കോഴിക്കോട്: വിദ്യാഭ്യാസത്തിലൂടെ അറിവുകളും ജീവിതനൈപുണികളും മനോഭാവവും ഒരു വ്യക്തിയില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനും ഒപ്പം അറിവ് നിര്‍മ്മാണ പ്രക്രിയ രസകരമായും ക്രിയാത്മകമായി കുട്ടികള്‍ക്ക് അനുഭവപ്പെടുന്നതിനുമായി വിവിധതരം തൊഴില്‍ പ്രവര്‍ത്തനങ്ങളെ ഉള്‍ചേര്‍ത്തുകൊണ്ടുള്ള നൂതന പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍.
പൊതുവിദ്യാഭ്യാസ മേഖലയിലെ അപ്പര്‍ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളെ ഇത്തരത്തില്‍ കൂടുതല്‍ ക്രിയാത്മകമാക്കുന്നതിനുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യമാണ് ക്രിയേറ്റീവ് കോര്‍ണര്‍ എന്ന പദ്ധതിക്കുള്ളത്. കൃഷി, ഇലക്ട്രിക്കല്‍ വര്‍ക്ക്, കാര്‍പെന്ററി, ഫാഷന്‍ ഡിസൈന്‍, പാചകം, ക്രാഫ്റ്റ് തുടങ്ങിയ വിഷയങ്ങളില്‍ പാഠഭാഗങ്ങള്‍ അടിസ്ഥാനപ്പെടുത്തി പരിശീലനം നടത്തും. ശരിയായ തൊഴില്‍ സംസ്‌കാരം രൂപപ്പെടുന്നതിനും തൊഴിലും വിജ്ഞാനവും രണ്ടായി നില്‍ക്കേണ്ടതല്ല എന്ന ബോധ്യമുണ്ടാകുന്നതിനും ഈ പദ്ധതി സഹായകരമാകും. എസ്എസ്‌കെ യുടെ നേതൃത്വത്തില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്.
പാഠപുസ്തകത്തിലെ ആശയങ്ങള്‍ വിവിധ തൊഴില്‍ പ്രവര്‍ത്തനങ്ങളിലൂടെ രസകരവും ക്രിയാത്മകവുമായി കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കുക, പലതരം തൊഴില്‍ മേഖലകളിലെ ഉപകരണങ്ങളെ പരിചയപ്പെടുത്തുക, തൊഴില്‍ സംസ്‌കാരത്തെപ്പറ്റി ശരിയായ മനോഭാവവും ധാരണയും വളര്‍ത്തിയെടുക്കുക എന്നിവയൊക്കെയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
ആഴ്ചവട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്രിയേറ്റീവ് കോര്‍ണര്‍ എം.എല്‍.എ അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനശേഷം എം.എല്‍.എയും മറ്റ് വിശിഷ്ടാതിഥികളും ക്രിയേറ്റീവ് കോര്‍ണര്‍ സന്ദര്‍ശിക്കുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍. സി. മോയിന്‍കുട്ടി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കവിത വി. ആര്‍. സ്വാഗതം പറഞ്ഞു. എസ്എസ്‌കെ യുടെ ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. എ. കെ. അബ്ദുല്‍ ഹക്കീം മുഖ്യാതിഥിയായിരുന്നു. യുആര്‍സി സൗത്ത് ബിപിസി പ്രവീണ്‍കുമാര്‍. വി പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡന്റ് ബിന്ദു കെ.എസ്, എംപിടിഎ പ്രസിഡന്റ് ഹസീന, എസ്എംസി ചെയര്‍മാന്‍ അഫ്‌സല്‍ കോണിക്കല്‍, ആഴ്ചവട്ടം എല്‍പി സ്‌കൂള്‍ എച്ച്.എം ഹേമലത, അജീഷ് മാത്യു, സിന്ധു വി.ജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എച്ച്എം ഇന്‍ചാര്‍ജ് വസുമതി. യു നന്ദി പറഞ്ഞു.
