സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍ കടുത്ത ദുരിതത്തിലാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട് മത്സ്യ മേഖല അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും അതിലൊന്നും നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ മുന്നോട്ടു വരുന്നില്ല എന്നത് ഖേദകരം തന്നെയാണ്. അറുനൂറ് കിലോമീറ്റര്‍ നീളുന്ന നമ്മുടെ തീരദേശത്തെ ആശ്രയിച്ച് ലക്ഷക്കണക്കിന് മനുഷ്യരാണ് ജീവിക്കുന്നത്. മത്സ്യ ബന്ധനം തന്നെയാണ് അവരുടെ ഉപജീവന മാര്‍ഗ്ഗം. അതിന് വിഘ്നം സംഭവിക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. ഇപ്പോള്‍ കൂനിന്മേല് കുരുവെന്നപോലെ കപ്പല്‍ മുങ്ങിയതും അതിനെ തുടര്‍ന്നുള്ള ഭയാശങ്കകളും നിലനില്‍ക്കുകയാണ്. കപ്പല്‍ മുങ്ങിയതിനാല്‍ കടല്‍ മത്സ്യം കഴിക്കുന്നത് അപകടമാണെന്ന് പ്രചരണം ഒരു ഭാഗത്ത് നടക്കുമ്പോള്‍ കപ്പല്‍ ദുരന്തം കൊംണ്ട് മത്സ്യത്തിന് ദൂഷ്യമുണ്ടാകില്ലെന്നും, മറ്റും വിദഗ്ധര്‍ പറയുന്നത് മുഖ വിലയ്ക്കെടുത്ത് മുന്നോട്ട് പോകേണ്ടതുണ്ട്. കാലവര്‍ഷം ഇക്കുറി നേരത്തെ എത്തിയിട്ടുണ്ട്. കാലവര്‍ഷത്തിന്റെ വരവ് ശക്തമായതിനാല്‍ മത്സ്യബന്ധനത്തിന് പോകാന്‍ മത്സ്യ തൊഴിലാളികള്‍ക്ക് വിലക്കുണ്ട്. അതിന്റെ കൂടെ ഈ മാസം 9 മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനവുമാണ്. ഇതോടുകൂടി മത്സ്യതൊഴിലാളി കുടുംബങ്ങളില്‍ അടുപ്പെരിയുന്നത് പ്രയാസമാകും. കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും, 6 കിലോ അരിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നത് നല്ല കാര്യം തന്നെയാണ്. എന്നാല്‍ ഈ സഹായം കൊണ്ടൊന്നും മത്സ്യതൊഴിലാളികള്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല. കപ്പല്‍ ദുരന്തം സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കേന്ദ്ര സര്‍ക്കാറിന്റെ സഹായം കൂടി ഇക്കാര്യത്തിലുണ്ടാവണം. അതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണം.
മത്സ്യതൊഴിലാളി മേഖല അനുഭവിക്കുന്ന പ്രയാസങ്ങളില്‍ പ്രധാനപെട്ടതാണ് അവരുടെ ബോട്ടുകളും മുറ്റും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മണ്ണെണ്ണയുടെ ദൗര്‍ബല്യം. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മത്സ്യ സമ്പത്ത് കുറഞ്ഞു വരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. അതിനൊരു കാരണം കടല്‍ കോരിയെടുക്കുന്ന വന്‍കിട മത്സ്യ ബന്ധനമാണ്. ആഴക്കടലിലും മറ്റും വളരെ വിപുലമായ സംവിധാനമുപയോഗിച്ച് മത്സ്യ സമ്പത്ത് ഊറ്റുന്ന ഇത്തരം മത്സ്യബന്ധന രീതിക്ക് തടയിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. പാവപ്പെട്ടവരും കഷ്ടപ്പെടുന്നവരുമായ മത്സ്യ തൊഴിലാളികള്‍ താമസിക്കുന്ന തീരദേശ മേഖല വലിയ ഭീഷണി നേരിടുകയാണ്. കടലിന്റെ കടന്നു കയറ്റം കാരണം ആയിരക്കണക്കിന് പേര്‍ക്കാണ് കിടപ്പാടം നഷ്ടപ്പെടുന്നത്. അവര്‍ വാടക വീടുകളും, ബന്ധു വീടുകളും ആശ്രയിച്ചാണ് കഴിയുന്നത്. തീരദേശ മേഖലയുടെ സുരക്ഷിതത്വത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യരുത്. സംസ്ഥാനത്തിനും, രാജ്യത്തിനും വലിയ വരുമാനമുണ്ടാക്കുന്ന ഒന്നാണ് മത്സ്യ മേഖല. അതുകൊണ്ട് തന്നെ അതിനെ ശാസ്ത്രീയമായി സംരക്ഷിക്കാനും ഈ രംഗത്ത് ജോലിയെടുക്കുന്നവരെ സഹായിക്കാനും സര്‍ക്കാരുകള്‍ അമാന്തം കാണിക്കരുത്.