ദോഹ: 2025 ഡിസംബറില്‍ ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പിന്റെ സമ്മാനത്തുക പ്രഖ്യാപിച്ചു. റെക്കോര്‍ഡ് തുകയാണ് ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക് ഖത്തര്‍ പ്രഖ്യാപിച്ചത്. 13.29 കോടി റിയാല്‍ (36.5 മില്യണ്‍ യുഎസ് ഡോളര്‍) ആണ് ഇത്തവണ ടൂര്‍ണമെന്റിന്റെ സമ്മാനത്തുക. ഏകദേശം 310 കോടിയിലേറെ ഇന്ത്യന്‍ രൂപ.
മേഖലയിലും ആഗോള തലത്തിലുമുള്ള ഫുട്ബോളിന്റെ വികസനത്തില്‍ ഖത്തര്‍ വഹിക്കുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പ്രഖ്യാപനമെന്ന് ഖത്തര്‍ കായിക, യുവജന മന്ത്രിയും ഫിഫ അറബ് കപ്പ് പ്രാദേശിക സംഘാടക സമിതി ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി പറഞ്ഞു.2021ല്‍ ഖത്തറില്‍ നടന്ന പ്രഥമ ഫിഫ അറബ് കപ്പിന്റെ സമ്മാനത്തുക ഏകദേശം 200 കോടി രൂപയായിരുന്നു.
ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് ഫിഫ അറബ് കപ്പ് 2025 നടക്കുക. ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബര്‍ 18നാണ് ഫൈനല്‍. അറബ് ലോകത്തെ ഫുട്ബോള്‍ രാജാക്കന്മാരെ കണ്ടെത്താനുള്ള ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ മാറ്റുരയ്ക്കും. ഫിഫ റാങ്കിങ് പ്രകാരം മുന്‍നിരയിലുള്ള ഒമ്പത് ടീമുകള്‍ നേരിട്ട് യോഗ്യത നേടി. ബാക്കിയുള്ള ഏഴ് ടീമുകളെ പ്ലേ ഓഫിലൂടെ കണ്ടെത്തും. ടൂര്‍ണമെന്റ് ഷെഡ്യൂള്‍ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് മേയ് 25-ന് ദോഹയില്‍ നടക്കും.