ഇസ്രയേല്‍-ഇറാന്‍ യുദ്ധം അവസാനിപ്പിക്കണം(എഡിറ്റോറിയല്‍)

ഇസ്രയേല്‍-ഇറാന്‍ യുദ്ധം അവസാനിപ്പിക്കണം(എഡിറ്റോറിയല്‍)

            യുദ്ധം മാനവരാശിയുടെ ശത്രുവാണ്. ആ ശത്രുവിനെ തോളില്‍പേറി നടക്കുന്ന ഭരണാധികാരിയാണ് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ്-ഇസ്രയേലിനെതിരെ നടത്തിയ അക്രമണത്തെ തുടര്‍ന്ന് ഗാസയിലെ നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊലചെയ്തുകൊണ്ടിരിക്കുന്ന നെതന്യാഹുവിനും, ഇസ്രയേല്‍ ഭരണകൂടത്തിനും കാലം മാപ്പ് നല്‍കില്ല. വാളെടുത്തവന്‍ വാളാല്‍ എന്ന പരമമായ സത്യം പോലെ ഈ മനുഷ്യ വിരുദ്ധ ശക്തികള്‍ കാലത്തിന മുന്‍പില്‍ പത്തി മടക്കി, ലോകം സമാധാനത്തിലേക്ക് വരുമെന്നാണ് മനുഷ്യരെല്ലാവരും ആഗ്രഹിക്കുന്നത്. പലസ്തീനില്‍ കടന്നു കയറി അവിടെ ജൂത രാഷ്ട്രം സൃഷ്ടിച്ചതാണ് ഇന്നത്തെ എല്ലാ സംഘര്‍ഷങ്ങള്‍ക്കും കാരണം. അതിനെ ചെറുക്കാന്‍ പലസ്തീനില്‍ നടക്കുന്ന ചെറുത്തുനില്‍പ്പുകള്‍ക്ക് ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്. ആ പോരാട്ടത്തില്‍ മരിച്ചു വീണ നിരപരാധികളുടെ രക്തത്തിന് ആര് ഉത്തരം നല്‍കും. ഹമാസ് നടത്തിയ അക്രമപരമായ കയ്യേറ്റമാണ് യുദ്ധത്തിന് തുടക്കമെന്ന് എല്ലാവര്‍ക്കുമറിയാം. വാളിനെ വാളുകൊണ്ട് നേരിട്ടവരുടെ ചരിത്രവും പരാജയങ്ങളുടേതാണെന്നാണ് മാനവ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. സ്വതന്ത്ര പലസ്തീന്‍ എന്നത് മാനവരാശിയുടെ സ്വപ്‌നം തന്നെയാണ്.
        പശ്ചിമേഷ്യയില്‍ സമാധാന ഭംഗമുണ്ടാക്കി അതിലൂടെ ആയുധ കച്ചവടമടക്കമുള്ള നേട്ടം കൊയ്യാന്‍ കണ്ണുംനട്ടിരിക്കുന്ന അമേരിക്കന്‍ സമീപനമാണ് ഇസ്രയേലിന് പിന്തുണ നല്‍കുന്നതെന്നതും വസ്തുതയാണ്. ട്രംപിന്റെ രണ്ടാം വരവ് ലോകത്ത് വ്യാപാര മേഖലയിലും, സമാധാന ജീവിതങ്ങള്‍ക്കും ഭീഷണിയായി മാറുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ തന്നെ പരാമര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്ല്യമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍-ഇറാന്‍ യുദ്ധവും ഇതിന്റെയെല്ലാം തുടര്‍ച്ചയാണ്. ഇറാഖിനെ അമേരിക്ക ഇല്ലാതാക്കിയത് ചരിത്രത്തിലൂടെ നാം അറിയുന്നു. അഫ്ഗാനിസ്ഥാനടക്കമുള്ള വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അമേരിക്ക നടത്തിയ പ്രവര്‍ത്തനങ്ങളും അങ്ങാടിപ്പാട്ടാണ്. ലോക സമാധാനത്തിന് ഭീഷണിയായി അമേരിക്കയും, ഇസ്രയേലും കൊമ്പ് കുലുക്കുമ്പോള്‍, ഈ കാളക്കൂറ്റന്മാരെ പിടിച്ചു കെട്ടാന്‍ ആരുണ്ടെന്ന ചോദ്യമാണ് ലോകത്തിനു മുമ്പില്‍ ഉയരുന്നത്. ഇന്ത്യയും, പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍, അതവസാനിപ്പിച്ചത് താനിടപെട്ടാണെന്ന് ട്രംപ് അവകാശവാദമുന്നയിക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി അതിനെ തള്ളി പറഞ്ഞിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞിന്റെ  ജോലിയാണ് ട്രംപ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്..
ഇന്ത്യയുടെ പരമാധികാരത്തിന്റെ മേല്‍ ആര് കൈകടത്തിയാലും, അതിനെ ചെറുക്കുകയും, വെല്ലവിളിക്കുകയും ചെയ്ത പാരമ്പര്യമുള്ള പ്രധാനമന്ത്രിമാരുടെ നാടാണ് ഇന്ത്യ എന്നത് ട്രംപ് മറക്കരുത്. അമേരിക്കയുടെ സര്‍വ്വ സൈനിക ശക്തികളേയും തോല്‍പ്പിച്ചടക്കിയ വിയറ്റ്‌നാമിന്റെ ചരിത്രവും ട്രംപ് മറന്നു പോകരുത്. ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകമെങ്ങും മുറവിളിക്കുകയാണ്. സാധാരണ ജനങ്ങളെ കോല്ലരുത്. നാടിനെ തകര്‍ക്കരുത്. ഈ മുദ്രാവാക്യം ജനരോഷമായി ലോകമെങ്ങും ആളിപ്പടരട്ടെ. ജനങ്ങള്‍ക്ക് മേല്‍ ഭീഷണി ഉയര്‍ത്തിയ ഹിറ്റ്‌ലറിന്റെയും, മുസോളിനിയുടെയും പതനം പോലെ ലോക സമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭരണാധികാരികള്‍ നിലം പതിക്കട്ടെ. ജനാധിപത്യവും, ശാന്തിയും, സമാധാനവും ലോകത്ത് കളിയാടട്ടെ. നമുക്ക് ഭാരതീയര്‍ക്ക് ലോക സമാധാനത്തനായി കൈകോര്‍ക്കാം.

ഇസ്രയേല്‍-ഇറാന്‍ യുദ്ധം അവസാനിപ്പിക്കണം(എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *