സാഹിത്യ രചനയും, നാടകവും മുഖമുദ്രയാക്കിയ പുരുഷു കക്കോടി

സാഹിത്യ രചനയും, നാടകവും മുഖമുദ്രയാക്കിയ പുരുഷു കക്കോടി

പി.ടി.നിസാര്‍
പുരുഷു കക്കോടി നാടക നടന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ  രചനാ ലോകവും അഭിനയത്തോടൊപ്പം വികസിച്ചിരുന്നു. ജീവിത വഴിത്താരകളില്‍ ഏതൊരാളിന്റെ  ഉള്ളിലും ഒളിഞ്ഞു കിടക്കുന്ന സര്‍ഗ്ഗ ശേഷി കണ്ടെത്താന്‍ ആരെങ്കിലുമൊക്കെ അവിചാരിതമായി കടന്നു വരും. അത്തരമൊരു സന്ദര്‍ഭം ആകാശവാണിയില്‍ ജോലിയെടുക്കുന്ന കാലത്താണ് പുരുഷുവിനെ സ്പര്‍ശിക്കുന്നത്. ആകാശവാണിയിലെ സീനിയര്‍ അനൗണ്‍സറായിരുന്ന ശബരി മണിയാണ് പുരുഷുവിലെ സാഹിത്യകാരനെ തട്ടിയുണര്‍ത്തിയത്.ഒരോണക്കാലത്ത് ജീവനക്കാരോട് ഓണപ്പാട്ടെഴുതാന്‍ വേണ്ടി ആവശ്യപ്പെടുകയും അതില്‍ നിന്ന് താന്‍ എഴുതിയ പാട്ട് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടുകൂടി പുരുഷു ഗാന രചനാ രംഗത്തും സജീവമായി. സാഹിത്യ രചനയ്ക്ക് ശബരി മണി സാര്‍ നിരന്തരമായപ്രോത്സാഹനം നല്‍കി. എഴുതിയ രചനകള്‍ പി.പി. ശ്രീധരനുണ്ണിയും പി.എസ് നമ്പീശനും വായിച്ചു നോക്കി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അതനുസരിച്ച് കൂടുതല്‍ മികവാര്‍ന്ന രചനകള്‍ എഴുതുകയും ചെയ്തു.
വടകരയില്‍ ജനിച്ച പുരുഷുവിന്റെ ബാല്യകാലം കാഠിന്യമേറിയതായിരുന്നു. പഠന കാലത്ത് തന്നെ കൊച്ചു കൊച്ചു രചനകളാല്‍ സാഹിത്യത്തിലേക്ക് പ്രവേശിച്ച പുരുഷു ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നാടകത്തിലേക്ക് പടി കയറുന്നത്. പഠനം വഴി തെറ്റിച്ച് ചെന്നൈയിലേക്ക് വണ്ടി കയറിയ പുരുഷു അവിടെ ജോലികളില്‍ ഏര്‍പ്പെടുമ്പോഴും, പാരഡി ഗാനങ്ങളും മറ്റുമെഴുതി സുഹൃത്തുക്കളുടെ പ്രിയങ്കരനായി. ചെന്നൈയിലെ ഹോട്ടല്‍ ജീവിതം വലിയ അനുഭവമാണ് പുരുഷുവിന്റെ  മനസില്‍ കോരി നിറച്ചത്. ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് വന്ന്് പോകാനിരുന്ന സമയത്താണ്
ആകാശവാണിയില്‍ ഇന്റര്‍വ്യൂവിനുള്ള അവസരം ഒത്തുവന്നത്. 1988ലാണ് പ്യൂണ്‍ ആയി കോഴിക്കോട്ട് ആകാശവാണിയില്‍ ജോയിന്‍ ചെയ്യുന്നത്. 1989ല്‍ റേഡിയോ നാടകത്തില്‍ അഭിനയിക്കാനുളള ഒഡിഷന്‍ വിജയിച്ചതോടെ റേഡിയോ നാടകങ്ങളിലേക്കുള്ള അരങ്ങേറ്റം കുറിച്ചു. അക്കാലത്ത് റേഡിയോ നാടകങ്ങളിലൂടെ മലയാളിയുടെ മനം കവര്‍ന്ന ഖാന്‍ കാവിലിന്റെ  നിഴലായി. എല്ലാ നാടകങ്ങളിലും പുരുഷുവിനായി ഒരു വേഷം ഖാന്‍ കാവില്‍ കരുതിവെച്ചിരുന്നു. ആദ്യമായി നാടകത്തിലഭിനയിപ്പിച്ചത് ഇളയച്ഛന്‍ രാജഗോപാല്‍ പയ്യോളിയാണ്.
ആകാശവാണിയിലെ പ്രമോഷനോടെ എഴുത്തിന്റെ വാതായനങ്ങള്‍ കൂടുതല്‍ വിശാലമായി. ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ച് വന്നത്. പിന്നീട് നിരവധി ആനുകാലികങ്ങളില്‍ പുരുഷുവിന്റെ രചനകള്‍ അച്ചടി മഷി പുരണ്ടു . കലാ കൗമുദി വനിതാ പതിപ്പ്, ആകാശവാണി സോവനീര്‍, പീപ്പിള്‍സ് റിവ്യൂ, പ്രവാസി റിവ്യൂ, മഹിളാ വീഥി തുടങ്ങിയവ എടുത്ത് പറയേണ്ട പ്രസിദ്ധീകരണങ്ങളാണ്. റിയാലിറ്റി ഷോ എന്ന ചെറുകഥയ്ക്ക് 2022ലെ കാവ്യനീതി പുരസ്‌കാരം ലഭിച്ചു. 2023ല്‍ അയ്യപ്പപ്പണിക്കരുടെ നാമധേയത്തിലുള്ള പുരസ്‌കാരവും പുരുഷുവിനെതേടിയെത്തി. ആല്‍ബങ്ങള്‍, ഷോര്‍ട്ട് ഫിലിം എന്നീ മേഖലകളിലും പുരുഷു കയ്യൊപ്പ് ചാര്‍ത്തി. 2024ല്‍ ആകാശ വാണിയില്‍ നിന്ന് പടിയിറങ്ങിയതിന് ശേഷം എഴുത്തും സാംസ്‌കാരിക – രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുപോലെ കൂടെകൂട്ടിയിട്ടുണ്ട്.
ചോല  റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട്, യുവരശ്മി വായനശാല എക്‌സിക്യൂട്ടീവംഗം, അനാമൃത വയോജന ക്ലബ്ബ് സെക്രട്ടറി, പട്ടിക ജാതി ക്ഷേമ സമിതി ലോക്കല്‍ കമ്മിറ്റി പ്രസിഡണ്ട്, കര്‍ഷക സംഘം കൊല്ലേരി താഴം യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളിലും പുരുഷു കക്കോടി കര്‍മ്മ നിരതനാണ്. കക്കോടി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഷീബ, സി.വി.വത്സന്‍, രാജന്‍ കിഴക്കയില്‍, ശശാങ്കന്‍, സത്യന്‍ കരിക്കാംകുളം എന്നിവരുള്‍പ്പെടുന്ന സുഹൃത്ത് വലയം എല്ലാ പ്രോത്സാഹനവുമായി പുരുഷുവിന്റെ കൂടെയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് വിഭാഗം ജീവനക്കാരി ജയഭാരതിയാണ് ഭാര്യ.  ബംഗ്ലൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരനായ മകന്‍ അക്ഷയ് നിറഞ്ഞ സപ്പോര്‍ട്ടുമായി പുരുഷുവിനോടൊപ്പമുണ്ട്. പുതിയ ഒരു നോവല്‍ അദ്ദേഹം എഴുതിക്കഴിഞ്ഞിട്ടുണ്ട്.ഉടന്‍ അത് വായനക്കാരിലേക്കെത്തും. സാഹിത്യ പ്രവര്‍ത്തനം, സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനം, കൂടെ മനോഹരമായതും ഹൃദ്യവുമായ രചനാ ശൈലി ഇതെല്ലാം ഒന്നിച്ച് സമ്മേളിച്ച പുരുഷു കക്കോടിയില്‍ നിന്ന് കാലം പലതും പ്രതീക്ഷിക്കുന്നുണ്ട്.

സാഹിത്യ രചനയും, നാടകവും മുഖമുദ്രയാക്കിയ പുരുഷു കക്കോടി

Share

Leave a Reply

Your email address will not be published. Required fields are marked *