കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും പരിസ്ഥിതിക്ക് അതിയായ കേടുപാടുകള്‍ വരുത്തുന്ന ഇക്കാലത്ത് ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കുക, മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുക, പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യുക തുടങ്ങിയവ ലക്ഷ്യം വെക്കണം. പ്രവര്‍ത്തനങ്ങള്‍ ഓരോ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും തുടങ്ങാന്‍ നാമെല്ലാം പ്രതിജ്ഞയെടുക്കണമെന്നും മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. ഗുരുകുലം ആര്‍ട്ട് ഗ്യാലറിയും രേവാര്‍ട്‌സും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിന പ്രഥമ പുരസ്്കാരം കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദിക്ക് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുകുലം ആര്‍ട്ട് ഗ്യാലറി ഡയറക്ടര്‍ ഗുരുകുലം ബാബു അധ്യക്ഷത വഹിച്ചു.രേഖാചിത്രകാരന്‍ സിഗ്‌നി ദേവരാജ് പ്രശസ്തിപത്രം വായിച്ച് ദര്‍ശനം പ്രവര്‍ത്തകര്‍ക്ക് കൈമാറി. പതിമുഖ മരത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത നിറച്ചാര്‍ത്തുകള്‍ ഉപയോഗിച്ചു സി കെ ഷിബുരാജ് വരച്ച പ്രകൃതി വര്‍ണ്ണചിത്ര പ്രദര്‍ശനം മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ.എന്‍. എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റാപ്പിഡ് റെസ്‌പോണ്‍സ് ടീം റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷാജീവ് പരിസ്ഥിതി ദിന മുഖ്യപ്രഭാഷണം നടത്തി. കേരള ചിത്രകലാ പരിഷത്ത് ജില്ലാ സെക്രട്ടറി ഷാജു നെരവത്ത്, പ്രകൃതിവര്‍ണ്ണ ചിത്രകാരന്‍ സി.കെ ഷിബുരാജ്, പരിസ്ഥിതിപുരസ്‌കാരം ലഭിച്ച ദര്‍ശനം സാംസ്‌കാരികവേദി രക്ഷാധികാരി എം.എ. ജോണ്‍സണ്‍, ഷാജു ഭായി ശാന്തിനികേതന്‍ എന്നിവര്‍ പ്രസംഗിച്ചു. ചിത്രകാരന്‍ എസ്.കെ.ശശി സ്വാഗതവും ടി എന്‍ ആര്‍ കോഴിക്കോട് നന്ദിയും പറഞ്ഞു.
ദര്‍ശനം സാംസ്‌കാരിക വേദിക്ക് ഗുരുകുലം
ആര്‍ട്ട് ഗ്യാലറി പരിസ്ഥിതി പുരസ്‌കാരം