ഗ്രന്ഥശാലകള്‍ കാലത്തിനനുസരിച്ച് നവീകരിക്കണം (എഡിറ്റോറിയല്‍)

ഗ്രന്ഥശാലകള്‍ കാലത്തിനനുസരിച്ച് നവീകരിക്കണം (എഡിറ്റോറിയല്‍)

വായനാദിനം കടന്നുപോയ സന്ദര്‍ഭത്തില്‍ നമ്മുടെ നാടിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ നട്ടെല്ലായ ഗ്രന്ഥശാലകളുടെ അവസ്ഥകളും പരിശോധനാര്‍ഹമാകുന്നത് ഗുണകരമാണ്. ആയിരക്കണക്കിന് ഗ്രന്ഥശാലകളാണ് ഗ്രാമീണ മേഖലകളിലടക്കം പ്രവര്‍ത്തിച്ച് മാനവ ഹൃദയങ്ങളില്‍ വായനയുടെ അലയൊലികളുണ്ടാക്കുന്നത്. കാലത്തിനനുസരിച്ച് ലൈബ്രറികളുടെ നവീകരണം നടക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പുതിയ കാലത്തിന്റെ സാങ്കേതിക സൗകര്യങ്ങള്‍ കൂട്ടി ഗ്രന്ഥശാലകളുടെ ഭാഗമാക്കുന്നത് പുതു തലമുറ ഇ-വായനയ്ക്ക് കൂടുതല്‍ പ്രയോജനപ്പെടും. ആയിരക്കണക്കിന് ഉല്‍കൃഷ്ട ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ ലൈബ്രറികള്‍ മുതല്‍ ചെറുകിട ലൈബ്രറികള്‍ വരെയുള്ള സംസ്ഥാനത്ത്, ഈ ലൈബ്രറികളുടെ നിലനില്‍പ്പിനും, പരിപോഷണത്തിനും സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. ഗ്രാമീണ മേഖലകളില്‍ നിന്ന് നവാഗതരായ എഴുത്തുകാര്‍ ഉദിച്ചുയരുന്നതിന് നമ്മുടെ ഗ്രന്ഥ ശാലകള്‍ വഹിച്ച പങ്ക് വലുതാണ്. ഗ്രന്ഥശാലകളുടെ വിപൂലീകരണം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഒരു കമ്മീഷനെ വെച്ച് പഠിക്കുന്നത് ഉചിതമായിരിക്കും. ഗ്രന്ഥ ശാലകള്‍ കേന്ദ്രീകരിച്ച് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും, അത് കൂടുതല്‍ സക്രിയമാകും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു രൂപ രേഖയുണ്ടാക്കി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുഖേന നടപ്പാക്കിയാല്‍ നന്നായിരിക്കും. ലൈബ്രേറിയന്മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതും, ലൈബ്രറികളുടെ വിപുലീകരണത്തിലൂടെ പഠിച്ചിറങ്ങുന്ന പുതുതലമുറക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ മേഖല വഴിതുറക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വര്‍ഷംതോറും നടത്തിവരുന്ന പുസ്തക മേളകള്‍ വലിയ മുന്നേറ്റമാണുണ്ടാക്കുന്നത്. പ്രസാധകര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ ലഭിക്കുന്ന ഈ അവസരം മികച്ചതാണ്. എന്നാല്‍ ഇത്തരം മേളകളില്‍ ബുക്ക് സ്റ്റാളുകള്‍ക്ക് ഈടാക്കുന്ന ഫീസ് കുറച്ച്കൂടി ലഘൂകരിച്ചാല്‍ ചെറുകിട പ്രസാധകര്‍ക്കും ഇത്തരം മേളകളില്‍ പങ്കെടുക്കാനും, അവരുടെ പുസ്തകങ്ങള്‍ വിറ്റഴിക്കാനും സാധിക്കും. നവാഗതരായ എഴുത്തുകാരുടെ പുസ്തകങ്ങളാണ്, ചെറുകിട  പ്രസാധകര്‍ പ്രസിദ്ധീകരിക്കുന്നത് എന്നതിനാല്‍, പുസ്തക രചന നടത്തുന്ന എഴുത്തുകാര്‍ക്കും അത് കൈതാങ്ങാവും. ഇതുവഴി കൂടുതല്‍ പുസ്തകങ്ങള്‍ എഴുതാനും, അത് വില്‍പ്പന നടക്കുന്ന ഒരു സാഹചര്യമുണ്ടാവുകയും ചെയ്യും. ഇത്തരം കാര്യങ്ങളെല്ലാം നമ്മുടെ മാതൃഭാഷയുടെ പരിപോഷണത്തിന് വഴിയൊരുക്കും.
വായനാദിനമായ ഇന്നലെ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത് അരയങ്കോട് വായനശാലയുടെയും, മാവൂര്‍ പഞ്ചായത്തിലെ ആയംകുളത്തുള്ള വായനശാല കെട്ടിടത്തിന്റെയും ദയനീയ സ്ഥിതി മാധ്യമ വാര്‍ത്തകളായി പുറത്ത് വന്നിട്ടുണ്ട്. ഇക്കാര്യം വളരെ ഗൗരവമുള്ളതാണ്. ത്രിതല പഞ്ചായത്തുകള്‍ ഇക്കാര്യം ശ്രദ്ധിക്കണം. അവരുടെ വാര്‍ഷിക പദ്ധതികളില്‍ ഗ്രന്ഥശാലകളുടെ ഉന്നമനത്തിന് പ്രത്യേക കരുതല്‍ നല്‍കണം.
പുതുതലമുറ ലഹരിക്ക് പിന്നാലെ പോകുന്നു എന്ന് നമ്മള്‍ നിലവിളികൂട്ടിയിട്ട് കാര്യമില്ല. മനുഷ്യ ജീവിതത്തിന്റെ വളര്‍ച്ചയുടെ അളവുകോലായ വായനാലോകം വിപുലീകരിക്കാനുള്ള ഇത്തര മേഖലകള്‍ പരിപോഷിപ്പിക്കുകയും, യുവജനങ്ങളെ ഗ്രന്ഥശാലകളുടെ ഭാഗമാക്കിമാറ്റാന്‍ സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കുകയും വേണം.
വായന മരിക്കില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ പി.പി.ശ്രീധരനുണ്ണി ഇന്നലെ പീപ്പിള്‍സ് റിവ്യൂവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. പുസ്തകങ്ങള്‍ അറിവിന്റെ  കേദാരങ്ങളാണ്. അത് ദേശങ്ങള്‍ക്കും കാലങ്ങള്‍ക്കും അതീതമായി സഞ്ചരിക്കും. കൂടുതല്‍ സമ്പുഷ്ടമായ ഒരു വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കാനും സാംസ്‌കാരിക ഔന്നത്യം ഊട്ടിയുറപ്പിക്കാനും നമുക്കൊന്നായി കൈകോര്‍ക്കാം.

ഗ്രന്ഥശാലകള്‍ കാലത്തിനനുസരിച്ച് നവീകരിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *