ഡോ.കെ അശോക് കുമാര്‍ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ഏറ്റുവാങ്ങി
കോഴിക്കോട്: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ മെഡി.അസോസിയേഷന് (ഐഎംഎ) കോഴിക്കോട് ബ്രാഞ്ച് ഏര്‍പ്പെടുത്തിയ ബെസ്റ്റ് ഡോക്ടേഴ്സ് അവാര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രൊഫസറും ഇഎന്‍ടി വിഭാഗം മേധാവിയുമായിരുന്ന ഡോ. അശോക് കുമാര്‍ ഐഎംഎ മുന്‍ ദേശീയ പ്രസിഡന്റ് ഡോ.ആര്‍വി അശോകനില്‍നിന്ന് ഏറ്റുവാങ്ങി. ഐഎംഎ കാലിക്കറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ശങ്കര്‍ മഹാദേവന് അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡി.കോളേജിലെ നാലാം ബാച്ച് എം ബി ബി എസ് വിദ്യാര്‍ഥിയായിരുന്നു ഡോ. അശോക് കുമാര്‍. ഉപരിപഠനം ചെന്നൈയിലും ഡല്‍ഹിയിലും പൂര്‍ത്തിയാക്കി. 59വര്‍ഷമായി ഇഎന്‍ടി ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. ചെന്നൈ സ്റ്റാലിന് ഹോസ്പിറ്റല്‍, മദ്രാസ് മെഡി.കോളേജ്, ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റല്‍, ജിപ്മര്‍ പോണ്ടിച്ചേരി, കോട്ടയം മെഡി.കോളജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് മെഡി.കോളേജില്‍ 28 വര്‍ഷം സേവനം ചെയ്തു. കേരള സംസ്ഥാന ഇഎന്‍ടി അസോസിയേഷന് സ്ഥാപക പ്രസിഡന്റ്, മലബാര്‍ ഇഎന്‍ടി അസോസിയേഷന് സ്ഥാപകാംഗം, കാലിക്കറ്റ് ഇഎന്‍ടി അസോസിയേഷന് സ്ഥാപകാംഗം, പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ മാവില ചന്തു നമ്പ്യാരുടെയും, കോണത്ത് കല്യാണിയമ്മയുടെയും മകനാണ്. കോഴിക്കോട് 52വര്‍ഷമായി സ്ഥിരതാമസമാണ്. നിലവില്‍ പരിശോധന നടത്തുന്ന സംസ്ഥാനത്തെ തലമുതിര്‍ന്ന ഇഎന്‍ടി ഡോക്ടറാണ് ഡോ.കെ അശോക് കുമാര്‍. കാഞ്ഞങ്ങാട് സ്വദേശിയാണ്.
