കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷന്‍, കലാസാഗര്‍ സ്ഥാപകന്‍,- കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ നൂറ്റിയൊന്നാം ജന്മദിനാഘോഷം – ഒരു പിറന്നാളിന്റെ ഓര്‍മ്മക്ക് – മെയ് 28നു കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ കലാസാഗര്‍ ആഘോഷിക്കും .
28നു ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന ആചാര്യനുസ്മരണ യോഗം പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ (ചെയര്മാന്‍ കേരള സംഗീത നാടക അക്കാദമി) ഉദ്ഘാടനം ചെയ്യും. കലാ സാഗര്‍ പ്രസിഡന്റ് ടി.കെ. അച്യുതന്‍ അധ്യക്ഷത വഹിക്കും.ഡോക്ടര്‍ കെ ജി പൗലോസ്, (മുന്‍ വൈസ് ചാന്‍സലര്‍, കേരള കലാമണ്ഡലം), കെ ബി രാജ് ആനന്ദ് എഴുത്തുകാരനും കലാനിരൂപകനും ആയ ഡോക്ടര്‍ എന്‍ പി വിജയകൃഷ്ണന്‍ അനുസ്മരണ പ്രസംഗം നടത്തും.
പ്രശസ്ത കലാനിരൂപകനും വാഗ്മിയുമായ കേരള കലാമണ്ഡലത്തിന്റെ മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. കലാധരനെ കലാസാഗര്‍ മികച്ച കലാനിരൂപകനുള്ള പുരസ്‌കാരം നല്‍കിയാദരിക്കും. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും വിവിധ കലാമേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കലാകാരന്മാര്‍ക്ക് നല്‍കി വരുന്ന 2025ലെ കലാസാഗര്‍ പുരസ്‌കാരങ്ങള്‍ ഓയൂര്‍ രാമചന്ദ്രന്‍ (കഥകളി വേഷം), കലാമണ്ഡലം സുരേന്ദ്രന്‍ (കഥകളി സംഗീതം), കീരിക്കാട് പുരുഷോത്തമന്‍ പണിക്കര്‍ (കഥകളി ചെണ്ട), കലാനിലയം രാമനുണ്ണി മൂസ്സത് (കഥകളി മദ്ദളം), കോട്ടയ്ക്കല്‍ സതീശ് എസ വി (കഥകളി ചുട്ടി) എന്നിവര്‍ക്ക് സമര്‍പ്പിക്കും.
കുന്നത്ത് നാരായണന്‍ നമ്പൂതിരിയുടെ സഹകരണത്തോടെ കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പുതിയതായി പണികഴിപ്പിച്ച കുറ്റിച്ചാമരം അദ്ദേഹത്തിന്റെ കയ്യില്‍നിന്ന് കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ട്രസ്റ്റിന് വേണ്ടി ഏറ്റുവാങ്ങും. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ കലാസാഗര്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. വെള്ളിനേഴി ആനന്ദ് സ്വാഗതവും പീതാംബരന്‍ ആനമങ്ങാട് നന്ദിയും പറയും.