കോഴിക്കോട്: കോര്‍പറേഷനില്‍ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം മേയര്‍ ഡോ.ബീന ഫിലിപ്പ് നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഡോ.എസ്. ജയശ്രീ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ദിവാകരന്‍ സ്വാഗതവും ഡെപ്യൂട്ടി കോര്‍പ്പറേഷന്‍ സെക്രട്ടറി നജ്‌ല ഉബൈദുള്ള നന്ദിയും പറഞ്ഞു.
കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ് ഇക്കോണമി മിഷന്‍ മുഖേന നടപ്പിലാക്കുന്ന കര്‍മ്മപരിപാടിയാണ് വിജ്ഞാന കേരളം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന തലത്തില്‍ ഉദ്യോഗാര്‍ഥികളുടെ മൊബിലൈസേഷന്‍, ഡിഡബ്ല്യുഎംഎസ് തൊഴില്‍ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍, തൊഴില്‍ മേളകള്‍ എന്നിവയാണ് പ്രധാനമായും പദ്ധതിയിലൂടെ നടപ്പിലാക്കുക. കൂടാതെ തൊഴില്‍ ദായക സംവിധാനം എന്ന നിലയില്‍ ബ്ലോക്ക്-കോര്‍പറേഷന്‍-മുനിസിപ്പാലിറ്റികളില്‍ ജോബ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ജൂണ്‍ അവസാനത്തോടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയുന്നതിനുള്ള സഹായം ലഭ്യമാക്കുക, വിവിധ തലങ്ങളില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, ജോലി സംബന്ധമായ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്കളെ പ്രാപ്തരാക്കുക മുതലായ വിവിധ തരം സേവനങ്ങള്‍ ജോബ് സ്റ്റേഷന്‍ വഴി ലഭ്യമാകും. കൗണ്‍സിലര്‍ കെ. മൊയ്തീന്‍ കോയ, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കില ജില്ലാ ഓഫീസര്‍ പ്രമോദ്, കെഡിഐഎസ്‌സി ചുമതലകാരായ കിരണ്‍ദേവ്, ജസ്റ്റിന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
വിജ്ഞാന കേരളം-വി ലിഫ്റ്റ് ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു