ചിലരോഗാവസ്ഥകള്‍ നമ്മെ പലപ്പോഴും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിവിടാറുണ്ട്. അത്തരം ഒരു രോഗാവസ്ഥയാണ് സ്‌കോളിയോസിസ്.
നട്ടെല്ലിന്റെ അസാധാരണമായ വക്രത അതായത് നട്ടെല്ല് ഇടതുവശത്തേക്കോ, വലതുവശത്തേക്കോ വളയുന്നത് അസ്വാസ്ഥ്യത്തിനും വേദനക്കും ചലനശേഷി കുറയുന്നതിനും ഇടയാക്കുന്നതാണ് സ്‌കോളിയോസിസ്.
ആഗോള ജനസംഖ്യയുടെ 2-4%പേര്‍ അനുഭവിക്കുന്ന ഈ രോഗാവസ്ഥ ഇന്ത്യയില്‍ 20 ലക്ഷത്തിലധികം ആളുകള്‍ക്കുണ്ടെന്നാണ് കണക്ക്. ഏതു പ്രായക്കാര്‍ക്കും വരാവുന്ന ഈ രോഗം കൂടുതലും കണ്ടുവരുന്നത് കുട്ടികളിലും കൗമാരാരിലുമാണ്.
ചികിത്സാ രംഗത്തെ ആധുനിക സാങ്കേതിക പുരോഗതികള്‍ വ്യാപകമായതോടെ സ്‌കോളിയോസിസ് രോഗം ബാധിച്ചവരില്‍ ഏറിയപങ്കിനും സ്വാഭാവികവും സാധാരണവുമായ ജീവിതത്തിനുള്ള വഴിതുറക്കപ്പെട്ടിട്ടുണ്ട്. നട്ടെല്ലിന്റെ വളവ് ജീവിതം മുഴുവന്‍ വളച്ചുകളയുന്ന സാഹചര്യത്തിന് മെഡിക്കല്‍ രംഗത്ത് ഉത്തര മുണ്ടെങ്കിലും അത്തരം ചികിത്സകള്‍ സാധാരണക്കാരിലേക്ക് എത്തിക്കുകയെന്ന ദൗത്യം ഇനിയും ബാക്കിയാണ്. രോഗത്തെയും ചികിത്സയെയും സംബന്ധിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനായി ജൂണ്‍ മാസം ലോകമങ്ങും സ്‌കോളിയോസിസ് അവബോധ മാസമായി ആചരിക്കുന്നു.
രോഗത്തിന്റെ പ്രകൃതം,കാരണങ്ങള്‍
സ്‌കോളിയോസിസ് വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഇഡിയോപാത്തിക് സ്‌കോളിയോസിസ് ഏറ്റവും സാധാരണമാണ്. ഏകദേശം 90% കേസുകള്‍ ഈ ഗണത്തില്‍പെടും. കൃത്യമായ കാരണം അജ്ഞാതമായി തുടരുകയാണെങ്കിലും, ജനിതകഘടകങ്ങള്‍, പ്രായപൂര്‍ത്തിയാവു മ്പോയുള്ള ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, അല്ലെങ്കില്‍ ജനന സമയത്ത് ഉണ്ടാകുന്ന ഘടനാപരമായ അസാധാരണണതകള്‍ എന്നിവ സ്‌കോളിയോസിസിനെ സ്വാധീനിക്കും. ഈ അവസ്ഥ പ്രാഥമികമായി കുട്ടികളെയും കൗമാരക്കാരെയുമാണ് ബാധിക്കുന്നത്. രോഗം മൂര്‍ച്ഛിക്കുന്നത് തടയാന്‍ നേരത്തെ രോഗം കണ്ടെത്തുന്നത് നിര്‍ണായകമാണ്.
നിവര്‍ന്നുനില്‍ക്കാന്‍ കഴിയാതെ വരുക, പുറം വേദന, നട്ടെല്ലിന്റെ താഴ്ഭാഗത്തെ വേദനയും അതിന്റെ ഭാഗമായി കാലില്‍ തരിപ്പും വേദനയും അനുഭവപ്പെടുക തുടങ്ങിയവ അസുഖം ഗുരുതരമായി മാറിയതിന്റെ ലക്ഷണങ്ങളാണ്. കൂടുതല്‍ ഗുരുതരമാകുമ്പോള്‍ മലമൂത്ര വിസര്‍ജനം പോലും തകരാറിലാകാനും സാധ്യതയുണ്ട്.
രോഗ ലക്ഷണങ്ങളും രോഗനിര്‍ണയവും
അസമമായ തോളുകള്‍/അരക്കെട്ട്, ചരിഞ്ഞ ഇടുപ്പ് ചുമലിന്റെ ഒരു വശത്തെ തോള്‍ പലകകള്‍ ഉയര്‍ന്നിരിക്കുക, ഇരു ഭാഗത്തെയും വാരിയെല്ലുകള്‍ തമ്മില്‍ ഉയര വ്യത്യാസം, ഒരു വശത്തേക്ക് ശരീരം മുഴുവനായും വളയുക തുടങ്ങിയവയെല്ലാം സ്‌കോളിയോസിസിന്റെ ലക്ഷണങ്ങളാകാം. പരിചരണം നല്‍കുന്നവരും, രക്ഷിതാക്കളും അധ്യാപകരും ഈ ലക്ഷണങ്ങളില്‍ ശ്രദ്ധാലുക്കളാകണം. ഈ ലക്ഷണങ്ങളില്‍ എതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കണം. ശാരീരിക പരിശോധനകള്‍, എക്സ്റേകള്‍, ഇടക്കിടെ എം.ആര്‍.ഐ സ്‌കാനുകള്‍, എന്നിവയുള്‍പ്പെടെ സമഗ്ര പരിശോധന കൃത്യമായ രോഗനിര്‍ണ യത്തിനും ഉചിതമായ ചികിത്സ ആസൂത്രണം ചെയ്യാനും സഹായകാരമാവും.
ചികിത്സാ സാധ്യതകള്‍
ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സകളിലൂടെ പൂര്‍ണമായും നിയന്ത്രിക്കാനാവുന്ന രോഗമാണിത്. വക്രതയുടെ തീവ്രത, രോഗിയുടെ പ്രായം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ചികിത്സയെ സ്വാധീനിക്കുന്നു. വളവ് മിതമായ രീതിയിലാണെങ്കില്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ നിരീക്ഷണം വേണ്ടിവരും. എന്നാല്‍ വളവ് അധികമായ രോഗികളില്‍ വക്രത കൂടാതിരിക്കാന്‍ ബ്രേസിങ് ആവശ്യമായി വരും. ഗുരുതര കേസുകളില്‍ വക്രത 40-50 ഡിഗ്രിയില്‍ കൂടുതലാണെങ്കില്‍, നട്ടെല്ലിന്റെ വൈകല്യം ശരിയാക്കാനും കൂടുതല്‍ സങ്കീര്‍ണതകള്‍ തടയാനും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. സ്‌പൈനല്‍ ഫ്യൂഷന്‍ ഈ രംഗത്തെ അത്യാധുനിക ചികിത്സകളിലൊന്നാണ്. സ്‌കോളിയോസിസ് ഉള്ള രോഗികള്‍ക്ക് കൂടുതല്‍ വ്യക്തിപരവും സൗകര്യ പ്രദവുമായ ചികിത്സാ സാധ്യത വാഗ്ദാനം ചെയ്യുന്ന 3ഡി പ്രിന്റ് ബ്രേസുകള്‍ സംബന്ധിച്ച് സമീപകാല പഠനങ്ങള്‍ നല്ല ഫലങ്ങളാണ് കാണിക്കുന്നത്.
ചെറിയ മുറിവുകള്‍ മാത്രമുണ്ടാക്കിയുള്ള മിനിമലി ഇന്‍വേസിവ് ശസ്ത്രക്രിയാ രീതികള്‍ പ്രചാരത്തില്‍ വന്നതോടെ ചികിത്സാ രംഗത്ത് വലിയ മാറ്റം തന്നെ സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയാ അപകടങ്ങളും പാടുകളും സുഖം പ്രാപിക്കാനുള്ള സമയവുമെല്ലാം കുറക്കാനായി എന്നത് മിനിമലി ഇന്‍വേസീവ് സര്‍ജറിയുടെ നേട്ടങ്ങളാണ്. പ്രത്യേകമായ വ്യായാമങ്ങള്‍, ഫിസിക്കല്‍ത്തെറപ്പി, കൈറോപ്രക്ടിക് കെയര്‍ എന്നിവയുള്‍പ്പെടെയുള്ള കോംപ്ലിമെന്ററി നോണ്‍ സര്‍ജിക്കല്‍ ചികിത്സകള്‍ തുടങ്ങിയ പരമ്പരാഗത സമീപനങ്ങളും വേദന കുറക്കാനും വഴക്കം മെച്ചപ്പെടുത്താനും സഹായിച്ചേക്കും.
ബോധവത്കരണത്തിന്റെ പ്രാധാന്യം
സ്‌കോളിയോസിസ് ഒരു വ്യക്തിയുടെ വൈകാരിക ക്ഷേമത്തിലും ആത്മാഭിമാനത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ സമഗ്രമായ ഒരു ചികിത്സാ സമീപനത്തിന്റെ ഭാഗമായി മാനസിക പിന്തുണയും കൗണ്‍സലിങ്ങും പരിഗണിക്കണം. സ്‌കോളിയോസിസ് ബാധിച്ച വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസം, വിഭവങ്ങള്‍, സമൂഹബോധം എന്നിവ നല്‍കുന്നതില്‍ ബോധവല്‍ക്കരണ കാമ്പയിനുകളും സപ്പോര്‍ട്ട് ഗ്രൂപ്പുകളും നിര്‍ണായക പങ്ക് വഹിക്കുന്നു.
സ്‌കോളിയോസിസ് നേരാത്ത കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ശാരീരിക അസ്വസ്ഥതകള്‍ ലഘുകരിക്കുക മാത്രമല്ല സജീവവും സംതൃപ്തവുമായ ജീവിതം നയിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
സര്‍ക്കാര്‍തലത്തില്‍ സ്‌കോളിയോസിസ് സംബന്ധമായ ഗവേഷണത്തില്‍ കാര്യമായ നിക്ഷേപങ്ങള്‍ നടത്തുകയും അവബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ, രോഗനിര്‍ണയ സാങ്കേതികവിദ്യകള്‍ മെച്ചപ്പെടുത്താനും, ചികിത്സാ സമീപനങ്ങള്‍ പരിഷ്‌കരിക്കാനും സാധിക്കും. സ്‌കോളിയോസിസ് ഭാധിച്ച വ്യക്തികള്‍ക്ക് പരിമിതികളില്ലാതെ വളരാനും ജീവിക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ നമുക്കെല്ലാവര്‍ക്കും പങ്കുണ്ട്.
തയ്യാറാക്കിയത്:
Dr. Vinod V
Director – Spine Services
MBBS, D. Ortho, MS (Ortho), DNB (Ortho), FNB (Fellow of National Board) in Spine surgery
Aster MIMS Hospital Kozhikode

