കടയ്ക്കാവൂര്‍ പ്രേമ ചന്ദ്രന്‍ നായര്‍
അമ്പലപ്പുഴയില്‍ സാഹിത്യ പഞ്ചാനന്‍ പി.കെ.നാരായണപിള്ളയുടെ സ്മാരകമായി സ്ഥാപിക്കപ്പെട്ട പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയായിരുന്നു പി.എന്‍.പണിക്കരുടെ ന്ഥശാല പ്രവര്‍ത്തനാരംഭം. അതിന്റെ പ്രതിനിധിയായിരുന്നു എക്കാലവും അദ്ദേഹം. 1945 മുതല്‍ 1977 വരെ മുപ്പത്തി മൂന്ന് കൊല്ലം ഗ്രന്ഥശാല സംഘത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിയായിരുന്നു. അതിന് ശേഷം സാക്ഷരതാ മിഷന്റെ പ്രതിനിധിയായി. കേരള ജനയക്കുവേണ്ടി ഇത്ര ദീര്‍ഘ കാലം നിസ്തുലവും നിരന്തരവുമായ സാംസ്‌കാരിക സേവനം നടത്തിയ മറ്റൊരു വ്യക്തി വേറെയില്ല. പി.എന്‍.പണിക്കരേക്കാള്‍ സമരദ്ധ്വാനായ ഒരു സമൂഹ സേവകന്‍ കേരളത്തിലുണ്ടായിട്ടില്ല. ഗ്രന്ഥശാലാ സംഘത്തിന്റെ മുഖപത്രമായ ഗ്രന്ഥലോകം മാസികയുടെ പ്രവര്‍ത്തനമാരംഭിച്ചത് 1948ലാണ്.
പി.എന്‍.പണിക്കരെ കേരളത്തിന്റെ സാംസ്‌കാരിക പിതാവ് എന്നാണ് തകഴി വിശേഷിപ്പിച്ചത്. നവകേരള ശില്‍പികളായ പത്തുപേരെ പട്ടികപ്പെടുത്തിയാല്‍ അതില്‍ ശ്രീശങ്കരനോടൊപ്പം പണിക്കരുമുണ്ടാകുമെന്ന് പറഞ്ഞത് അഴീക്കോടാണ്.
1909ല്‍ പുതുവായില്‍ ജനിച്ച നാരായണപ്പണിക്കര്‍ 1926ല്‍ നാട്ടിലെ ക്ഷേത്ര മൈതാനിയില്‍ ഒരു വായനാശാല സ്ഥാപിച്ചുകൊണ്ടാണ് പൊതു രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. അക്കാലത്ത് അതൊരു സാഹസമാണെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. കേരളത്തിലെ ഏറ്റവും വലിയ ജനകീയ സാംസ്‌കാരിക മുന്നേറ്റമാണ് ഗ്രന്ഥശാല പ്രസ്ഥാനം നടത്തിയിട്ടുളളത്. യാതൊരു വിധ വിഭാഗീയതയും ഇല്ലാതെ ഓരോ പ്രദേശത്തേയും സാധാരണ ജനങ്ങള്‍ക്ക് ഒത്തുകൂടാനുള്ള ഇടമായി ഗ്രന്ഥശാലകള്‍ മാറി.
പി.എന്‍ പണിക്കര്‍ 1995ല്‍ അന്തരിച്ചു. പി.എന്‍,പണിക്കരുടെ ഒന്നാം അനുസ്മരണ വര്‍ഷമായ 1996ല്‍ തുടങ്ങിവെച്ച വായനാദിനം വായനാവാരമായും 2017 മുതല്‍ വായനാ മാസമായും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ, 9 കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിവിധ കര്‍മ്മ പരിപാടികളോടെ പി.എന്‍.പണിക്കര്‍ വായനോത്സവമായി ആഘോഷിച്ചു വരുന്നു.
കേരളത്തിലെ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂര്‍ണ്ണ സാക്ഷരതയുടെ ശില്‍പിയുമായ പി.എന്‍.പണിക്കരുടെ പൂര്‍ണ്ണകായ പ്രതിമ പൂജപ്പുരയില്‍ മുന്‍ രാഷ്ട്രപതി അനാഛാദനം ചെയ്യുകയുണ്ടായി.
വായനയുടെ ലഹരി പ്രചരിപ്പിക്കാനും ഗ്രന്ഥശാല പ്രവര്‍ത്തനം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ശ്രമിച്ചുകൊണ്ട് കാലഘട്ടം നമ്മെ ഏല്‍പ്പിച്ച കടമ നിറവേറ്റാം എന്ന് പ്രതിജ്ഞ ചെയ്യാം!
