കോട്ടയ്ക്കല്‍: ആര്യവൈദ്യശാല മുന്‍ മാനേജിങ് ട്രസ്റ്റി ഡോ.പി.കെ.വാരിയരുടെ നാലാം ചരമവാര്‍ഷിക ദിനാചരണം ശ്രദ്ധേയമായി. ആയുര്‍വേദ ചികിത്സ എന്തെന്നു ലോകത്തിനു കാണിച്ചുകൊടുത്ത മഹാനുഭാവനാണ് വാരിയരെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മാനേജിങ്ട്രസ്റ്റി ഡോ. പി.എം.വാരിയര്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദത്തില്‍ അവസാന വാക്കാണ് അദ്ദേഹമെന്നു പി. എം.വാരിയര്‍ അഭിപ്രായപ്പെട്ടു. ഡോ.കെ.ജി.പൗലോസ് മുഖ്യപ്രഭാഷണം നടത്തി. സ്ഥാപകന്‍ വൈദ്യരത്നം പി.എസ്.വാരിയരുടെ ദീര്‍ഘവീക്ഷണമാണ് പി.കെ.വാരിയര്‍ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
സിഇഒ കെ.ഹരികുമാര്‍, ട്രസ്റ്റിയും നഞ്ചന്‍കോഡ് ഫാക്ടറി മാനേജരുമായ കെ.ആര്.അജയ് എന്നിവര്‍ പ്രസംഗിച്ചു. വാരിയരുടെ മകള്‍ സുഭദ്ര രാമചന്ദ്രന് ദീപം തെളിച്ചതോടെയാണ് സമ്മേളനത്തിനു തുടക്കമായത്. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.വി.രാജഗോപാലന്‍ പ്രാര്‍ഥന ചൊല്ലി.
കോട്ടൂരിലെ നിര്‍ധന കുടുംബത്തിനു വീടു നിര്‍മിക്കുന്നതിനു ആര്യവൈദ്യശാല നല്കുന്ന സഹായധനം വീടു നിര്‍മാണത്തിനായി സ്ഥലം വിട്ടു നല്കിയ പി.അജിതകുമാരിക്ക് മാനേജിങ് ട്രസ്റ്റി ഡോ. പി.എം.വാരിയര്‍ കൈമാറി.
