മേപ്പാടി: ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ 2021-22 അധ്യയന വര്‍ഷത്തില്‍ അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ് തുടങ്ങിയ വിഷയങ്ങളില്‍ പ്രവേശനം നേടിയ ആദ്യത്തെ മെഡിക്കല്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും, 2019-ല്‍ പ്രവേശനം നേടി ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ആറാം ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ബിരുദദാനം നടന്നു. ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെയും കേരളാ യൂണിവേഴ്‌സിറ്റിയുടെയും വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ ബിരുദദാനം നിര്‍വ്വഹിച്ചു. കാന്‍സര്‍ രോഗ വിദഗ്ധനും ലേക് ഷോര്‍ ഹോസ്പിറ്റല്‍ കാന്‍സര്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. വി.പി. ഗംഗാധരന്‍ വിശിഷ്ടാതിഥി ആയിരുന്നു. എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍, ട്രസ്റ്റി. നസീറ ആസാദ് എന്നിവരും സന്നിഹിതരായിരുന്നു. യുവ ഡോക്ടര്‍മാര്‍ക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍ ചൊല്ലിക്കൊടുത്തു. .
ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ട്രസ്റ്റി ഡോ. സെബാ മൂപ്പന്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സംസാരിച്ചു. അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടും ഒ.ബി. ജി വിഭാഗം മേധാവിയുമായ ഡോ. എലിസബത്ത് ജോസഫ്, ഡി.ജി.എമ്മും കേരളാ ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാല്‍, ബിരുദധാരികളെ പ്രതിനിധീകരിച്ച് ഡോ. അമല്‍ കെ.കെ, പി.ടി.എ പ്രസിഡന്റ് ജ്യോതി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് മാഗസിന്‍ പ്രകാശനവും 2019 ബാച്ചിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയ്ക്കും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിയ്ക്കുമുള്ള അവാര്‍ഡ് വിതരണവും നടന്നു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. എ.പി. കാമത്ത് സ്വാഗതവും ഹൗസ് സര്‍ജന്‍ ഡോ. മീനാക്ഷി ബി. മേനോന്‍ നന്ദിയും പറഞ്ഞു.