ഉന്നതവിദ്യാഭ്യാസ മേഖലയുടെ പാരമ്പര്യം തകര്‍ക്കരുത്
കേരളത്തിലെ വിദ്യാഭ്യാസമേഖല സമകാലിക രാഷ്ട്രീയ വിവാദങ്ങളില്‍ മുങ്ങിത്താഴുന്ന കാഴ്ചയ്ക്ക് കാലപ്പഴക്കമുണ്ട്. ജനാധിപത്യ രാഷ്ട്രത്തില്‍ ഉന്നത വിദ്യാഭ്യാസമേഖലകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം പാടില്ലെന്ന വാദത്തിന് അര്‍ത്ഥമി ല്ലെങ്കിലും കേവലവും,വ്യക്തിപരവും,സങ്കുചിതവുമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഏറ്റുമുട്ടാനുള്ള വേദികളായി നമ്മുടെ കാമ്പസുകള്‍ മാറേണ്ടതുണ്ടോ എന്നത് ഇവിടെ ചിന്തനീയമാണ്.
സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ഭരണ തലപ്പത്തുണ്ടാകുന്ന വിഷയങ്ങള്‍ സമരകോലാഹലങ്ങളായി മാറുന്നത് നിരന്തര സംഭവമാവുകയാണ്. ഭരണാധികാരികളുടെയും,ഭരണകൂടങ്ങളുടെയും തെറ്റായ ചെയ്തികള്‍ക്കെതിരെ യുവജന-വിദ്യാര്‍ത്ഥി സംഘം പ്രക്ഷോഭരംഗത്തിറങ്ങുന്നത് ലോകചരിത്രത്തിലെ നിത്യകാഴ്ചകളാണ്. അനീതികള്‍ക്കെതിരെ പോരാടുന്നവര്‍ ഈ സമൂഹമാണന്നതും യാഥാര്‍ത്ഥ്യമാണ്.
ആ അര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥി-യുവജനമുന്നേറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ കേരളത്തിലെ പാരമ്പര്യമുള്ളതും,നിലവാരമുള്ളതും, ഇനിയും മുന്നേറേണ്ടതുമായ വിദ്യാഭ്യാസരംഗം നിരന്തര-സംഘര്‍ഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെടേണ്ടതുണ്ടോ എന്നതും കൂട്ടായി പരിശോധിക്കപ്പെടേണ്ടതാണ്. കേരളത്തിലെ ഗവര്‍ണര്‍മാര്‍ സംസ്ഥാന ഭരണം നടത്തുന്ന സര്‍ക്കാരിനെതിരെ വിഘടിതമായി രാഷ്ട്രീയം കളിക്കുന്നതും സ്ഥിരമാവുകയാണ്. ഗവര്‍ണര്‍ പദവി ഭരണഘടനാസ്ഥാപനമാണെന്നിക്കെ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ടതാണ് ഗവര്‍ണര്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നോമിനികളായി സംസ്ഥാനങ്ങളിലെത്തുന്ന ഗവര്‍ണര്‍മാര്‍കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതം നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഗവര്‍ണര്‍- സംസ്ഥാനസര്‍ക്കാര്‍ ഏറ്റുമുട്ടലുണ്ടാകുന്നത്. ഇത് കേരളത്തില്‍ നിരന്തരമായി തുടര്‍ന്ന് വരുന്നു എന്നത് ഖേദകരമാണ്.
സംസ്ഥാനങ്ങളില്‍ അമിതാധികാര പ്രയോഗം അരുതെന്ന് പരമോന്നത നീതി പീഠം വ്യക്തമാക്കിയിട്ടുള്ളതാണ്. ഉന്നത വിദ്യഭ്യാസ മേഖല നിരന്തരം കലുഷിതമാകുന്നത് നമ്മുടെ പുതുതലമുറയെ മടുപ്പിക്കും. കാമ്പസുകളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിച്ചുമുന്നേറാനുള്ള ത്വര ഇത്തരം നിരന്തര സമരങ്ങളിലൂടെ നഷ്ടപ്പെടുമെന്നത് വ്യക്തമാണ്. നമ്മുടെ പുതുതലമുറയുടെ ശോഭനമായ ഭാവിയോര്‍ത്തെങ്കിലും ഇത്തരം രാഷ്ട്ര്ീയ അതിപ്രസര പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുകയാണ് ഉത്തമം. സംസ്ഥാനത്തെ ആദ്യത്തെ സര്‍വകലാശാലയും , മാതൃസര്‍വകലാശാലയുമാണ് കേരള സര്‍വകലാശാല. 1937 നവംബര്‍ ഒന്നിനാണ് കേരള സര്‍വകലാശാല പിറവിയെടുക്കുന്നത്. പ്രഥമ വൈസ്ചാന്‍സലറാകാന്‍ അല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും വിളിച്ച ചരിത്രം നമുക്കുണ്ട്. മഹത്തായ ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ നടക്കുന്നകളികള്‍ ഒഴിവാക്കേണ്ടതാണ്. പുതുതലമുറ വിദേശ രാജ്യങ്ങളെ ആശ്രയിച്ച് കേരളം വിടുകയും അവര്‍ വിദേശ രാജ്യങ്ങളില്‍ തങ്ങുകയും ചെയ്യുന്ന പ്രശ്‌നം നിലനില്‍ക്കുകയാണ്.നമ്മുടെ യുവജനങ്ങളുടെ കഴിവുകള്‍ നാടിന് വേണ്ടി വിനിയോഗിക്കാതെ പോകുന്നതിന്റെ നഷ്ടം നമുക്ക് തന്നെയാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം.അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന നിലവാരമൊരുക്കി നമ്മുടെ നമ്മുടെ കാംപസുകളെ മികവുള്ളതാക്കി പരിവര്‍ത്തിപ്പിക്കുകയും വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ അരക്കിട്ടുറപ്പിക്കുകയുമാണ് വേണ്ടത്. ഇതിനായി നമ്മള്‍ ഒന്നായി അണിനിരക്കാന്‍ വൈകിക്കൂടാ..
