പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു അഡ്മിഷന്‍ ജൂണ്‍ 5 വരെ

പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു അഡ്മിഷന്‍ ജൂണ്‍ 5 വരെ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ പ്രവേശനം ജൂണ്‍ 3 മുതല്‍ 5 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ വെബ്സൈറ്റില്‍ ((https://www.hscap.kerala.gov.in/) Candidate Login-SWS ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ First Allot Resulst എന്ന ലിങ്കില്‍നിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം 2025 മേയ് 13ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍നിന്നു പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്തു നല്‍കും.

ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ചു സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം സ്‌കൂളില്‍ അടയ്ക്കാം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ട. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരെഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണു നല്‍കേണ്ടത്.

അലോട്ട്മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കുക. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളെല്ലാം നിര്‍ദ്ദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലവും മറ്റും അലോട്ട്‌മെന്റിനു പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം.

 

പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു
അഡ്മിഷന്‍ ജൂണ്‍ 5 വരെ

 

Share

Leave a Reply

Your email address will not be published. Required fields are marked *