കൊട്ടാരക്കര മണ്ഡലത്തിലെ മികച്ച റോഡുകള്‍ ബന്ധിപ്പിക്കുന്ന സ്ഥലമായി എഴുകോണ്‍ മാറുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പോച്ചംകോണം – നെടുമ്പായിക്കുളം ഇടയ്ക്കാട് റോഡിന്റെ നിര്‍മാണോദ്ഘാടനം അറുപറക്കോണം ജംഗ്ഷനില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ബിഎം – ബിസി നിലവാരത്തില്‍ നാലു കോടി രൂപ ചെലവിലാണ് റോഡ് നിര്‍മാണം. അടിസ്ഥാന സൗകര്യ വികസനം എല്ലാ മേഖലയിലും ഉറപ്പാക്കും. എട്ടു കോടി രൂപ ചിലവഴിച്ചുള്ള കൊട്ടാരക്കരയില്‍ നിന്ന് കല്ലടയിലേക്ക് പോകുന്ന റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. എഴുകോണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് നിലവില്‍ രണ്ട് റോഡുകളുടെ പണി പൂര്‍ത്തിയായതോടെ സ്റ്റേഡിയത്തിന്റെ പണികള്‍ ദ്രുതഗതിയിലാകും. ഇലഞ്ഞിക്കോട് പാലത്തിന്റെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തീകരിക്കും. 250 ഓളം പേര്‍ക്ക് ജോലി സാധ്യത ഉറപ്പാക്കാന്‍ പോകുന്ന നെടുവത്തൂരിലെ സോഹോ കോര്‍പ്പറേഷന്റെ ഐടി പാര്‍ക്ക് പ്രാദേശിക മേഖലയിലെ ആദ്യ ഐടി പാര്‍ക്ക് ആയിരിക്കും. എഴുകോണ്‍ ജംഗ്ഷനില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനായി മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഒരു കുളമെങ്കിലും വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കും. കുട്ടികള്‍ക്ക് കളിക്കാനും മുതിര്‍ന്നവര്‍ക്ക് നടക്കാനുമായി കെ എ പിയുടെ അധീനതയിലുള്ള ഹവ്വാ ബീച്ച് എന്നറിയപ്പെടുന്ന സ്ഥലത്ത് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ വി സുമലാല്‍, എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹര്‍ ബാന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി അനില്‍, എഴുകോണ്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍ വിജയപ്രകാശ് , രതീഷ് കിളിത്തട്ടില്‍, സ്വാഗത സംഘം കണ്‍വീനര്‍ കെ ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊട്ടാരക്കര മണ്ഡലത്തിലെ മികച്ച റോഡുകള്‍ ബന്ധിപ്പിക്കുന്ന
സ്ഥലമായി എഴുകോണ്‍ മാറും: മന്ത്രി കെ എന്‍ ബാലഗോപാല്‍
