കോഴിക്കോട് : സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പദ്ധതി ‘വര്‍ണക്കൂടാര ‘ ത്തിന്റെ ഭാഗമായി ദര്‍ശനം ഗ്രന്ഥശാലയില്‍ പൂമ്പാറ്റകള്‍ക്ക് ഇരിപ്പിടം ഒരുക്കി. പ്രകൃതി സംരക്ഷണത്തില്‍ പൂമ്പാറ്റകളുടെ പ്രാധാന്യം വിശദീകരിച്ച് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രോജക്ട് ഫെലോ ഡോ. മിഥുന്‍ വേണുഗോപാല്‍ കുട്ടികളുമായി സംവദിച്ചു. പ്രായോഗികതലത്തില്‍ പൂമ്പാറ്റകള്‍ക്ക് ഇരിപ്പിടം ഒരുക്കാന്‍ ആവശ്യമായ സസ്യങ്ങള്‍ ക്യാമ്പംഗങ്ങള്‍ തന്നെ ദര്‍ശനം പരിസരത്ത് നട്ടുപിടിപ്പിച്ചു. ബാലവേദി മെന്റര്‍മാരായ പി ജസീലുദ്ദീന്‍, പി തങ്കം, കുട്ടി പ്രതിനിധികളായ തിങ്കള്‍, ധനജ്ഞയ് സിദ്ധാര്‍ത്ഥന്‍, അലന്‍, കീര്‍ത്തന, ടി വിഷ്ണു, എസ് കെ ദിയ, ഋഷികേശ്, ഫാത്തിമ ഹാദിയ, ആന്‍വ്യ എന്നിവര്‍ നേതൃത്വം നല്കി. 21 ന് പ്രമുഖ പാവ നിര്‍മ്മാണ വിദഗ്ധന്‍ കൃഷ്ണകുമാര്‍ പാവകളും കഥകളുമായെത്തും. പ്ലാനെറ്റേറിയം സന്ദര്‍ശനം, ശാസ്ത്ര-സാങ്കേതിക പരിശീലനങ്ങള്‍, ജലയറിവ്, മണ്ണറിവ്,കവിത ചൊല്ലാം,കഥ പറയാം തുടങ്ങി സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ കൂടി ലക്ഷ്യം വച്ചുള്ള പദ്ധതി 25 ന് സമാപിക്കും. വിദേശ രാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള നാടന്‍ പാട്ട് – ഓടക്കുഴല്‍ കലാകാരനും മജീഷ്യനുമായ ബാലചന്ദ്രന്‍ കൊട്ടോടി (കാസര്‍കോഡ്) സമാപന പരിപാടിക്ക് അതിഥിയായി എത്തും. പ്രമുഖ കവി പി കെ ഗോപി സമാപന പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ദര്‍ശനം സെക്രട്ടറി ടി കെ സുനില്‍ കുമാറും സംഘാടക സമിതി ജനറല്‍ കണ്‍വീനറും കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടറുമായ കൊല്ലറയ്ക്കല്‍ സതീശനും അറിയിച്ചു.
പൂമ്പാറ്റ പൂങ്കാവനം ഒരുക്കി കുട്ടികള്‍