കോഴിക്കോട്: കേരളത്തിന്റെ ആതുര സേവന മേഖലയില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്‌കെയര്‍ ആപ്പ് പ്രവര്‍ത്തന സജ്ജമായി. ആസ്റ്ററിന്റെ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ സമന്വയിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് കേരളത്തിന്റെ ആതുര സേവന മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്.
ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സെബ മൂപ്പന്റെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് ലോഞ്ച് ചെയ്തു.
ആസ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ലാബുകള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ്ണമായ സേവനങ്ങള്‍ ഇനി ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് എന്ന ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. ആശുപത്രിയിലെ രജിസ്‌ട്രേഷന്‍, ഡോക്ടറുടെ ബുക്കിംഗ്, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍, ജനറല്‍ പ്രാക്ടീഷണറുടെ ഉടനടിയുള്ള സേവനം, സ്വന്തമായും കുടുംബാംഗങ്ങള്‍ക്കായും ഒരേ പ്ലാറ്റ്‌ഫോമില്‍ തന്നെ വ്യത്യസ്ത പ്രൊഫൈലുകള്‍ സൃഷ്ടിക്കാനുള്ള സൗകര്യം, എല്ലവരുടേയും ചികിത്സാ രേഖകളും റിപ്പോര്‍ട്ടുകളും എവിടെ നിന്നും ലഭ്യമാക്കാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പിന്റെ സവിശേഷതകളാണ്. എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ മലയാളത്തില്‍ തന്നെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത് എന്നതിനാല്‍ ഇത് പൊതുജനങ്ങള്‍ക്ക് അനായാസേന ഉപയോഗിക്കുവാനും സാധിക്കും.
കേരളത്തിലെ ആദ്യത്തെ പ്രാദേശികഭാഷയിലുള്ള സമഗ്രമായ ആരോഗ്യസംരക്ഷണ ആപ്പ് എന്ന രീതിയിലും ആസ്റ്റര്‍ ഹെല്‍ത്ത് ശ്രദ്ധേയമാണ്. കേവലമായ ഒരു ഡിജിറ്റല്‍ ഉപകരണം എന്നതിലുപരിയായി ഓരോ കുടുംബത്തേയും ഒപ്പം ചേര്‍ത്തുപിടിക്കുന്ന ആരോഗ്യ കാര്യങ്ങളിലെ ആത്മാര്‍ത്ഥ സുഹൃത്ത് എന്ന കാഴ്ചപ്പാടാണ് ആസ്റ്റര്‍ ഹെല്‍ത്ത് പ്രവര്‍ത്തന നിരതമാകുന്നതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത് എന്ന് ആസ്റ്റര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് സി ഇ ഒ ഡോ. ഹര്‍ഷ രാജാറാം പറഞ്ഞു. കേരളത്തിന്റെ ആതുര സേവന മേഖലയെ സമഗ്രമായി പുനരുദ്ധരിപ്പിക്കാന്‍ പോകുന്ന വലിയ മാറ്റത്തിന്റെ തുടക്കം മാത്രമാണിത് എന്നും രോഗ നിര്‍ണ്ണയ സേവനങ്ങള്‍, ഫാര്‍മസി, ഹോംകെയര്‍, തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രവും മാതൃകാപരവുമായ ഒരു ഡിജിറ്റല്‍ ഇക്കോ സംവിധാനമായി ഈ പ്ലാറ്റ്‌ഫോമിനെ മാറ്റിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസ്റ്റര്‍ മിംസ് കോഴിക്കോട് സി ഒ ഒ ലുക്മാന്‍ പൊന്മാടത്ത് സ്വാഗതം പറഞ്ഞു. ഡോ. സൂരജ് കെ എം (മെഡിക്കല്‍ ഡയറക്ടര്‍, കേരള ക്ലസ്റ്റര്‍) ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പിന്റെ സവിശേഷതകള്‍ വിശദീകരിച്ചു. ഡോ. നളന്ദ ജയദേവ്(സി ഇ ഒ, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി), ഡോ. അനൂപ് നമ്പ്യാര്‍ (സി ഒ ഒ, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ & കാസര്‍ഗോഡ്, ശ്രീ. റോബിന്‍ സി. വി (സി ഒ ഒ, ആസ്റ്റര്‍ മദര്‍ അരീക്കോട്) ബ്രിജു മോഹന്‍ ധ ജി.എം. എച്ച് ആര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളപ, ദീപക് സേവ്യര്‍ (ജന. മാനേജര്‍ ഫിനാന്‍സ്- ആസ്റ്റര്‍ കേരള ), എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്‌കെയര്‍ ആപ്പ്
‘ ആസ്റ്റര്‍ ഹെല്‍ത്ത്’ പ്രവര്‍ത്തന സജ്ജമായി