‍, എം.എല്‍.എമാരായ സി.ടി.അഹമ്മദാലി, എം.കെ.ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പുനഃപരിശോധനയില്ല, എന്തായാലും കാക്കടവ് പദ്ധതി നടപ്പാക്കുമെന്ന് ജലസേചന മന്ത്രി ഡോ.സുബ്ബറാവു ആവര്‍ത്തിച്ചു.
ഇതോടെ ജനങ്ങള്‍ ക്ഷുഭിതരായി. ഡാം പണിയുന്ന സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങുന്ന കാര്‍ഷിക കേന്ദ്രങ്ങളും സ്‌കൂളുകളും വ്യാപാര കേന്ദ്രങ്ങളും സന്ദര്‍ശിച്ച് ‘ദീപികയില്‍’ വാര്‍ത്താ പരമ്പര പ്രസിദ്ധീകരിച്ചു. കാക്കടവ് സംബന്ധിച്ച വാര്‍ത്തകള്‍ വലിയ പ്രാധാന്യത്തോടെയാണ് ദീപിക കൊടുത്തത്.പ്രശ്‌നം സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കണ്ണൂര്‍ കലക്ട്രേറ്റ് പിക്കറ്റ് ചെയ്യാന്‍ മലയോര കര്‍ഷക സംരക്ഷണ സമിതി തീരുമാനിച്ചു. ഉള്‍നാടന്‍ മലയോര പ്രദേശങ്ങളില്‍ അന്ന് ബസ് സര്‍വ്വീസുകള്‍ കുറവാണ്. ഗതാഗത യോഗ്യമായ റോഡുകള്‍ തന്നെ വിരളം. അഞ്ഞൂറോളം ജീപ്പുകളില്‍ കര്‍ഷകര്‍ കണ്ണൂരിലെത്തി കലക്ട്രേറ്റ് പിക്കറ്റു ചെയ്തു. രാഷ്ടീയ നേതാക്കള്‍ പ്രസംഗിച്ചു. പദ്ധതി പുനഃപരിശോധിക്കാന്‍ തയ്യാറാകുന്നതുവരെ മരണം വരെ നിരാഹാര വ്രതം അനുഷ്ഠിക്കുമെന്ന് സമിതി പ്രസിഡന്റ് ഫാ.സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടുകുന്നേല്‍ പ്രഖ്യാപിച്ചു.
കണ്ണൂരിലെ കര്‍ഷക പ്രകടനവും കലക്ട്രേറ്റ് പിക്കറ്റിങ്ങും സമിതി പ്രസിഡന്റിന്റെ നിരാഹാര പ്രഖ്യാപനവും ഇത് സംബന്ധിച്ചുള്ള പരമ്പരയും വാര്‍ത്തകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടു. സമരം നിര്‍ത്തിവയ്ക്കണമെന്നും ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി കണ്ണൂരില്‍ എത്തുമെന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും അറിയിച്ചു. ഒരാഴ്ച കഴിഞ്ഞ് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ കണ്ണൂരിലെത്തി കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തി. കാക്കടവ് പദ്ധതി ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കര്‍ഷകരുടെ വീറുറ്റ സമരം കൊണ്ട് രക്ഷപ്പെട്ടത് ചെറുപുഴ പ്രദേശമാണ്. ഇന്ന് ഇത് കൊച്ചു നഗരമാണ്. മലയോര ഹൈവേ ഇതുവഴി കടന്നു പോകുന്നു.
1984ല്‍ വയനാട് ചുരം റോഡ് 15 സ്ഥലത്ത് ഇടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം ഒരു മാസത്തോളം തടസപ്പെട്ടിരുന്നു. ആനക്കാംപൊയിലില്‍ നിന്ന് മേപ്പാടി ചൂരല്‍ മലയിലേക്ക് താമരശ്ശേരി ചുരത്തിനു ബദല്‍ റോഡ് നിര്‍മ്മിക്കാമെന്ന് പത്രത്തില്‍ വിശദമായ വാര്‍ത്തകള്‍ കൊടുത്തു. പഴയകാല നായാട്ടുകാരും ആനക്കാംപൊയിലിലെ നാട്ടുകാരുമാണ് മറിപ്പുഴ, സ്വര്‍ഗം കുന്നുവഴിയുള്ള ബദല്‍ പാതയുടെ സാധ്യത ചൂണ്ടിക്കാണിച്ചത്. കുടിയേറ്റത്തിന്റെ ആദ്യകാലത്ത് കാട്ടുമൃഗങ്ങളെ വേട്ടയാടിയിരുന്നവര്‍ ഇതുവഴി ചൂരല്‍മലയിലെ തൊള്ളായിരംകണ്ടി എസ്റ്റേറ്റിലെത്തിയിരുന്നതായി പറഞ്ഞു.
മേപ്പാടിയിലെ ജനപ്രതിനിധികള്‍ കാട്ടിലൂടെയുള്ള ഈ വഴി നടന്ന് തിരുവനമ്പാടിയിലെത്തി ബദല്‍ റോഡു സംബന്ധിച്ച് സെമിനാറും പൊതുയോഗവും നടത്തി. തിരുവമ്പാടിക്കാരും ഇതുപോലെ മേപ്പാടിയിലെത്തി സമ്മേളനം നടത്തി.
ഇപ്പോള്‍ ഇതുവഴി വയനാട്ടിലേക്ക് തുരങ്കപാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തിരിക്കുന്നു. മലമടക്കുകളിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിനു പകരം മറിപ്പുഴയില്‍ നിന്ന് പാറ തുരന്ന് സുഗമമായി വയനാട്ടിലെത്തുന്ന തുരങ്കപാതയാണ് വരുന്നത്.

