കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെസി ശോഭിത. തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ഏറെയുണ്ടെന്നും ഇക്കാര്യത്തിലൊന്നും കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ലെന്നും പണം വാങ്ങിയാണ് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും കെസി ശോഭിത പറഞ്ഞു.കെട്ടിടം ഉടമ എന്ന നിലയില്‍ ചെയ്യേണ്ട ഒരു കാര്യങ്ങളും കോര്‍പ്പറേഷന്‍ ചെയ്തിട്ടില്ല. ലിഫ്റ്റ് ഉള്‍പ്പെടെ ബഹുനില കെട്ടിടങ്ങളില്‍ ഉണ്ടാകേണ്ട സൗകര്യങ്ങളൊന്നും ഈ കെട്ടിടത്തില്‍ ഇല്ല. യാതൊരു സുരക്ഷാ സംവിധാനവും കെട്ടിടത്തിലില്ല. മാത്രമല്ല അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നഗരത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് ഇല്ലാത്തത് വലിയ പ്രതിസന്ധിയാണെന്നും കെസി ശോഭിത ആരോപിച്ചു.
കോഴിക്കോട് നഗരത്തില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തിന് കാരണം കോര്‍പറേഷന്‍ പണം വാങ്ങി അനധികൃത കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതാണെന്ന്ആരോപിച്ച് ടി.സിദ്ദീഖ് എം.എല്‍.എയും രംഗത്തെത്തി. കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ് ഫയര്‍ഫോഴ്‌സ് ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ നല്‍കിയില്ല. ഫയര്‍ ഓഡിറ്റ് നടത്തുന്നതിലും വലിയ വീഴ്ച ഉണ്ടായതാണ് തീപിടിത്തത്തിന്റെവ്യാപ്തി കൂട്ടിയതെന്ന് ടി.സിദ്ദീഖ് ആരോപിച്ചു. വളരുന്ന കോഴിക്കോടിനെ തീപ്പിടുത്ത നഗരമാക്കി മാറ്റിയത് സര്‍ക്കാറും കോര്‍പറേഷനുമാണ്. ആരാണ് തീപിടുത്തമുണ്ടായ കെട്ടിടത്തിന് മുകള്‍ ഭാഗം കെട്ടിയടക്കാന്‍ അനുമതി നല്‍കിയത്?. ഇവിടെ പണത്തിന് മുകളില്‍ പരുന്തും പറക്കില്ല എന്ന അവസ്ഥയാണെന്നും ടി സിദ്ദീഖ് ആരോപിച്ചു.
എന്നാല്‍ പുതിയ ബസ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. കത്തിയ വ്യാപാര സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാര്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കവും പൊലീസ് പരിശോധിക്കുന്നുണ്ട്. തീപിടിത്തമുണ്ടായ സ്ഥലത്ത് ഇന്ന് രാവിലെ ജില്ല കളക്ടറടക്കമുള്ളവരെത്തി പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഫയര്‍ഫോഴ്‌സിന്റെ പരിശോധനയും നടക്കും.
ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഏത് ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടെങ്കിലും നടപടി സ്വീകരിക്കും. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബസ്റ്റാന്‍ഡ് കെട്ടിടത്തിലെ തീ പിടുത്തത്തില്‍ വലിയ നഷ്ടമാണ് കെട്ടിടത്തിലെ വ്യാപരികള്‍ക്ക് ഉണ്ടായത്. ഏറ്റവും താഴത്തെ നിലയില്‍ ഇരു ഭാഗത്തുമായി 40 ചെറുകിട വ്യാപാര സ്ഥാപങ്ങളുണ്ട്. ഇവിടേക്ക് തീപടര്‍ന്നില്ലെങ്കിലും കടകള്‍ തുറക്കാന്‍ അനുമതി ഇല്ല. ഇതോടെ ലോട്ടറി വില്‍പ്പനക്കാരടക്കമാണ് പ്രതിസന്ധിയിലായത്.
കോഴിക്കോട് തീപിടിത്തം; കെട്ടിടത്തിലെ അനധികൃത നിര്‍മ്മാണത്തില്‍
കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം