കോഴിക്കോട്: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തര ജീവന് രക്ഷാ പരിശീലന പദ്ധതിയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി എമര്‍ജന്‍സി ഫസ്റ്റ് റെസ്പോണ്ടര്‍ (ഇ എഫ് ആര്) പരിശീലനം സംഘടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച ഈ പരിശീലന പരിപാടിയില്‍ മാധ്യമ രംഗത്തെ വിവിധ മേഖലകളിലെ ജേര്‍ണലിസ്റ്റുകള്‍, റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ പങ്കെടുക്കുകയും പരിശീലനം നേടുകയും ചെയ്തു.
അപകടങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, പൊതു ഇടങ്ങളിലെ മറ്റ് അത്യാഹിതങ്ങള്‍ തുടങ്ങിയവയിലെല്ലാം ആദ്യം എത്തിച്ചേരുന്നതും വിശദാംശങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതും മാധ്യമപ്രവര്‍ത്തകരാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ജീവന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നടത്താനുള്ള അറിവുകൂടി ഇവര്‍ക്ക് കരഗതമാവുകയാണെങ്കില്‍ പ്രൊഫഷണല്‍ സഹായമെത്തുന്നതിന് മുന്‍പ് തന്നെ അപകടത്തിനിരയായവരുടെ ജീവന് നിലനിര്‍ത്താന്‍ സാധിക്കുന്ന ഇടപെടലുകള്‍ നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കും. ഈ യാഥാര്‍ത്ഥ്യത്തെയും അതിന്റെ പ്രാധാന്യത്തെയും ഉള്‍ക്കൊണ്ടാണ് ലൈഫ്ലൈനര്‍ പരിശീലന പദ്ധതിയുടെ ഭാഗാമയി സി പി ആര്, ട്രോമ മാനേജ്മെന്റ്, രക്തസ്രാവ നിയന്ത്രണം, അടിസ്ഥാന ജീവന് രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്ള പരിശീലനം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കാന് ബേബിമെമ്മോറില് ഹോസ്പിറ്റല്‍ മുന്‍കൈയെടുത്തത്.
‘സമൂഹത്തിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍, അപകടഘട്ടങ്ങളിലെ ആദ്യസാന്നിദ്ധ്യമാവുന്നവര് എന്ന നിലയില്‍ അവര്‍ക്ക് മറ്റാരേക്കാളും മികച്ച രീതിയില്‍ ജീവന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കാന് ഈ പരിശീലനത്തിലൂടെ സാധിക്കും’ എന്ന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സി ഇ ഒ ഡോ. അനന്ദ് മോഹന്‍ പൈ പറഞ്ഞു. പരിശീലന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ലൈഫ്ലൈനര്‍ പരിപാടിയിലൂടെ സമൂഹവുമായി ഇഴചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ഫലപ്രദമായും ഉത്തരവാദിത്തത്തോടെയും സേവനം ചെയ്യുവാനുള്ള അവസരം കൂടിയാണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി മാധ്യമപ്രവര്ത്തകര്് പരിശീലനം കരസ്ഥമാക്കി.
അപകടങ്ങളില്‍ ശാസ്ത്രീയമായ പ്രാഥമിക ജീവന് രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ സാധിക്കുന്ന ജീവന് രക്ഷാപ്രവര്‍ത്തകരെ കേരളത്തിലുടനീളം സൃഷ്ടിക്കുക എന്നതാണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ലൈഫ്ലൈനര്‍ പരിപാടിയുടെ ലക്ഷ്യം. സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവര്‍ക്ക് ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് +91 8589023000 എന്ന നമ്പറിലോ
www.lifeliner.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചോ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
എമര്‍ജന്‍സി ഫസ്ററ് റെസ്പോണ്ടര്‍ ട്രെയിനിംഗ് സംഘടിപ്പിച്ചു